sections
MORE

മാർപാപ്പയുടെ കുർബാന; തിങ്ങിനിറഞ്ഞ് സായിദ് സ്റ്റേഡിയം

Pope Francis UAE visit
വിശ്വാസ സാഗരം: അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന കുർബാനയ്ക്കെത്തിയ വിശ്വാസികൾക്കിടയിലേക്ക് ഫ്രാൻസിസ് മാർപാപ്പ പാപ്പാ മൊബീലിൽ എത്തുന്നു.
SHARE

അബുദാബി ∙  ഫ്രാൻസിസ് മാർപാപ്പയെ കാണാനും അദ്ദേഹം മുഖ്യകാർമികത്വം വഹിക്കുന്ന കുർബാനയിൽ പങ്കെടുക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് 1.80 ലക്ഷം വിശ്വാസികൾ. തിരക്കുണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി പലരും സ്റ്റേഡിയത്തിൽ കാത്തിരുന്നതു 12 മണിക്കൂറിലേറെ. ഇരട്ടിയിലേറെപ്പേർ കുർബാനയ്ക്കു സാക്ഷ്യം വഹിച്ചതു സ്റ്റേഡിയത്തിനു പുറത്തൊരുക്കിയ കൂറ്റൻ സ്ക്രീനിൽ.

മാർപാപ്പ വേദിയിലേക്ക് എത്തിയതോടെ പേപ്പൽ പതാക വീശി ജനക്കൂട്ടം ഹർഷാരവം മുഴക്കി. വിശ്വാസികൾക്കിടയിലൂടെ കൈവീശി കടന്നുപോയ അദ്ദേഹത്തെ അടുത്തു കാണാനും തൊടാനും പലരും തിക്കിത്തിരക്കി. രക്ഷിതാക്കൾ എടുത്തുയർത്തിയ കുഞ്ഞുങ്ങളെ മാർപാപ്പ അനുഗ്രഹിച്ചു. ഇതിനിടെ, താൻ വരച്ച ചിത്രം സമ്മാനിക്കാൻ ബാരിക്കേഡുകൾ മറികടന്നു കൊച്ചുപെൺകുട്ടി ഓടിയെത്തി. സുരക്ഷാ ഭടന്മാർ അവളെ തടഞ്ഞെങ്കിലും പാപ്പാ മൊബീൽ നിർത്തി ചിത്രം വാങ്ങിയ മാർപാപ്പ, കൊച്ചു മിടുക്കിയെ അനുഗ്രഹിച്ചു. ഓടിയെത്തിയ മറ്റൊരു പെൺകുട്ടിയെയും വാത്സല്യപൂർവം തലോടി.

Pope Francis UAE visit
സായിദ് സ്പോർട്സ് സിറ്റിയിൽ മലയാളികളടക്കമുള്ള സംഘത്തിലെ കുട്ടികൾക്കൊപ്പം മാർപാപ്പ

യുഎഇയോടുള്ള ആദരസൂചകമായി കുർബാനയിലെ ആദ്യ വായന അറബിക്കിലായിരുന്നു. ഇംഗ്ലിഷിൽ കുർബാന അർപ്പിച്ച മാർപാപ്പ, ഇറ്റാലിയനിലാണു പ്രസംഗിച്ചത്. വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായത്തിലെ ഗിരിപ്രഭാഷണമാണു വായിച്ചത്. അത് അധികരിച്ചായിരുന്നു പ്രസംഗവും.

Pope Francis UAE visit
സ്നേഹമുത്തം: സായിദ് സ്പോർട്സ് സിറ്റിയിൽ മലയാളി കുടുംബത്തോടൊപ്പമെത്തിയ കുട്ടിയെ ചുംബിക്കുന്ന ഫ്രാൻസിസ് മാർപാപ്പ.

മാർപാപ്പ തലോടി, കണ്ണീരിനിടയിൽ സ്റ്റീവ് ചിരിച്ചു

അബുദാബി ∙ സെറിബ്രൽ പാൾസി ബാധിച്ച സ്റ്റീവ് ബൈജു ഫ്രാൻസിസ് മാർപാപ്പയെ കാണാനെത്തിയത് വീൽചെയറിൽ. തനിക്കു മുന്നിൽ കണ്ണീർവാർത്ത ആ 10 വയസ്സുകാരനെ മാർപാപ്പ തലോടി ആശ്വസിപ്പിച്ചു. പത്തനംതിട്ട സ്വദേശി ബൈജുവിന്റെയും ലിനുവിന്റെയും മകൻ സ്റ്റീവ്, കാഞ്ഞിരപ്പള്ളി സ്വദേശി ആന്റണി ജോസഫിന്റെയും ഏറ്റുമാനൂർ സ്വദേശി ഡെയ്സിയുടെയും മകൻ റയാൻ എന്നിവരുൾപ്പെടെ ഒട്ടേറെ രോഗികളാണ് അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ മാർപാപ്പയെ കാണാനെത്തിയത്. എല്ലാവർക്കുമായി പ്രാർഥിച്ച അദ്ദേഹം ജപമാലകൾ സമ്മാനിക്കുകയും ചെയ്തു. പ്രത്യേകം ക്ഷണിക്കപ്പെട്ട 300 പേർക്കു പുറമെ 300 അൾത്താര ശുശ്രൂഷകരും ആഗോള കത്തോലിക്കാ സഭാധ്യക്ഷന്റെ അനുഗ്രഹം ഏറ്റുവാങ്ങി.

സഹകാർമികർ 200; മലയാളി വൈദികരും

അബുദാബി ∙ മാർപാപ്പ കുർബാനയർപ്പിച്ചപ്പോൾ സഹകാർമികരായത് കത്തോലിക്കാ സഭകളിൽ നിന്നുള്ള പാത്രിയർക്കീസുമാരും ബിഷപ്പുമാരും ഉൾപ്പെടെ 200 സഹകാർമികർ. കേരളത്തിൽ നിന്ന് സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, മലങ്കര കത്തോലിക്കാ സഭ ഗൾഫ് കോ ഓർഡിനേറ്റർ ഫാ.മാത്യു കണ്ടത്തിൽ, ഫാ. ജോബി കരിക്കംപള്ളി, ഫാ. ജോൺസൺ തുടങ്ങിയവർ സഹകാർമികരായി. 120 പേരടങ്ങളുന്ന ഗായകസംഘത്തിലും മലയാളികളുണ്ടായിരുന്നു. 

അഞ്ജുവിന്റെ മലയാളം പ്രാർഥന

മാർപാപ്പയുടെ ബലിയർപ്പണ വേദിയിൽ മലയാളത്തിൽ മധ്യസ്ഥ പ്രാർഥന ചൊല്ലിയതു കോട്ടയം സ്വദേശി അഞ്ജു തോമസ്. അബുദാബി യൂണിവേഴ്സിറ്റിയിൽ ഇന്റീരിയർ ഡിസൈൻ എൻജിനീയറിങ് വിദ്യാർഥിനിയാണ്. അഞ്ചു ഭാഷകളിൽ നടന്ന പ്രാർഥനയിൽ മലയാളം ഉൾപ്പെടുത്തിയത് കേരളത്തിന് അഭിമാനമായി. അബുദാബിയിൽ വ്യവസായി ആയ കോട്ടയം ഇരവുചിറ മരിയ സദനത്തിൽ തോമസ് കുട്ടിയുടെയും മേരിക്കുട്ടിയുടെയും മകളാണ് അഞ്ജു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA