ADVERTISEMENT

ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാൻ സൈന്യം രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഇടപെടുന്നത് വിലക്കിയ സുപ്രീം കോടതി, ഐഎസ്ഐ പോലുള്ള രഹസ്യാന്വേഷണ ഏജൻസികളോട് നിയമാനുസൃതം മാത്രം പ്രവർത്തിക്കാൻ ആവശ്യപ്പെട്ടു. വിദ്വേഷം, തീവ്രവാദം, ഭീകരവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ജസ്റ്റിസുമാരായ ഖാസി ഫായിസ്, മുഷീർ ആലം എന്നിവരുടെ ബെഞ്ച് ഉത്തരവു നൽകി. തീവ്രവാദി സംഘടനയായ തെഹ്‍രികെ ലബ്ബിക് പാക്കിസ്ഥാൻ (ടിഎൽപി) 2017 ൽ ഫൈസാബാദിൽ നടത്തിയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഈ ചരിത്രവിധി.

ഐഎസ്ഐ ഉൾപ്പെടെ എല്ലാ സർക്കാർ ഏജൻസികളും വകുപ്പുകളും നിയമം അനുശാസിക്കും വിധമല്ലാതെ പ്രവർത്തിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. സൈന്യത്തിലെ ഒരാൾ പോലും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ല. ഏതെങ്കിലും സൈനികൻ പ്രതിജ്ഞയ്ക്കു വിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ പാക്കിസ്ഥാൻ സർക്കാർ പ്രതിരോധ മന്ത്രാലയത്തിലൂടെ നടപടി സ്വീകരിക്കണം. മറ്റുള്ളവരെ ദ്രോഹിക്കാൻ മതസംഘടനകളും നേതാക്കളും ഫത്‍വ പുറപ്പെടുവിക്കുന്നതും കോടതി തടഞ്ഞു. ഇത്തരക്കാരെ പാക്കിസ്ഥാൻ ശിക്ഷാ നിയമം, 1997ലെ ഭീകരവിരുദ്ധ നിയമം, 2016 ലെ ഇലക്ട്രോണിക് കുറ്റകൃത്യം തടയൽ നിയമം തുടങ്ങിയവ അനുസരിച്ച് ശിക്ഷിക്കണമെന്നും ഉത്തരവിട്ടു.

നിയമത്തിന്റെ പരിധിയിൽ നിന്ന് ആർക്കും സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ട്. എന്നാൽ, മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിച്ച് റോഡ് തടയുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഗീലാനിയുടെ വിദേശയാത്ര തടഞ്ഞു

ലഹോർ ∙ പാക്കിസ്ഥാനിൽ അഴിമതിക്കേസിൽ പ്രതിയായ മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയെ അലാമ ഇഖ്ബാൽ രാജ്യാന്തര വിമാനത്താവളത്തിൽ തടഞ്ഞു. ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ ദക്ഷിണ കൊറിയയിലേക്ക് പോകാനെത്തിയതായിരുന്നു മുൻ പ്രധാനമന്ത്രി. വിദേശ യാത്രാ വിലക്കുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ വിവരം അറിയിച്ചിട്ടില്ലെന്നും കോടതിയിൽ ഹാജരാകാറുണ്ടെന്നും ഗീലാനി പറഞ്ഞു. പ്രധാനമന്തി ഇമ്രാൻ ഖാന്റെ പകപോക്കലാണിതെന്നും പിപിപിയുടെ മുതിർന്ന നേതാവായ അദ്ദേഹം ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com