ADVERTISEMENT

യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങളും സൗദിയുടെ തിരിച്ചടിയും, ഹോർമുസ് കടലിടുക്കിലെ പ്രക്ഷുബ്ധ സാഹചര്യങ്ങൾ; യുഎസ് – ഇറാൻ തർക്കം കൂടുതൽ വഷളാകുന്ന സാഹചര്യം – പിരിമുറുക്കത്തിന്റെ പിടിയിലാണു മധ്യപൂർവദേശം. യെമനിലെ അബ്ദുറബ് മൻസൂർ ഹാദി സർക്കാരിനെ അട്ടിമറിച്ച ഹൂതികൾക്കെതിരെ സർക്കാരിനൊപ്പം ചേർന്നു സൗദി സഖ്യസേന യുദ്ധം ആരംഭിച്ച് 4 വർഷം പിന്നിട്ടിട്ടും സമാധാനശ്രമങ്ങളോ വെടിനിർത്തലോ വിജയിച്ചിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയുടെ ശ്രമങ്ങളെ തുടർന്ന് സംഘർഷം കുറഞ്ഞുനിന്ന ഏതാനും മാസങ്ങൾക്കു ശേഷം ഹൂതികൾ വീണ്ടും ജനവാസ മേഖലകളിൽ ആക്രമണം ആരംഭിച്ചതോടെ സഖ്യസേന കനത്ത തിരിച്ചടി തുടങ്ങിക്കഴിഞ്ഞു.

ഇറാനും എണ്ണയും യുഎസും

യുഎസിൽ ട്രംപ് സർക്കാർ അധികാരത്തിലേറിയതു മുതൽ ഇറാനെതിരെയുള്ള നീക്കങ്ങൾ ശക്തം. ഒബാമ സർക്കാരിനു കീഴിൽ ഇറാന് ആനുകൂല്യങ്ങൾ പലതും കിട്ടിയിരുന്നെന്നു പരിഭവിച്ചിരുന്ന ഗൾഫ് രാജ്യങ്ങൾ ട്രംപിനു പിന്നിൽ ഉറച്ചു നിന്നതോടെ മധ്യപൂർവദേശത്തു വീണ്ടും സുന്നി– ഷിയ ഭിന്നത രൂക്ഷമായി. അതിനിടെയാണു കഴിഞ്ഞമാസം ഇറാനെതിരെയുള്ള ഉപരോധം യുഎസ് ശക്തമാക്കിയതും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനിൽ നിന്ന് എണ്ണവാങ്ങുന്നതിൽ കടുത്ത അതൃപ്തി വ്യക്തമാക്കിയതും. ഇതോടെ, ഇറാൻ– യുഎസ് ബന്ധം കൂടുതൽ വഷളായതിനു പിന്നാലെയാണു ഹോർമുസ് കടലിടുക്കിലെ ആക്രമണങ്ങൾ. 

ജപ്പാന്റെ മധ്യസ്ഥശ്രമം

1979 നു ശേഷം ഇറാൻ സന്ദർശിക്കുന്ന ആദ്യ ജപ്പാൻ പ്രധാനമന്ത്രിയാണു ആബേ ഷിൻസോ. കഴിഞ്ഞ ദിവസത്തെ നിർണായക സന്ദർശനത്തിനു പിന്നിലെ ലക്ഷ്യം മധ്യസ്ഥ ശ്രമം തന്നെ. യുഎസും ഇറാനുമായി ഒരേപോലെ ബന്ധമുള്ള രാജ്യമെന്ന നിലയ്ക്ക് സായുധപോരാട്ടം ഒഴിവാക്കാനാണു ശ്രമമെന്ന് ആബേ പറഞ്ഞു. യുഎസ്– ഇറാൻ പ്രകോപനങ്ങൾ യുദ്ധമായി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകി. 

map

രാജ്യാന്തര സമൂഹത്തിനു മുന്നിൽ  തങ്ങളുടെ മുഖം ചീത്തയാക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമമാണ് ആക്രമണങ്ങളെന്നാണ് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ പ്രതികരണം. ആബേ ഷിൻസോ സന്ദർശിക്കുന്ന സമയത്ത്, ജപ്പാൻ കപ്പൽ ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും റൂഹാനി ആവശ്യപ്പെട്ടു.

ഉച്ചകോടികൾ പറഞ്ഞത്

ആദ്യത്തെ കപ്പൽ ആക്രമണങ്ങളെ തുടർന്ന് സൗദി വിളിച്ചു ചേർത്ത അടിയന്തര ഉച്ചകോടികൾ മുന്നോട്ടു വച്ച മുഖ്യ ആവശ്യം ഇതുമാത്രം – ഇറാനെതിരെ രാജ്യാന്തര സമൂഹം കൂടുതൽ ശക്തമായ നടപടികളെടുക്കുക. യെമനിലെ ഹൂതികൾ ഇറാൻ പിന്തുണയോടെയാണു പ്രവർത്തിക്കുന്നതെന്നും കുറ്റപ്പെടുത്തി. സൗദി, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഖത്തർ, ഉച്ചകോടികളിൽ പങ്കെടുത്തെങ്കിലും ഏകപക്ഷീയമായ നീക്കങ്ങളെ അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയതു വീണ്ടും കല്ലുകടിയായി. ഖത്തറിനെതിരെ ഉപരോധം നീക്കാൻ സൗദി ചേരി തയാറായിട്ടില്ല. ഈ ഭിന്നതയും മേഖലയെ ബാധിക്കുന്നു.

ഹോർമുസിൽ എരിയുന്നത്

ലോകത്തെ എണ്ണനീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോർമുസ് കടലിടുക്കിൽ ദിവസം നടക്കുന്നത് 1.7 കോടി ബാരൽ എണ്ണ നീക്കം. ഇറാനാണു കപ്പൽ ആക്രമണങ്ങൾക്കു പിന്നിലെന്ന് ആരോപിച്ച് യുഎസ് ഇവിടേക്കു യുദ്ധക്കപ്പൽ അയച്ചതു കഴിഞ്ഞമാസമാണ്. ഹോർമുസിന്റെ വടക്കു തീരമായ ഇറാൻ വിചാരിച്ചാൽ കപ്പൽ ഗതാഗതം തടയാമെന്നതിനാൽ സംഘർഷം രൂക്ഷമാകുന്നത് എണ്ണവ്യാപാരത്തെ പ്രതികൂലമായി ബാധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com