ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ അടിമയും കറുത്ത വർഗക്കാരനുമായ വൈദികൻ ഫാ. അഗസ്റ്റിൻ ടോൾട്ടൺ അടക്കം 7 ദൈവദാസരും രക്തസാക്ഷികളായ 3 അൽമായരും ധന്യപദവിയിലേക്ക്. 7 പേരുടെ പുണ്യപ്രവൃത്തികളും സ്ത്രീകളായ 3 സ്പാനിഷ് അൽമായരുടെ രക്തസാക്ഷിത്വവും ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചതോടെയാണ് ധന്യപദവി. വിശുദ്ധരുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തലവൻ കർദിനാൾ ആഞ്ചലോ ബെച്യൂ സമർപ്പിച്ച റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണു മാർപാപ്പ കൽപന പുറപ്പെടുവിച്ചത്.

കറുത്ത വർഗക്കാരനായ ആദ്യത്തെ യുഎസ് വൈദികനാണ് ഫാ. അഗസ്റ്റിൻ ടോൾട്ടൺ. ആഫ്രിക്കൻ– അമേരിക്കൻ വംശജനായ ആദ്യ വിശുദ്ധൻ എന്ന പദവിയിലേക്കാണ് അദ്ദേഹം അടുക്കുന്നത്. ഇനി അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ നടക്കുന്ന 2 അത്ഭുതങ്ങൾ സ്ഥിരീകരിക്കുന്നതോടെ ആദ്യം വാഴ്ത്തപ്പെട്ടവനായും തുടർന്ന് വിശുദ്ധനായും പ്രഖ്യാപിക്കപ്പെടും. ഒരു അത്ഭുതം സഭാ അധികൃതർ പരിശോധിച്ചുവരുകയാണ്.

വൈദികനായിട്ടും വംശീയഅധിക്ഷേപം

മിസോറിയിൽ 1851ൽ അടിമയായി ജനിച്ച അദ്ദേഹം ആഭ്യന്തരയുദ്ധകാലത്ത് അവിടെ നിന്ന് പലായനം ചെയ്യുകയായിരുന്നു. 1886ൽ പൗരോഹിത്യം ലഭിച്ചു. ഷിക്കാഗോയിലെ ഇടവക വൈദികനായ അദ്ദേഹം 1897ൽ 43ാമത്തെ വയസ്സിൽ മരിച്ചു. യുഎസിലെ സെമിനാരികളിലൊന്നും പ്രവേശനം ലഭിക്കാഞ്ഞതിനാൽ റോമിൽ പോയാണ് അദ്ദേഹം പഠിച്ചത്. ആഫ്രിക്കയിൽ മിഷനറിയായി വിടുമെന്നാണു പ്രതീക്ഷിച്ചതെങ്കിലും യുഎസിലേക്കു നിയോഗിക്കപ്പെടുകയായിരുന്നു. വൈദികനായശേഷവും അദ്ദേഹം വംശീയമായ പീഡനങ്ങൾ അനുഭവിച്ചു.

വിദേശ മിഷനുകൾക്കായുള്ള സഹോദരങ്ങളുടെ പൊന്തിഫിക്കൽ സഭാംഗമായ ഇറ്റലി സ്വദേശി ഫെലിചേ തന്താർദീനി, ദിവ്യകാരുണ്യ വൈദിക സഭാംഗമായ ഇറ്റലി സ്വദേശി ജൊവാന്നി നദിയാനി, ജപമാലയുടെ ഡൊമിനിക്കൻ സഹോദരിമാരുടെ സഭയുടെ സ്ഥാപക ഫിലിപ്പീൻസ് സ്വദേശി മരിയ ബെയാത്രിചേ റൊസാരിയോ, പുണ്യകന്യകമാതാവിന്റെ സന്ന്യാസസഭാ സമൂഹത്തിന്റെ സ്ഥാപക ഇറ്റലിക്കാരി മരിയ പാവുള മുസ്സേദു, കാരുണ്യത്തിന്റെ സഹോദരിമാരുടെ സ്ഥാപനത്തിലെ അംഗമായ ഇറ്റലിക്കാരി മരിയ സന്തീനാ കൊളാനി, ഇറ്റലിയിലെ ഇടവകവൈദികൻ ഫാ. എൻസോ ബൊസ്ക്കേത്തി എന്നിവരാണു ഫാ. ടോൾട്ടണു പുറമേ ധന്യപദവിയിലേക്കുള്ള പടവുകൾ കയറുന്നത്. സ്പെയിനിലെ പോളാ ദി സൊമിയേദോയിൽ 1936ലെ ആഭ്യന്തര വിപ്ലവകാലത്ത് കൊല്ലപ്പെട്ട പിലാർ ഗുലോൺ യുറിയാഗയും 2 സുഹൃത്തുക്കളുമാണു രക്തസാക്ഷികളായ അൽമായ സ്ത്രീകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com