ADVERTISEMENT

ബെയ്‌ജിങ് ∙ ടിയനൻമെൻ സ്‌ക്വയർ വിദ്യാർഥി പ്രക്ഷോഭത്തിനു 30 വയസ്സ്. ജനാധിപത്യാവകാശങ്ങൾക്കായി ഒത്തുചേർന്ന ആയിരക്കണക്കിനു വിദ്യാർഥികളെ 1989 ജൂൺ 4നു ടാങ്കുകളുമായെത്തിയ പട്ടാളം നേരിടുകയായിരുന്നു. പ്രക്ഷോഭ വാർഷികമായ ഇന്നലെ ടിയനൻമെൻ സ്ക്വയർ കനത്ത പൊലീസ് കാവലിലായിരുന്നു. ഒട്ടേറെ നിരീക്ഷണ ക്യാമറകളുള്ള മേഖലയിൽ സഞ്ചാരികളുടെ രേഖകൾ പരിശോധിച്ച ശേഷമാണു കടത്തിവിട്ടത്. വിദേശ മാധ്യമപ്രവർത്തകരെ അനുവദിച്ചില്ല. ചിത്രമെടുക്കാനും വിലക്കുണ്ടായിരുന്നു.

അതേസമയം, പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെയും കാണാതായവരുടെയും മുഴുവൻ വിവരങ്ങളും പരസ്യപ്പെടുത്തണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആവശ്യപ്പെട്ടു. ജനാധിപത്യ സമരങ്ങളിൽ പങ്കെടുത്തതിനു ജയിലിലായ മുഴുവൻ പേരെയും വിട്ടയയ്ക്കണമെന്നും മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യയായ ഷിൻജിയാങ്ങിൽ അടക്കം ചൈനയിലെ പൗരൻമാർ പുതിയതരം അടിച്ചമർത്തലുകൾക്ക് ഇരയാവുകയാണെന്നും പോംപെയോ ആരോപിച്ചു.

യുഎസിന്റെ പ്രസ്താവനയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ ചൈന, സൈനിക നടപടിയെ ന്യായീകരിച്ചു. ‘ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും മറവിൽ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് യുഎസിലെ ചിലരുടെ ശീലമാണ്. സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ അവർ കണ്ണടയ്ക്കുകയും ചെയ്യുന്നു’– ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് ഷെൻ ഗുവാങ് പറഞ്ഞു.

ടിയനൻമെൻ സൈനികനടപടിയിൽ ആയിരത്തിലേറെ യുവാക്കൾ കൊല്ലപ്പെട്ടെന്നാണ് അനുമാനം. ഒട്ടേറെപ്പേരെ കാണാതായി. പ്രക്ഷോഭം പരാമർശിക്കാൻ ചൈനീസ് മാധ്യമങ്ങളിൽ ഇപ്പോഴും കർശന നിയന്ത്രണമുണ്ട്. ഇന്നലെ ഹോങ്കോങ്ങിൽ നടന്ന അനുസ്മരണത്തിൽ ആയിരങ്ങൾ മെഴുകുതിരി തെളിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com