ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടൽ സംബന്ധിച്ച തന്റെ അന്വേഷണം തടസ്സപ്പെടുത്താൻ ഡോണൾഡ് ട്രംപ് നിരന്തരം ശ്രമിച്ചതായി സ്പെഷൽ കോൺസൽ റോബർട്ട് മുള്ളറുടെ റിപ്പോർട്ട്. പ്രസിഡന്റ് പദവിയിലിരുന്ന് ട്രംപ് നീതിനിർവഹണം തടസ്സപ്പെടുത്തിയോ എന്ന ഗൗരവമേറിയ ചർച്ചയ്ക്കും ഇതുവഴിതുറന്നു.

റഷ്യൻ ഭരണകൂടവും തിരഞ്ഞെടുപ്പു കാലത്തെ ട്രംപിന്റെ പ്രചാരണവിഭാഗവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഒട്ടേറെ വിവരങ്ങൾ ഉൾപ്പെടുന്നതാണു റിപ്പോർട്ട്. ട്രംപിനെതിരെ നേരിട്ട് ആരോപണം ഉന്നയിക്കുന്നില്ലെങ്കിലും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നില്ല. പ്രസിഡന്റ് നിയമലംഘനം നടത്തിയോ എന്നു പരിശോധിക്കാനുള്ള അധികാരം പാർലമെന്റിനാണെന്നും എഫ്‌ബിഐ മുൻ ഡയറക്ടർ കൂടിയായ മുള്ളർ പറയുന്നു. 2020 ലെ തിരഞ്ഞെടുപ്പിൽ വീണ്ടും മൽസരിക്കാൻ ട്രംപ് ഒരുങ്ങുന്നതിനിടെയാണു 448 പേജ് റിപ്പോർട്ട് വ്യാഴാഴ്ച പുറത്തുവന്നത്.

പാർലമെന്റ് തല അന്വേഷണം വേണ്ട ഗുരുതര വീഴ്ചകളാണു ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന ആരോപണവുമായി പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ രംഗത്തെത്തി. എന്നാൽ കുറ്റവിചാരണയ്ക്കു നീക്കം ആരംഭിച്ചിട്ടില്ല. റഷ്യൻ ഭരണകൂടം ചോർത്തിയ വിവരങ്ങൾ (ഡെമോക്രാറ്റ് സ്ഥാനാർഥി ഹിലറി ക്ലിന്റന്റെ ഇ മെയിലുകൾ) പരസ്യപ്പെടുത്തുന്നതു തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നു ട്രംപിന്റെ സംഘം പ്രതീക്ഷിച്ചതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, റഷ്യൻ ഭരണകൂടവുമായി ചേർന്നു കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നു തെളിയിക്കാൻ ഈ തെളിവുകൾ പോരെന്ന വിലയിരുത്തലുമുണ്ട്. ഇതു ട്രംപ് പക്ഷത്തിന് ആശ്വാസകരമാണെങ്കിലും മുള്ളറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾക്കാണു ഡെമോക്രാറ്റുകളുടെ നീക്കം.

2017 ജനുവരിയിലാണു യുഎസ് നിയമകാര്യ വകുപ്പ് റഷ്യൻ ഇടപെടൽ അന്വേഷിക്കാൻ തീരുമാനിച്ചത്. ‘നാശം! എന്റെ കസേര തെറിക്കും!’ എന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. അന്വേഷണം തടസ്സപ്പെടാതിരുന്നത് വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും മറ്റും ഉറച്ച നിലപാട് മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com