ADVERTISEMENT

ന്യൂയോർക്ക് ∙ ലോകപ്രശസ്ത വാസ്തുശിൽപി ഐ.എം. പെയ്, 102–ാം വയസ്സിൽ അരങ്ങൊഴിഞ്ഞു. പാരിസിലെ പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിന്റെ മുറ്റത്ത് സ്ഥിതിചെയ്യുന്ന ചില്ലു പിരമിഡ്, ദോഹയിലെ ഇസ്‌ലാമിക് മ്യൂസിയം ഓഫ് ആർട് എന്നിവ ഉൾപ്പെടെ ലോകനഗരങ്ങളുടെ കെട്ടിടക്കാഴ്ചകൾക്ക് പുതിയ മാനം നൽകിയ ഒട്ടേറെ നിർമിതികൾ ആദ്യം രൂപംകൊണ്ടത് അദ്ദേഹത്തിന്റെ ഭാവനയിലാണ്.

ചൈനയിലെ അറിയപ്പെടുന്ന ബാങ്കുടമയുടെ മകനായി ഗ്വാൻഷുവിൽ 1917 ലാണു ജനനം. ആർക്കിടെക്ചർ പഠിക്കാൻ 1935 ൽ അമേരിക്കയ്ക്കു കപ്പൽ കയറുമ്പോൾ 18 വയസ്സ്. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഹാർവഡ് സർവകലാശാലയിലുമായി പഠനം. ഉച്ചരിക്കാൻ പ്രയാസമുള്ള ചൈനീസ് പേര് ഒന്നു ലഘൂകരിച്ച് ഐയൊ മിങ് പെയ് എന്നും അതു വീണ്ടും ചുരുക്കി ഐ.എം. പെയ് എന്നുമാക്കിയപ്പോൾ അമേരിക്കൻ സുഹൃത്തുക്കൾക്കു സൗകര്യമായെന്നു മാത്രമല്ല, അദ്ദേഹം അമേരിക്കക്കാരനുമായി. രണ്ടാം ലോകയുദ്ധകാലത്ത് യുഎസ് സർക്കാരിനു കീഴിൽ റിസർച് സയന്റിസ്റ്റായി ജോലി ചെയ്ത ശേഷമാണ് ആർക്കിടെക്ചർ രംഗത്തു ചുവടുറപ്പിച്ചത്. 

Museum-of-Islamic-arts
ദോഹയിലെ ഇസ്‌ലാമിക് മ്യൂസിയം ഓഫ് ആർട്.

ആർക്കിടെക്ചർ: പ്രായോഗിക കല

ആർക്കിടെക്ചർ എന്നാൽ കലയുടെ പ്രായോഗിക തലമാണെന്നു വിശ്വസിച്ചയാളാണു പെയ്. ജ്യാമിതീയ സൗന്ദര്യത്തിന്റെ കണിശതയും പരന്ന പ്രതലങ്ങളും ഇഷ്ടംപോലെ സൂര്യപ്രകാശം പരന്നൊഴുകുന്ന ഉള്ളിടങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടികളെ ഒരേസമയം സങ്കീർണവും ലളിതവുമാക്കി.

Louvre-pyramid
ലൂവ്ര് മ്യൂസിയത്തിനു മുന്നിലുള്ള പിരമിഡ്.

1964 ൽ ബോസ്റ്റനിലെ ജോൺ എഫ് കെന്നഡി ലൈബ്രറിക്കെട്ടിടം പണിതതോടെയാണു പെയ്‌യുടെ പേര് പ്രശസ്തിയിലേക്കുയർന്നത്. ക്ലീവ്‌ലൻഡിലെ റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിം, ഡാലസിലെ മെയേഴ്സൻ സിംഫണി സെന്റർ, ജപ്പാനിലെ മിഹൊ മ്യൂസിയം, സിംഗപ്പൂരിലെ ഗേറ്റ്‌വേ, ഹോങ്കോങ്ങിലെ ബാങ്ക് ഓഫ് ചൈന ടവർ എന്നിങ്ങനെ അനശ്വരസൃഷ്ടികൾ പല കാലങ്ങളിലായി പിറന്നു. ലൂവ്ര് മ്യൂസിയത്തിന്റെ നവീകരണത്തിന്റെ ഭാഗമായി 1989 ൽ പെയ് പണി പൂർത്തിയാക്കിയ ചില്ലു പിരമിഡ് ആദ്യം രൂക്ഷമായി വിമർശിക്കപ്പെട്ടതാണ്. ഇന്നിപ്പോൾ, പാരിസിന്റെ മുഖമുദ്രയും. 17ാം നൂറ്റാണ്ടിലെ ഫ്രഞ്ച് ഉദ്യാനാലങ്കാര മാതൃകകളുടെ സ്വാധീനം ഈ സങ്കീർണ നിർമിതിയിൽ കാണാം.

Bank-of-china-tower
ബാങ്ക് ഓഫ് ചൈന ടവർ.

ആർക്കിടെക്ചറിലെ നൊബേൽ പുരസ്കാരം എന്നറിയപ്പെടുന്ന പ്രിറ്റ്സ്കെർ പ്രൈസ് പെയ്ക്കു ലഭിച്ചത് 1983 ൽ. സൃഷ്ടികളിൽ പകുതിയിലേറെയും വിഖ്യാത വാസ്തുകലാ പുരസ്കാരങ്ങൾ നേടിയവയാണ്. ഭാര്യ എയ്‌ലിൻ ലൂവ് 2014ൽ മരിച്ചു. 4 മക്കൾ. ഇവരിൽ 2 പേർ പിതാവിനെപ്പോലെ വാസ്തുകല പഠിച്ചു. 

Miho-museum
ജപ്പാനിലെ മിഹൊ മ്യൂസിയം.

പ്രവാചകനെയറിഞ്ഞ്

ദോഹയിലെ ഇസ്‌ലാമിക് മ്യൂസിയം ഓഫ് ആർട് പണിയാനായി ഇസ്‌ലാമിക് ആർട്ടിനെക്കുറിച്ച് ഗവേഷണത്തിൽ മുഴുകിയത് 80 വയസ്സ് പിന്നിട്ട ശേഷമായിരുന്നു. മുഹമ്മദ് നബിയുടെ ജീവിതം ആഴത്തിൽ പഠിച്ചും ഈജിപ്തിലേക്കും തുനീസിയയിലേക്കും മാസങ്ങൾ നീണ്ട യാത്രകൾ നടത്തിയും അറിവു സമ്പാദിച്ച പെയ്, ഇസ്‌ലാമിക കലയുടെ മ്യൂസിയം ഒരുക്കിയപ്പോൾ അതൊരു ചരിത്രശിൽപമായി മാറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com