ADVERTISEMENT

ഹോങ്കോങ് ∙ കുറ്റവാളികളെ ചൈനയ്ക്കു കൈമാറുന്നതിനുള്ള വിവാദ ബിൽ ഹോങ്കോങ് മാറ്റിവച്ചു. ബില്ലിനെതിരെ പ്രതിഷേധം രൂക്ഷമായതിനെ തുടർന്നാണിത്. ബില്ലിനെതിരായ ജനവികാരം മാനിക്കുന്നുവെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം ആരാഞ്ഞ് അതു ലെജിസ്ലേറ്റീവ് അസംബ്ലി ചർച്ചചെയ്തു തീരുമാനിക്കുമെന്ന് ഭരണകൂടത്തിന്റെ അധ്യക്ഷ കാരി ലാം പറഞ്ഞു. എന്നാൽ, ബിൽ മാറ്റിവച്ചാൽ പോരാ, പിൻവലിക്കണമെന്ന ആവശ്യവുമായി ഇന്ന് നഗരത്തിൽ 10 ലക്ഷം പേർ പങ്കെടുക്കുന്ന റാലി നടത്തുമെന്നും കാരി ലാം അധികാരമൊഴിയണമെന്ന ആവശ്യം കൂടി ഉന്നയിക്കുമെന്നും പ്രക്ഷോഭകർ അറിയിച്ചു. ബിൽ മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ ചൈന സ്വാഗതം ചെയ്തിട്ടുണ്ട്.

ബ്രിട്ടൻ 1997ൽ ഹോങ്കോങ് ചൈനയ്ക്കു കൈമാറിയശേഷം നടന്ന ഏറ്റവും അക്രമാസക്തമായ പ്രക്ഷോഭമാണ് ഇപ്പോഴത്തേത്. പ്രക്ഷോഭം അനുദിനം കൂടുതൽ അക്രമാസക്തമായതോടെയാണു ബിൽ സസ്പെൻഡ് ചെയ്യുന്നതായി കാരി ലാം പ്രഖ്യാപിച്ചത്. സർക്കാരിനു ജനവിശ്വാസം നഷ്ടമായെന്നും കാരി ലാം രാജിവയ്ക്കണമെന്നും ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും ജനാധിപത്യവാദിയുമായ ജയിംസ് ടോ ആവശ്യപ്പെട്ടു.

ചൈനയുടെ പിന്തുണയുള്ള കാരി ലാം ഭരണകൂടം അവരുടെ താൽപര്യ പ്രകാരമാണു ബിൽ കൊണ്ടുവന്നത്. ഒട്ടും സുതാര്യവും സ്വതന്ത്രവുമല്ലാത്ത ചൈനീസ് നിയമവ്യവസ്ഥയിലേക്കു മാറുന്നതിന്റെ ആദ്യപടിയായാണു കുറ്റവാളി കൈമാറ്റ ബില്ലിനെ ബ്രിട്ടിഷ് നിയമ സംവിധാനം പിന്തുടർന്നിരുന്ന ഹോങ്കോങ്ങിലെ ജനം കണ്ടത്. ചൈനീസ് നിയമവ്യവസ്ഥയിൽ തങ്ങൾക്കു നീതി ലഭിക്കുമോ എന്ന ആശങ്കയും പ്രക്ഷോഭത്തിന് ഊർജമേകി. 1989 ജൂൺ 4ന് ചൈനയിൽ ബെയ്ജിങ്ങിലെ ടിയാനൻമെൻ ചത്വരത്തിൽ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിന്റെ ഓർമകളുണർത്തുന്ന കൂറ്റൻ റാലിയാണ് ഇന്നു നടക്കുക. വിവാദ ബിൽ മാറ്റിവയ്ക്കുമെന്ന പ്രഖ്യാപനം പ്രക്ഷോഭം തണുപ്പിക്കാനാണെങ്കിലും അത് എത്രകണ്ടു ഫലപ്രദമാവുമെന്ന് ആശങ്കയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com