ADVERTISEMENT

ലണ്ടൻ ∙ ബോറിസ് ജോൺസൻ പത്രപ്രവർത്തകനായിരുന്ന കാലത്ത് ലേഖനങ്ങളിൽ വംശീയ സ്വഭാവമുണ്ടെന്ന കാരണത്താൽ പലവട്ടം വിവാദമുണ്ടായി. 30 വർഷം നീണ്ട രാഷ്ട്രീയ ജീവിതത്തിലും വംശീയപരാമർശങ്ങളുടെയും നുണകളുടെയും പേരിൽ വിമർശിക്കപ്പെട്ടു. വ്യാജ ഉദ്ധരണി– 1987 ടൈംസ് പത്രത്തിലെ ട്രെയിനി ആയിരിക്കുമ്പോൾ ഒന്നാം പേജ് വാർത്തയിൽ‌ എഡ്വേഡ് രണ്ടാമൻ രാജാവിനെപ്പറ്റി തെറ്റായ ഉദ്ധരണി ചേർത്തു. അതോടെ ജോലിയിൽ നിന്നു പുറത്തായി.

2004– മന്ത്രിയായിരിക്കെ സ്വകാര്യബന്ധത്തെപ്പറ്റി നുണ പറഞ്ഞതിന് മൈക്കിൾ ഹവാർഡ് മന്ത്രിസഭയിൽ നിന്നു പുറത്തായി. ലെറ്റർ ബോക്സ്– ബുർഖ ധരിച്ച സ്ത്രീകൾ ‘ലെറ്റർ ബോക്സുകൾ പോലെ’ എന്ന വിവാദ പരാമർശം നടത്തി. വംശീയ പരാമർശങ്ങൾ വേറെയും. ഹിലറി ക്ലിന്റൻ–‘ഭ്രാന്താശുപത്രിയിലെ ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന നഴ്സ്’ എന്ന് യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനെ വിശേഷിപ്പിച്ചതും വൻ വിവാദമായി.

അദ്ദേഹം ഒരു നോവലിസ്റ്റ് കൂടിയാണ് !

ബോറിസ് ജോൺസൻ ഒരു എഴുത്തുകാരൻ കൂടിയാണെന്ന കാര്യം ബ്രിട്ടിഷുകാർ ഗൗരവത്തോടെ എടുത്തിട്ടുണ്ടാവില്ല. ‘സെവന്റി ടു വെർജിൻസ്’ എന്ന ആദ്യ നോവൽ 2004 ലാണു പ്രസിദ്ധീകരിച്ചത്. ബ്രിട്ടൻ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റിനെ വധിക്കാൻ ഭീകരർ പദ്ധതിയിടുന്നതാണു പ്രമേയം. ബ്രിട്ടിഷ് എംപിയായ റോജർ ബാർലോയാണ് നായക കഥാപാത്രം. വിൻസ്റ്റൻ ചർച്ചിലിന്റെ ജീവചരിത്രവും – ദ് ചർച്ചിൽ ഫാക്ടർ: ഹൗ വൺ മാൻ മെയ്ഡ് ഹിസ്റ്ററി– എഴുതിയിട്ടുണ്ട്. തീർന്നില്ല, ബോറിസിന്റെ പിതാവും സഹോദരിയും നോവലുകളെഴുതിയിട്ടുണ്ട്.

പ്രഥമ വനിതയായി കാരി സിമോൺസ് എത്തുമോ?

ബ്രെക്സിറ്റിന്റെ ഭാവിയോർത്ത് അന്തം വിടുമ്പോഴും ബ്രിട്ടിഷ് മാധ്യമങ്ങൾക്ക് ഇഷ്ടമുള്ള ഒരു വിഷയം പുതിയ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കുടുംബജീവിതമാണ്. അദ്ദേഹത്തിന്റെ കാമുകിയായ കാരി സിമോൺസ് പ്രഥമ വനിതയായി ഡോണിങ് സ്ട്രീറ്റിൽ എത്തുമോ എന്ന അഭ്യൂഹമാണിത്. 6 മക്കളാണു ബോറിസ് ജോൺസന്.

carrie
കാരി സിമോൺസ്, മറീന വീലർ

അലീഗ്രാ ഒവനുമായുളള ആദ്യ ദാമ്പത്യം 1987 മുതൽ 6 വർഷമേ നിലനിന്നുളളു. പിന്നീട് 1993 ൽ മറീന വീലറെ വിവാഹം ചെയ്തു. 25 വർഷം നീണ്ട ബന്ധം 2018 ൽ കാരി സിമോൺസുമായി ബന്ധം ആരംഭിച്ചതോടെ അവസാനിച്ചു. ഇരുവരും വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെങ്കിലും അകന്നു താമസിക്കുകയാണിപ്പോൾ. ബോറിസൊപ്പം താമസിക്കുന്ന കാരി സിമോൺസുമായി കഴിഞ്ഞ ജൂണിൽ വീട്ടിലുണ്ടായ കലഹം വാർത്താ പ്രാധാന്യം നേടിയിരുന്നു. രാത്രി നടന്ന കശപിശ തീർക്കാൻ അയൽവാസികൾ പൊലീസിനെ വിളിച്ചു വരുത്തേണ്ടിവന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com