ADVERTISEMENT

ദുബായ്/റിയാദ് ∙ മധ്യപൂർവദേശത്തെ സംഘർഷസാധ്യത രൂക്ഷമാക്കി രണ്ട് എണ്ണക്കപ്പലുകൾക്കു നേരെ കൂടി ആക്രമണം. സൗദി, യുഎഇ എന്നിവിടങ്ങളിൽനിന്നു പുറപ്പെട്ട കപ്പലുകളിൽ ഒമാൻ കടലിടുക്കിൽവച്ചു സ്ഫോടനമുണ്ടായെങ്കിലും ആളപായമില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും  ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം 12ന്, ഒമാൻ കടലിടുക്കിൽ തന്നെ യുഎഇയിലെ ഫുജൈറ തുറമുഖത്തിനു സമീപം 4 കപ്പലുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഇറാനാണ് അതിനു പിന്നിലെന്നായിരുന്നു അന്നു യുഎസിന്റെ ആരോപണം.

ജപ്പാൻ റജിസ്ട്രേഷനുള്ള കൊകുക കറേജിയസ്, നോർവേ കമ്പനിയുടെ ഫ്രണ്ട് ഓൾടെയർ കപ്പലുകളിലാണ് ഇന്നലെ സ്ഫോടനവും തുടർന്നു തീപിടിത്തവും ഉണ്ടായത്. മാഗ്നറ്റിക് മൈൻ ആക്രമണമാണെന്നു സംശയിക്കുന്നതായി കമ്പനി വക്താക്കൾ അറിയിച്ചു. കടലിൽ വിതറുന്ന ഇവ കപ്പലുകൾ കടന്നുപോകുമ്പോൾ കാന്തിക ശക്തിയാൽ മുകളിലെത്തി പൊട്ടിത്തെറിക്കും.

ഇരു കപ്പലുകളിലെയും 44 ജീവനക്കാരെയും രക്ഷിച്ച് ഇറാനിലെ ജസ്ക് തുറമുഖത്തെത്തിച്ചു. ഇവിടെനിന്ന് 45 കിലോമീറ്റർ അകലെയാണ് ആക്രമണമുണ്ടായത്. ഒരാൾക്കു ചെറിയ പരുക്കുണ്ട്. കപ്പൽ ജീവനക്കാരെ രക്ഷിച്ചതു തങ്ങളാണെന്ന് അവകാശപ്പെട്ട് ഇറാനും യുഎസും രംഗത്തെത്തി. ബഹ്റൈനിലുള്ള തങ്ങളുടെ നാവികസേനാംഗങ്ങളെ അയച്ച് ജീവനക്കാരെ രക്ഷിച്ചെന്നാണു യുഎസ് അവകാശവാദം. അതേസമയം, തങ്ങൾ നാവികസേനയെ അയച്ചെന്ന് ഇറാനും പറയുന്നു. ഇന്നലെ, ആക്രമണവാർത്തയ്ക്കു പിന്നാലെ രാജ്യാന്തര എണ്ണവില 4 % കൂടി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2 ഡോളർ കൂടി 61.97 ഡോളറായി.

ഹൂതി താവളങ്ങളിൽ വ്യോമാക്രണം

റിയാദ് ∙ യെമനിൽ വിമതസേനയായ ഹൂതികളുടെ പിടിയിലുള്ള തലസ്ഥാന നഗരമായ സനായിൽ സൗദി സഖ്യസേനയുടെ വൻ വ്യോമാക്രമണം. ഹൂതികളുടെ 3 ശക്തികേന്ദ്രങ്ങളിലായിരുന്നു ഇന്നലെ ബോംബാക്രമണം. കഴിഞ്ഞദിവസം സൗദിയിലെ അബഹ വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതി മിസൈൽ ആക്രമണത്തിനുള്ള തിരിച്ചടിയാണിത്. യുഎന്നിന്റെ സമാധാന നീക്കങ്ങളിൽ സഹകരിക്കുന്നതിനിടെ ഹൂതികൾ സാധാരണ പൗരന്മാർക്കു നേരെ നടത്തുന്ന ആക്രമണം ഇരട്ടത്താപ്പാണെന്നു സൗദിയും യുഎഇയും കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com