ADVERTISEMENT

വെല്ലിങ്ടൻ ∙ ക്രൈസ്റ്റ്ചർച്ചിലെ രണ്ടു മസ്ജിദുകളിൽ വെടിവയ്പ് നടത്തുന്നതിനു 9 മിനിറ്റ് മുൻപ് ബ്രന്റൻ ടറാന്റ് സ്വന്തം തീവ്രനിലപാടുകൾ വിശദീകരിച്ചുള്ള നയരേഖ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ ഉൾപ്പെടെ 30 പേർക്ക് ഇ മെയിൽ ചെയ്തതായി വെളിപ്പെടുത്തൽ. 74 പേജുള്ള രേഖയിൽ എവിടെയാകും ആക്രമണം നടത്തുകയെന്ന സൂചനയുണ്ടായിരുന്നില്ല.

ഓസ്ട്രേലിയക്കാരനായ അക്രമിയുടെ സന്ദേശം തനിക്ക് ലഭിച്ച കാര്യം പ്രധാനമന്ത്രി ആർഡേൻ തന്നെയാണു വെളിപ്പെടുത്തിയത്. ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെങ്കിലും സന്ദേശം ലഭിച്ച് 2 മിനിറ്റിനുള്ളിൽ പൊലീസിനു ജാഗ്രതാ മുന്നറിയിപ്പു നൽകി, സുരക്ഷാ നടപടികൾക്കും നിർദേശം നൽകി. ഏതാണ്ട് അപ്പോഴേക്കും ക്രൈസ്റ്റ് ചർച്ചിലെ മസ്ജിദിൽ വെടിവയ്പു നടക്കുന്നെന്ന വിവരവുമായി ഫോൺ വിളികളെത്തി. 36 മിനിറ്റുള്ളിൽ ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. – പ്രധാനമന്ത്രി പറഞ്ഞു. 

വെടിവയ്പ് നടത്തിയത് ഒറ്റയ്ക്ക് 

ക്രൈസ്റ്റ്ചർച്ച് ∙ കസ്റ്റഡിയിലെടുത്ത മറ്റുള്ളവർക്ക് ആക്രമണവുമായി ബന്ധമില്ലെന്നും ബ്രന്റൻ ടറാന്റ് ഒറ്റയ്ക്കാണു വെടിവയ്പ് നടത്തിയതെന്നും ക്രൈസ്റ്റ് ചർച്ച് പൊലീസ് കമ്മിഷണർ മൈക്ക് ബുഷ്. കസ്റ്റഡിയിലെടുത്ത സ്ത്രീയെ വിട്ടയച്ചു. ക്രിപ്റ്റോ കറൻസി ഇടപാടിലൂടെയാണ് ടറാന്റ് യൂറോപ്പ് യാത്രകൾക്കു പണം കണ്ടെത്തിയതെന്നു റിപ്പോർട്ടുകളുണ്ട്.

അതിനിടെ, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറുന്ന നടപടികൾ തുടങ്ങി. ബുധനാഴ്ചയോടെ പൂർത്തിയാക്കാനാണു ശ്രമമെന്നു പ്രധാനമന്ത്രി ജസിൻഡ ആർഡേൻ പറഞ്ഞു. വെടിവയ്പിൽ പരുക്കേറ്റവരെക്കൊണ്ടു നിറഞ്ഞ്, ശസ്ത്രക്രിയകൾ നീട്ടിവയ്ക്കേണ്ട സ്ഥിതിയിലാണു ക്രൈസ്റ്റ്ചർച്ച് ആശുപത്രി. അത്യാഹിതങ്ങൾ പതിവാണെങ്കിലും ഗുരുതരാവസ്ഥയിലുള്ള 50 പേരെ ഒരുമിച്ചു കൈകാര്യം ചെയ്യേണ്ട സാഹചര്യം ഡോക്ടർമാരെ വലച്ചു. ന്യൂസീലൻഡിലെ തദ്ദേശീയ മവൊരി വിഭാഗത്തിൽപ്പെട്ടവരും അൽ നൂർ മസ്ജിദ് പരിസരത്തെ അനുശോചനത്തിൽ പങ്കു ചേർന്നു. 

ഭീകരനെ തടയാൻ മുഖത്തേക്കെറിഞ്ഞ‍ത് ക്രെഡിറ്റ് കാർഡ് മെഷീൻ 

വെടിവയ്പ് നടന്ന രണ്ടാമത്തെ സ്ഥലമായ ലിൻവുഡിലെ മസ്ജിദിൽ ഭീകരൻ തിരിഞ്ഞോടിയത് അബ്ദുൽ അസീസ് (48) എന്നയാളുടെ ഇടപെടൽ മൂലം. വെടിയൊച്ച കേട്ട് മസ്ജിദിനു പുറത്തേക്ക് ഓടിവന്ന അസീസ് കയ്യിൽക്കിട്ടിയ ക്രെഡിറ്റ് കാർഡ് മെഷീൻ അക്രമിയുടെ മുഖത്തേക്കു വലിച്ചെറിയുകയായിരുന്നു. മറ്റൊരു തോക്ക് എടുക്കാനായി അക്രമി വാഹനത്തിലേക്കു തിരിച്ചുപോകുന്ന സമയമായിരുന്നു അത്. അസീസ് പിന്നാലെ ഓടി. അക്രമി വഴിയിൽ ഉപേക്ഷിച്ച ആദ്യത്തെ തോക്ക് അസീസ് ഞൊടിയിടയിൽ കൈക്കലാക്കി ഭീകരന്റെ പിന്നാലെ ചെന്നു. വാഹനത്തിന്റെ ഗ്ലാസ് തകർത്ത് അക്രമിക്കു നേരെ തിരകൾ ബാക്കിയില്ലാത്ത തോക്കു ചൂണ്ടി. അതോടെ ദേഷ്യപ്പെട്ട ഭീകരൻ അസഭ്യം പറഞ്ഞുകൊണ്ട് വാഹനത്തിൽ കയറി പായുകയായിരുന്നു. തൊട്ടുപിന്നാലെ പൊലീസ് വന്നു പിടികൂടുകയുംചെയ്തു.

ഫെയ്സ്ബുക് നീക്കിയത് 15 ലക്ഷം വിഡിയോ 

ന്യൂസീലൻഡിലെ മസ്ജിദ് വെടിവയ്പിന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യുന്ന നടപടികളുമായി ഫെയ്സ്ബുക്. ഭീകരൻ ബ്രന്റൻ ടറാന്റ് ലൈവ് ആയി കാണിച്ച ദൃശ്യങ്ങൾ പലരും പങ്കിട്ട് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകൾക്കു ലഭിച്ചിരുന്നു. ഇത്തരം 15 ലക്ഷം വിഡിയോകൾ ആദ്യ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്തെന്ന് ഫെയ്സ്ബുക് അറിയിച്ചു. 

അതിക്രൂരമായ കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട എല്ലാ വിഡിയോകളും നീക്കം ചെയ്യും.

സാഹസിക വിനോദങ്ങൾ പകർത്തുന്ന ആപ് ഉപയോഗിച്ചാണ് ഭീകരൻ വെടിവയ്പ് തൽസമയം ഫെയ്സ്ബുക്കിലെത്തിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ, ‘ലൈവ് സ്ട്രീമിങ്’ സംവിധാനത്തിന്റെ ഭാവിയെക്കുറിച്ച് ഫെയ്സ്ബുക് അധികൃതരുമായി ചർച്ച നടത്തുമെന്നു ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com