യുഎസ് കുടിയേറ്റ നയം പൊളിച്ചെഴുതുന്ന നിർദേശങ്ങളുമായി ട്രംപ്

Donald-Trump
SHARE

വാഷിങ്ടൻ ∙ മികച്ച വിദ്യാഭ്യാസ യോഗ്യതയും ഉയർന്ന തൊഴിൽ വൈദഗ്ധ്യവും അടിസ്ഥാനമാക്കിയുള്ള പുതിയ കുടിയേറ്റ നയവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിദേശികൾക്ക് യുഎസിൽ ജോലിയോടൊപ്പം സ്ഥിരതാമസം ഉറപ്പാക്കുന്ന നിലവിലെ ഗ്രീൻ കാർഡിനു പകരം ‘ബിൽഡ് അമേരിക്ക’ വീസ ഏർപ്പെടുത്തും. ഇവരുടെ പ്രായം, അറിവ്, തൊഴിൽ സാധ്യതകൾ, പൗരബോധം എന്നിവ വിലയിരുത്തി പോയിന്റ് നിശ്ചയിക്കും. ദേശീയ ഐക്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലിഷ് നൈപുണ്യം, പൗരബോധം എന്നിവയിൽ പരീക്ഷകളുമുണ്ടാകും. തൊഴിൽ വൈദഗ്ധ്യമുള്ളവർക്കുള്ള ക്വോട്ട 12 ൽ നിന്ന് 57% ആക്കി ഉയർത്തുമെന്നും വൈറ്റ്ഹൗസിലെ റോസ് ഗാർഡനിൽ കുടിയേറ്റ നിർദേശങ്ങൾ അവതരിപ്പിച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കി.

ലോകത്തെ ഏറ്റവും മികച്ചവരും വിദഗ്ധരുമായവരെ യുഎസിലേക്ക് ആകർഷിക്കാൻ നിലവിലെ ചട്ടങ്ങൾക്ക് കഴിയുന്നില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. പല കമ്പനികളും യുഎസ് വിട്ട് മറ്റു രാജ്യങ്ങളിലേക്ക് ഓഫിസ് മാറ്റുന്ന സ്ഥിതിയുണ്ട്. രാജ്യത്തു കുടുംബബന്ധങ്ങൾ ഉള്ളവർക്കാണു നിലവിലെ വീസ ചട്ടങ്ങളിൽ കൂടുതൽ പരിഗണന ലഭിക്കുന്നത്. നിലവിൽ 11 ലക്ഷം ഗ്രീൻ കാർഡ് ആണ് ഓരോ വർഷവും യുഎസ് അനുവദിക്കുന്നത്. പുതിയ ചട്ടങ്ങളുടെ കാര്യത്തിൽ കാനഡ പോലുള്ള രാജ്യങ്ങളാണ് മാതൃകയെന്നും ട്രംപ് പറഞ്ഞു.

നിലവിൽ യുഎസിൽ കുടിയേറിയവരിൽ 12 ശതമാനത്തിനാണ് തൊഴിൽ വൈദഗ്ധ്യത്തിന്റെ പേരിൽ ഇതിന് അവസരം ലഭിച്ചിട്ടുള്ളത്. ഈ ക്വോട്ട 57 ശതമാനമോ അതിലധികമോ ആയി ഉയർത്തും. പുതിയ നിർദേശങ്ങൾ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാരായ ആയിരക്കണക്കിന് എച്ച്1 ബി വീസക്കാർക്ക് പ്രയോജനം ചെയ്യുമെന്നാണു വിലയിരുത്തൽ. അതേസമയം, കുടിയേറ്റ നിയമങ്ങളിൽ ട്രംപ് നിർദേശിക്കുന്ന പരിഷ്കാരങ്ങൾക്ക് ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയുടെ അംഗീകാരം ഉടൻ ലഭിക്കില്ലെന്നാണു വിലയിരുത്തൽ. ഇക്കാര്യം പരാമർശിച്ച ട്രംപ്, അടുത്തവർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇത് ഒരു വിഷയമായി ഉയർത്തുമെന്ന സൂചനയും നൽകി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA