ADVERTISEMENT

എൽടിടിഇ ഏറ്റവും ശക്തമായിരുന്ന കാലത്തുപോലും കൊളംബോ ഇതുപോലെ നടുങ്ങിവിറച്ചിട്ടില്ല. ഉള്ളുലഞ്ഞു നിൽക്കുകയാണു ശ്രീലങ്ക. കർഫ്യു പ്രഖ്യാപിച്ചതിനാൽ ഇന്നലെ ഉച്ചയോടെ കടകളെല്ലാം അടച്ചു. നിരത്തിൽ വാഹനങ്ങൾ കുറവാണ്. കൊളംബോയുടെ അഭിമാനകേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. ലക്ഷ്യം രാജ്യത്തിന്റെ പേരു കളയുക എന്നതുതന്നെ. സ്ഫോടനം നടന്ന ഷാങ്ഗ്രില, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ പ്രമുഖ ഹോട്ടലുകളുടെയെല്ലാം വിലാസം കൊളംബോ–1 എന്നതാണ്. അതായത് ഹാൾ റോഡിന്റെ തുടക്കം. 

പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയായ ടെംപിൾ ട്രീസ് ഈ പാതയിലാണ്. സിനമൺ ഹോട്ടലിൽനിന്ന് വെറും 500 മീറ്റർ അകലെയാണ് ഇന്ത്യൻ ഹൈക്കമ്മിഷൻ. ശ്രീലങ്കയിൽ സമീപകാലത്തു ചൈന നടത്തിയ ഏറ്റവും വലിയ നിക്ഷേപമാണ് ഷാങ്ഗ്രില ഹോട്ടൽ. ഇതിനോടു ചേർന്നാണു ചൈനയുടെ 600 ഏക്കർ തുറമുഖനഗരം വരുന്നത്.

നമ്മുടെ വിഷു പോലെ തമിഴ് പുതുവത്സരാഘോഷം നടന്നുവരികയായിരുന്നു. ഒപ്പം ഈസ്റ്ററും. ഈ ആഘോഷങ്ങളുടെ ആരവങ്ങൾക്കിടെയാണു സ്ഫോടന പരമ്പര.

സ്ഫോടനം നടന്ന രണ്ടു ദേവാലയങ്ങളും മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും കൊളംബോ നഗരമധ്യത്തിലാണ്. സ്ഫോടനമുണ്ടായ മറ്റൊരു കേന്ദ്രമായ ബട്ടിക്കലോവ ഇവാഞ്ചലിക്കൽ ചർച്ച് ഇവിടെനിന്ന് 200 കിലോമീറ്റർ അകലെ കിഴക്കൻ തീരത്തും. 

(കൊളംബോയിൽ താമസക്കാരനായ മലയാളി വ്യവസായിയാണു ലേഖകൻ) 

കൊച്ചിക്കാടെ, ആദ്യകാല മലയാളി കുടിയേറ്റകേന്ദ്രം 

കൊച്ചി കലൂരിലെ സെന്റ് ആന്റണീസ് നൊവേന പള്ളി പോലെയാണ് ഇവിടുത്തുകാർക്ക് കൊച്ചിക്കാടെയിലെ സെന്റ് ആന്റണീസ് പള്ളി. സാധാരണ ദിവസങ്ങളിൽ പോലും സദാസമയവും തിരക്കാണ്. കേരളത്തിൽനിന്നു മലയാളികൾ ആദ്യം കുടിയേറിയ സ്ഥലങ്ങളിൽ ഒന്നായതുകൊണ്ടാണ് ഇതിനെ കൊച്ചിക്കാടെ എന്നു വിളിക്കുന്നത്. സമീപത്തെ ശിവ ക്ഷേത്രത്തിൽ തൊഴുതു നേരെ പള്ളിയിലേക്കു പോകുന്നത് ഇവിടത്തെ സാധാരണ കാഴ്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com