ADVERTISEMENT

ലണ്ടൻ ∙ ‘പക്ഷേയുമില്ല, എന്നാലുമില്ല, ഒക്ടോബർ 31നു തന്നെ യൂറോപ്യൻ യൂണിയൻ വിടും. ആ വെല്ലുവിളി ഞാൻ വ്യക്തിപരമായി ഏറ്റെടുക്കുന്നു’ – ബ്രിട്ടിഷ് പ്രധാനമന്ത്രിപദം ഏറ്റെടുത്ത ബോറിസ് ജോൺസൻ പ്രഖ്യാപിച്ചു. ശേഷിക്കുന്ന 99 ദിവസത്തിനകം യൂറോപ്യൻ യൂണിയനുമായി പുതിയ കരാറുണ്ടാക്കുമെന്നും അതേസമയം, കരാറില്ലാതെ പിന്മാറ്റം വേണ്ടിവന്നാൽ അതിനും തയാറെന്നും പ്രഖ്യാപിച്ചു. 

ഇന്നലെ സ്ഥാനമേറ്റെടുക്കും മുൻപു തന്നെ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട ആദ്യ നടപടി പ്രഖ്യാപിച്ചിരുന്നു – ഹിതപരിശോധനാ വേളയിൽ ബ്രെക്സിറ്റ് അനുകൂലികളുടെ ക്യാംപെയ്ൻ ഡയറക്ടറായിരുന്ന ഡൊമിനിക് കമ്മിങ്സിനെ മുഖ്യ ഉപദേഷ്ടാവാക്കി. ‘വെട്ടൊന്ന്, മുറി രണ്ട്’ നിലപാടുകാരനാണു കമ്മിങ്സും. 

യൂറോപ്പുമായി സ്വതന്ത്ര വ്യാപാരത്തിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമായ ബന്ധം തുടരുമെന്നും ബോറിസ് ജോൺസൻ പ്രഖ്യാപിച്ചു. ബ്രെക്സിറ്റിനു ശേഷവും ഐറിഷ് റിപ്പബ്ലിക് അതിർത്തിയിൽ കസ്റ്റംസ് പരിശോധന ഉണ്ടാകില്ലെന്ന ഉറപ്പോടെയാകും പുതിയ കരാർ. മൂലധന, ഗവേഷണ മേഖലകളിൽ നിക്ഷേപം ആകർഷിക്കാൻ നികുതി നിയമങ്ങളിൽ മാറ്റം വരുത്തുമെന്നും പറഞ്ഞു. 

theresa-may
മടക്കം: ബ്രിട്ടിഷ് പ്രധാനമന്ത്രിയായുള്ള അവസാന പാർലമെന്റ് സെഷനിൽ പങ്കുചേരാൻ ഡൗണിങ് സ്ട്രീറ്റിൽ നിന്നു പുറപ്പെടുന്ന തെരേസ മേ. ചിത്രം: എപി

നേരത്തേ, തെരേസ മേ ഔപചാരികമായി പ്രധാനമന്ത്രി പദം രാജിവച്ചതിനു പിന്നാലെ, ബോറിസ് ജോൺസൻ ബക്കിങ്ങാം കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. പുതിയ സർക്കാരുണ്ടാക്കാൻ രാ‍ജ്ഞി അദ്ദേഹത്തെ ക്ഷണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ വിവിധ ലോക നേതാക്കൾ ബോറിസ് ജോൺസനെ അനുമോദിച്ചു. 

ഇതിനിടെ, മേ സർക്കാരിലെ പ്രമുഖർ രാജി പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രതിരോധമന്ത്രി പെന്നി മോർഡോണ്ട്, ബിസിനസ് മന്ത്രി ഗെഗ് ക്ലാർക്, വാണിജ്യമന്ത്രി ലിയാം ഫോക്സ് തുടങ്ങിയവർ പുതിയ സർക്കാരിലേക്കില്ലെന്നു വ്യക്തമാക്കി. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com