ADVERTISEMENT

ദുബായ് ∙ ഒമാൻ ഉൾക്കടലിൽ 2 എണ്ണക്കപ്പലുകൾ ആക്രമിച്ചത് ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കപ്പലുകളിൽ പൊട്ടാതെ കിടന്ന മൈൻ ഇറാൻ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ എന്ന് അവകാശപ്പെട്ടുള്ള വിഡിയോ, യുഎസ് നാവിക സേന പുറത്തുവിടുകയും ചെയ്തു. എന്നാൽ, വിഡിയോയി‍ൽ ഇറാന്റെ കപ്പൽ കാണാമെങ്കിലും മറ്റു ദൃശ്യങ്ങൾ വ്യക്തമല്ല.

മധ്യപൂർവദേശത്തു സംഘർഷത്തിനു താൽപര്യമില്ലെങ്കിലും മേഖലയുടെ സുരക്ഷയ്ക്കായി നിലകൊള്ളുമെന്നു വ്യക്തമാക്കിയ യുഎസ്, അവിടേക്ക് യുഎസ്എസ് മോഡേൺ എന്ന യുദ്ധക്കപ്പൽ കൂടി അയച്ചു. സംഹാര (ഡിസ്ട്രോയർ) വിഭാഗത്തിൽപ്പെടുന്ന കപ്പലാണിത്. ഒരുമാസം മുൻപ് ഒമാൻ ഉൾക്കടലിൽ 4 കപ്പലുകൾ ആക്രമിക്കപ്പെട്ടതിനു പിന്നാലെ യുഎസ് യുദ്ധക്കപ്പൽ അയച്ചിരുന്നു. രാജ്യാന്തര എണ്ണനീക്കത്തിൽ നിർണായക കേന്ദ്രമായ ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകളുടെ സാന്നിധ്യമേറിയതോടെ സംഘർഷസാധ്യത വർധിച്ചു.

ഇറാനെതിരെയുള്ള യുഎസ് നിലപാടിനോടു യോജിക്കുന്നതായി പ്രതികരിച്ച സൗദിയും യുഎഇയും അക്രമങ്ങളിൽ കർശന നടപടി ആവശ്യപ്പെട്ടു. അതേസമയം, യുഎസിന്റേത് ‘സാമ്പത്തിക തീവ്രവാദ’വും ‘അട്ടിമറി നയതന്ത്ര’വുമാണെന്നു തിരിച്ചടിച്ച ഇറാൻ, ആരോപണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയാണെന്നു വിമർശിച്ചു.

സ്ഫോടനത്തിനു പിന്നിൽ ഇറാനാണെന്നു പറയുന്നില്ലെന്നാണ് ആക്രമിക്കപ്പെട്ട ജപ്പാൻ കപ്പൽ ‘കൊകുക കറേജിയസ്’ പ്രതികരിച്ചത്. മൈനുകൾ പൊട്ടിത്തെറിച്ചതല്ലെന്നും ‘പറന്നുവന്ന’ 2 വസ്തുക്കളാണു സ്ഫോടനകാരണമായതെന്നും കപ്പൽ കമ്പനി  അറിയിച്ചു. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നു കുറ്റപ്പെടുത്താനാകില്ലെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു.

അതേസമയം, പൊട്ടാത്ത ലിംപെറ്റ് കുഴിബോംബുകൾ കറേജിയസിൽ നിന്ന് ഇറാൻ സേന നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചെന്നാണു യുഎസ് പറയുന്നത്. കാന്തിക ശക്തിയാൽ കപ്പലിന്റെ അടിഭാഗത്തു പറ്റിപ്പിടിച്ചതിനു ശേഷമാണു ലിംപെറ്റ് മൈനുകൾ പൊട്ടിത്തെറിക്കുക. പാറകളിൽ പറ്റിപ്പിടിച്ചു വളരുന്ന ലിംപെറ്റ് ഒച്ചുകളുടെ പേരു കുഴിബോംബിനു നൽകിയത് അതുകൊണ്ടാണ്. കറേജിയസിലെ ജീവക്കാരെ തങ്ങളും നോർവീജിയൻ കപ്പൽ ഫ്രണ്ട് ഓൾടയറിലുള്ളവരെ ഇറാൻ സേനയുമാണു രക്ഷിച്ചതെന്നു  യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com