ADVERTISEMENT

കയ്റോ ∙ കോടതിമുറിയിൽ കുഴഞ്ഞുവീണു മരിച്ച ഈജിപ്തിന്റെ മുൻ പ്രസിഡന്റ് മുഹമ്മദ് മുർസിയുടെ (67) കബറടക്കം നടത്തിയതു കുടുംബാംഗങ്ങങ്ങളുടെ മാത്രം സാന്നിധ്യത്തിൽ. ഈജിപ്തിൽ ജനാധിപത്യമാർഗത്തിൽ ആദ്യമായി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുർസിയെ ഒരു വർഷത്തിനു ശേഷം 2013 ൽ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനമായ മുസ്‌ലിം ബ്രദർഹുഡിന്റെ ഉന്നത നേതാവായ മുർസിയെ സംഘടനയുടെ യശ്ശശരീരരായ നേതാക്കൻമാർക്കു സമീപമാണു കബറടക്കിയതെന്നു മകൻ അബ്ദുല്ല അറിയിച്ചു.

ജയിലിൽ ചികിത്സ നൽകാതെ മുർസിയെ ഭരണകൂടം വധിക്കുകയായിരുന്നുവെന്ന് മുസ്‍ലിം ബ്രദർഹുഡ് നേതൃത്വം ആരോപിച്ചു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം പടർന്നു. ഈജിപ്തിലെ 81 പ്രവിശ്യകളിലും പ്രതീകാത്മക സംസ്കാരവും പ്രതിഷേധവും നടത്തുമെന്നു ബ്രദർഹുഡ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് മു‍സ്‍ലിം ബ്രദർഹുഡ് ആഹ്വാനം ചെയ്തിരുന്നെങ്കിലും കനത്ത സുരക്ഷാ വലയത്തിലായിരുന്ന കയ്റോ ശാന്തമായിരുന്നു.

സർക്കാരിന്റെ കർശന നിയന്ത്രണമുള്ള മാധ്യമങ്ങൾ മുർസിയുടെ മരണവാർത്തയ്ക്കു കാര്യമായ പ്രാധാന്യം നൽകിയില്ല. ഒരു ദിനപത്രം മാത്രമാണ് വാർത്ത ഒന്നാം പേജിൽ നൽകിയത്. പട്ടാളഭരണകൂടം ചുമത്തിയ വിവിധ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചുവരികയായിരുന്ന മുർസിയെ മറ്റൊരു കേസിൽ വിചാരണയ്ക്കു ഹാജരാക്കിയപ്പോഴാണു തിങ്കളാഴ്ച കോടതിമുറിയിൽ കുഴഞ്ഞുവീണത്.

പ്രസിഡന്റ് അബ്ദെൽ ഫത്താ അൽ സിസി അനുശോചിച്ചു. മുർസിയെ പുറത്താക്കിയ സൈനിക അട്ടിമറിക്കു നേതൃത്വം നൽകിയത് അൽ സിസിയാണ്. തുർക്കിയുടെയും ഖത്തറിന്റെയും ഭരണാധികാരികൾ മുർസിയുടെ മരണത്തിൽ അനുശോചിച്ചു. മുർസിയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ ഓഫിസും ആംനെസ്റ്റി ഇന്റർനാഷനലും ആവശ്യപ്പെട്ടു.

2012 ലെ ഹുസ്‌നി മുബാറക്ക് വിരുദ്ധ പ്രക്ഷോഭത്തിനിടെ ഒരാൾ കൊല്ലപ്പെട്ട കേസിൽ മുർസി 20 വർഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. ഹുസ്നി മുബാറക്കിനെതിരായ പ്രക്ഷോഭത്തിനിടെ ജയിൽഭേദന കേസിൽ മുർസിയെ 2015 മേയിൽ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. 2012 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്യാജസത്യവാങ്മൂലം നൽകിയെന്ന മറ്റൊരു കേസിൽ 7 വർഷം തടവിനും ശിക്ഷിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com