ബ്രസീലിൽ അണക്കെട്ട് തകർന്ന് 40 മരണം; 300 പേരെ കാണാതായി

brazil
SHARE

റിയോ ഡി ജനീറോ ∙ തെക്കു കിഴക്കൻ ബ്രസീലിലെ ബ്രുമാണ്ടിഞ്ഞോയിൽ, ഇരുമ്പയിര് ഖനിയോടു ചേർന്നുള്ള അണക്കെട്ട് തകർന്ന് 40 പേർ കൊല്ലപ്പെട്ടു. 300ലേറെപ്പേരെ കാണാതായി. 200ലേറെപ്പേരെ രക്ഷപ്പെടുത്തി. ബ്രസീലിലെ ഏറ്റവും വലിയ ഖനന കമ്പനിയായ ‘വെലി’യുടെ ഉടമസ്ഥതയിലുള്ള ബ്രുമാണ്ടിഞ്ഞോ ഉരുക്കു ഖനിയിലെ അണക്കെട്ട് വെളളിയാഴ്ചയാണു തകർന്നത്. പുറത്തേക്കു കുതിച്ചൊഴുകിയ ചെളിയിലും അവശിഷ്ടങ്ങളിലും എട്ടു കിലോമീറ്റർ വ്യാപ്തിയിൽ സമീപത്തെ കൃഷിയിടങ്ങളും വീടുകളും മുങ്ങി. ചിലയിടങ്ങളിൽ 10 മീറ്ററോളം ഉയരത്തിലാണു ചെളി മൂടിയത്. 

തകർന്ന ഡാമിനു 42 വർഷത്തെ പഴക്കമാണുള്ളത്. 282 അടി ഉയരമുള്ള അണക്കെട്ടിൽ പ്രധാനമായും ഖനിയിൽനിന്നു പുറത്തേക്കു തള്ളുന്ന ചെളിയും അവിശിഷ്ടങ്ങളുമാണ് തടഞ്ഞുനിർത്തിയിരുന്നത്. അണക്കെട്ട് തകർന്നൊഴുകിയ ചെളിവെള്ളം സമീപത്തെ അണക്കെട്ടിനും അപകടഭീഷണി ഉയർത്തിക്കഴി‍ഞ്ഞു. ഈ അണക്കെട്ടും കവിഞ്ഞ് ചെളിയൊഴുകുകയാണ്. ഇതും തകർന്നേക്കാമെന്ന സൂചനയെത്തുടർന്നു നാട്ടുകാരായ 39,000 പേരെ ഒഴിപ്പിച്ചുതുടങ്ങി.

ദുരന്തമേഖലയിൽ ഹെലികോപ്റ്റററിൽ സന്ദർശനം നടത്തിയ ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കു നിർദേശം നൽകി. സൈന്യം അടക്കം രംഗത്തുണ്ട്. ചെളിയിൽ മൂടിയ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുവേണ്ട സജ്ജീകരണങ്ങളുമായി ഇസ്രയേലിൽനിന്നുള്ള രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. 

കവിഞ്ഞൊഴുകുന്ന പരിസ്ഥിതി ആഘാതം 

ഇരുമ്പയിര് ഖനികളോടെ ചേർന്നുള്ള അണക്കെട്ടുകൾ തകരുമ്പോൾ വൻ പരിസ്ഥിതി ആഘാതം പതിവാണ്. ഇരുമ്പയിര് വേർതിരിച്ചശേഷം ഉണ്ടാവുന്ന ഉപോൽപ്പന്നങ്ങളും ചെളിവെള്ളവുമാണ് അണക്കെട്ടുകളിൽ ഉണ്ടാവുക. ബ്രസീലിലെ മരിയാനയിൽ 2015 നവംബറിൽ ബെന്റോ ഹോഡ്രിഗ്സ് ഡാം തകർന്നു 19 പേരാണ് മരിച്ചത്. 60 ദശലക്ഷം ക്യുബിക്ക് മീറ്റർ ഇരുമ്പയിര് സമീപത്തെ നദിയിലേക്ക് ഒലിച്ചെത്തി വൻപരിസ്ഥിതി ആഘാതമാണുണ്ടാക്കിയത്. രണ്ടു ഗ്രാമങ്ങൾ പൂർണമായും നശിച്ചു. 200 വീടുകൾ തകർന്നു. 17 ദിവസം കഴിഞ്ഞു വിഷാംശ മാലിന്യം അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA