ADVERTISEMENT

ന്യൂയോർക്ക് ∙ പാക്ക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്‌ഹറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം തടഞ്ഞ ചൈനയ്ക്കെതിരെ ലോകരാജ്യങ്ങൾ. ചൈന ഈ നിലപാട് തുടരുകയാണെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) രക്ഷാസമിതി അംഗങ്ങൾ നിർബന്ധിതരാകുമെന്ന് നയതന്ത്ര പ്രതിനിധികൾ മുന്നറിയിപ്പു നൽകി.

ഭീകരവാദികളെ സംരക്ഷിക്കാൻ പാക്കിസ്ഥാ‍ൻ ചൈനയുടെ സഹായം തേടുകയാണെന്നും ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ നിന്നു രക്ഷാസമിതിയെ തടയുകയാണ് ചൈന ചെയ്യുന്നതെന്നും നയതന്ത്ര പ്രതിനിധികൾ ആരോപിച്ചു. മേഖലയിൽ സ്ഥിരതയും സമാധാനവും ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾക്കെതിരാണു ചൈനയുടെ നടപടിയെന്ന് യുഎസും ആരോപിച്ചു. ചൈനയുമായി വ്യാപാര ഇടപാടുകൾ നടത്തുന്നതിൽ നിന്ന് ഇന്ത്യൻ വ്യവസായികൾ പിൻമാറണമെന്ന് ‘ദി അമേരിക്കൻ ഇന്ത്യ പബ്ലിക് അഫയേഴ്സ് കമ്മിറ്റി’ ആവശ്യപ്പെട്ടു.

അസ്ഹറിനെതിരെ രക്ഷാ സമിതിയിൽ യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയമാണ് അവസാന മണിക്കൂറിൽ ചൈന വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞത്. എതിർപ്പ് അറിയിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് ഒരു മണിക്കൂർ മുൻപായിരുന്നു ഇത്. നാലാം തവണയാണു ചൈന ഭീകരനെതിരെയുള്ള നീക്കം തടയുന്നത്. ചൈനയുടെ നടപടിയിൽ നിരാശയുണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇതേ സമയം, പ്രശ്നത്തിന് ശാശ്വതവും എല്ലാവർക്കും സ്വീകാര്യവുമായ പരിഹാരം കണ്ടെത്താൻ നടപടി സഹായിക്കുമെന്ന് ചൈന ന്യായീകരിച്ചു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുമായി ചർച്ച നടത്തി. ഭീകര സംഘടനകൾക്കും നേതാക്കൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ പാക്കിസ്ഥാൻ തയ്യാറാവണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com