ADVERTISEMENT

തയ്പെയ് ∙ സ്വവർഗ വിവാഹം നിയമാനുസൃതമാക്കിയ ഏഷ്യയിലെ രാജ്യമായി തയ്‌വാൻ. വിവരമറിഞ്ഞതോടെ ആയിരക്കണക്കിന് സ്വവർഗസ്നേഹികൾ കനത്ത മഴയെ അവഗണിച്ച് പാർലമെന്റിനു പുറത്ത് ആഹ്ലാദപ്രകടനം നടത്തി. ഈ 24 ന് നിയമം പ്രാബല്യത്തിൽ വരും. സ്വവർഗസ്നേഹികൾ തമ്മിൽ പൂർണ അർഥത്തിലുള്ള വിവാഹബന്ധത്തിന് അനുമതി നൽകുന്നതു തടയാൻ യാഥാസ്ഥിതികർ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും 27 നെതിരെ 66 എംപിമാർ ബില്ലിനെ പിന്തുണച്ചതോടെ അതു വിഫലമായി.

തയ്‌വാൻ പൗരന്മാർ തമ്മിലോ സ്വവർഗവിവാഹം നിയമവിധേയമാക്കിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശപൗരന്മാരുമായോ ശാശ്വതമായ വിവാഹബന്ധം ഉറപ്പാക്കുന്നതാണ് നിയമം. ഇത്തരം വിവാഹം ഇനി റജിസ്റ്റർ ചെയ്യാനാവും. എന്നാൽ കുട്ടികളെ ദത്തെടുക്കണമെങ്കിൽ ഇവരിൽ ഒരാളുടെയെങ്കിലും ബന്ധത്തിലുള്ളവരെ മാത്രമെ പറ്റൂ. അതിനാൽ സ്ത്രീയും പുരുഷനും തമ്മിലുള്ള പരമ്പരാഗത വിവാഹവുമായി സ്വവർഗ വിവാഹത്തിന് നിയമപരമായ തുല്യത ഇപ്പോൾ ലഭ്യമായിട്ടില്ല.

സ്വവർഗ വിവാഹത്തിന് അനുമതി നൽകാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഈ 24 നകം ഇതിനാവശ്യമായ മാറ്റം വരുത്തണമെന്നും 2017 ൽ രാജ്യത്തെ പരമോന്നത കോടതി ഉത്തരവിട്ടിരുന്നു. പുതിയ നിയമം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് അടുത്ത ജനുവരിയിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രസിഡന്റ് ത്‌സായ് ഇങ്‌വെൻ. സ്വവർഗ വിവാഹത്തെ പിന്തുണച്ചാണ് 2016 ലെ തിരഞ്ഞെടുപ്പിൽ അവർ വിജയിച്ചത്. എന്നാൽ പിന്നീട് ജനഹിതപരിശോധനയിൽ ജനങ്ങൾ ഇതിനെ എതിർത്തു. 

സ്വവർഗ വിവാഹം എവിടെയെല്ലാം നിയമവിധേയം

26 യുഎൻ അംഗ രാജ്യങ്ങളിലാണ് ഇത് ഇപ്പോൾ നിയമവിധേയം. അർജന്റീന, ഓസ്ട്രേലിയ, ഓസ്ട്രിയ, ബൽജിയം, ബ്രസീൽ, ബ്രിട്ടൻ, കാനഡ, കൊളംബിയ, ഡെന്മാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഐസ്‌ലൻഡ്, അയർലൻഡ്, ലക്സംബർഗ്, മാൾട്ട, മെക്സിക്കോ, നെതർലൻഡ്സ്, ന്യൂസീലൻഡ്, നോർവേ, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, സ്വീഡൻ, യുറഗ്വായ്, യുഎസ് എന്നിവയാണ് അവ.

നെതർലൻഡ്സ് ആണ് ആദ്യമായി ഇത് അംഗീകരിച്ചത്, 2001ൽ. ഓസ്ട്രിയയാണ് അവസാനം വന്നത്. അവിടെ ഇക്കഴിഞ്ഞ ജനുവരിയിൽ ഇതു നടപ്പായി. വിയറ്റ്നാം നിയമസാധുത നൽകിയില്ലെങ്കിലും 2015 ൽ സ്വവർഗ വിവാഹച്ചടങ്ങുകൾ ക്രിമിനൽ കുറ്റമല്ലാതാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com