ഞാൻ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി; അവസാനത്തെയല്ല: തെരേസ മേ

theresa-may
രാജിപ്രഖ്യാപനത്തിനിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ വിതുമ്പിയപ്പോൾ.
SHARE

ലണ്ടൻ ∙ ‘ഞാൻ ബ്രിട്ടന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ്. പക്ഷേ, അവസാനത്തെയാളല്ലെന്നു തീർച്ച’: ഇത്രയും പറഞ്ഞതും കണ്ഠമിടറി. രാജ്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്തതിൽ ചാരിതാർഥ്യമുണ്ടെന്നു പറഞ്ഞവസാനിച്ച്, ഉപചാരവാക്കുകളില്ലാതെ പത്താം നമ്പർ വസതിക്കുള്ളിലേക്കു തിരിഞ്ഞു നടക്കുമ്പോൾ തെരേസ മേ പൊട്ടിക്കരയുകയായിരുന്നു. 2016ൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയായ മേ 2 വർഷവും 315 ദിവസവും പൂർത്തിയാക്കിയാണ് പദവിയൊഴിയുന്നത്.

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്നു ഹിതപരിശോധനയിൽ ജനങ്ങൾ വിധിയെഴുതിയതോടെയാണ് അതിനോട് വിയോജിപ്പുണ്ടായിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജിവച്ചത്. തുടർന്നു പാർട്ടി നേതൃത്വമേറ്റെടുത്തു പ്രധാനമന്ത്രിയായ മേ, ബ്രെക്സിറ്റിനോടു കടുത്ത എതിർപ്പുണ്ടായിട്ടും തീരുമാനം നടപ്പാക്കാൻ പ്രതിജ്ഞാബദ്ധയാണെന്നു പ്രഖ്യാപിച്ചു. 

ഒടുവിൽ മേ ഒറ്റയ്ക്കായി

യൂറോപ്യൻ യൂണിയനുമായി മാസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം തയാറാക്കിയ ബ്രെക്സിറ്റ് കരാറിലെ ചില വ്യവസ്ഥകൾ കൺസർവേറ്റിവ് എംപിമാർ പോലും എതിർക്കുന്നു. കരാർ ഇതിനോടകം 3 തവണയാണു പാർലമെന്റ് തള്ളിയത്.

വിദേശകാര്യമന്ത്രി ജെറിമി ഹണ്ടും ആഭ്യന്തര മന്ത്രി സാജിദ് ജാവിദും വിയോജിപ്പു വ്യക്തമാക്കിയതിനു പിന്നാലെയാണു മേ രാജി പ്രഖ്യാപിച്ചത്. പാർലമെന്റ് പ്രതിനിധിസഭയിലെ പാർട്ടി നേതാവ് ആൻഡ്രിയ ലെഡ്‌സം കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. ബ്രെക്സിറ്റിന് ഔദ്യോഗികമായി തുടക്കമിടാൻ ഒക്ടോബർ 31 വരെയാണു യൂറോപ്യൻ യൂണിയൻ ബ്രിട്ടനു സമയം നീട്ടിക്കൊടുത്തിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA