ADVERTISEMENT

‘ഷെർളി ടെംപിൾ എന്തു സുന്ദരിയായിരുന്നുവെന്നു ഫ്രീഡയും അവളും തമ്മിൽ ഒരു ദീർഘസംഭാഷണം നടന്നു. ഞാൻ പങ്കെടുത്തില്ല. കാരണം എനിക്കു ഷെർളിയോടു വെറുപ്പായിരുന്നു.’

ഷെർളി ടെംപിൾ എന്ന ബാലനടിയുടെ വെളുപ്പും നീലക്കണ്ണുകളും അമേരിക്കൻ സൗന്ദര്യസങ്കൽപത്തിന്റെ പൂർണതയായിരുന്നു. ആ സൗന്ദര്യസങ്കൽപത്തോടുള്ള വെറുപ്പാണ് ടോണി മോറിസൺ ‘ദ് ബ്ലൂവെസ്റ്റ് ഐ’ എന്ന നോവലിൽ രേഖപ്പെടുത്തുന്നത്. പാർശ്വവത്കരിക്കപ്പെടുന്ന ആഫ്രിക്കൻ വംശജരായ സ്ത്രീകളുടെ അടക്കിയ അമർഷം അവരുടെ എല്ലാ നോവലുകളിലും കാണാം.

വളരെ ക്ലേശകരമായ ബാല്യമായിരുന്നു എഴുത്തുകാരിയുടേത്. വാടക കൊടുക്കാൻ കഴിയാത്തതുകൊണ്ട് വീട്ടുടമ വീടു കത്തിച്ച് അവരെ വഴിയാധാരമാക്കുമ്പോൾ ടോണി മോറിസണു വയസ്സ് 2. പക്ഷേ കുടുംബം പിടിച്ചുനിന്നു. കുട്ടിക്കാലത്തേ പുസ്തകപ്രിയ. പഠിക്കാൻ സമർഥ. 1955ൽ ഇംഗ്ലിഷ് സാഹിത്യത്തിൽ എംഎയെടുത്ത് ടെക്സസ് സർവകലാശാലയിൽ ഇംഗ്ലിഷ് ലക്ചററായി. പിന്നെ വിവാഹം, മാതൃത്വം, വിവാഹമോചനം. ന്യൂയോർക്കിൽ പുസ്തകപ്രസാധകരായ റാൻഡം ഹൗസിൽ സീനിയർ എഡിറ്ററായി ചേർന്നതിനു ശേഷം മോറിസൺ കറുത്തവരുടെ സാഹിത്യത്തെ മുഖ്യധാരയിലേക്കു കൊണ്ടുവന്നു. പിന്നെ നോവലുകളെഴുതി സ്വയം മുഖ്യധാരയിലേക്കു വന്നു. 88–ാം വയസ്സിൽ മരിക്കുന്നതുവരെ വർണവിവേചനത്തോടുള്ള പോരാട്ടം തുടർന്നു.

അമേരിക്കൻ സൗന്ദര്യസങ്കൽപത്തെ ചോദ്യം ചെയ്യുന്ന, ആഫ്രിക്കൻ സ്ത്രീകളുടെ പരിതാപകരമായ അവസ്ഥ തുറന്നുകാട്ടുന്ന ‘ദ് ബ്ലൂവെസ്റ്റ് ഐ’ എന്ന ആദ്യ നോവൽ വേഗം പ്രശസ്തിയിലേക്കുയർന്നു.‘സുല’ എന്ന രണ്ടാം നോവൽ 2 ആഫ്രിക്കൻ സ്ത്രീകളുടെ സ്നേഹ, സൗഹൃദങ്ങളെ അനാവരണം ചെയ്യുന്നു. നോവലുകൾക്കു പുറമേ 2 നാടകങ്ങളും ഗാനങ്ങളും അവർ രചിച്ചു. പല നോവലുകളും സിനിമയായി.

വെള്ളക്കാരുടെ മേൽക്കോയ്മയിലുള്ള സമൂഹത്തിൽ ആഫ്രിക്കൻ അമേരിക്കക്കാർ, പ്രത്യേകിച്ചു സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷമാണു മോറിസണിന്റെ നോവലുകളിൽ കാണുന്നത്. വംശീയ വാർപ്പുമാതൃകകൾ, സ്വത്വാന്വേഷണ ശ്രമം, പരാജയത്തിന്റെ ഭീകരത ഇതൊക്കെ നടുക്കുന്ന രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നു. വംശീയസംഘട്ടനത്തിൽ നശിക്കുന്നത് ആഫ്രിക്കൻ അമേരിക്കക്കാരുടെ ജീവിതം മാത്രമല്ല അവരുടെ പൂർവികരുടെ സംസ്കാരവും കൂടിയാണ്. സ്ത്രീപുരുഷ ബന്ധങ്ങളിലെ സംഘർഷവും മോറിസൺ നോവലുകളിലുണ്ട്. അമിത ലൈംഗികതയും തൃഷ്ണയുമൊക്കെ യാഥാർഥ്യത്തിന്റെയും ഫാന്റസിയുടെയും പരിവേഷത്തോടെ പ്രത്യക്ഷപ്പെടുന്നു.

വേരു നഷ്ടപ്പെട്ടവരുടെ വേദന, അവഗണിക്കപ്പെടുന്ന സംസ്കാരത്തിന്റ പുകച്ചിൽ, ആഫ്രിക്കൻ വംശജരുടെ അധ്വാനം കൊണ്ടു കൂടി സമ്പന്നമായ അമേരിക്കൻ സംസ്കാരം അവരോടു കാണിക്കുന്ന അനീതി തുടങ്ങിയവയൊക്കെ ഒരുപക്ഷേ ആദ്യമായി അമേരിക്കൻ സാഹിത്യത്തിൽ തുറന്നു കാണിച്ച സ്ത്രീ ടോണി മോറിസൺ ആയിരിക്കും.

ഇതിവൃത്തത്തിന്റെ ശക്തി കൊണ്ടു മാത്രമല്ല രചനാപാടവത്തിന്റെ പ്രത്യേകതകൾ കൊണ്ടും ആ കൃതികൾ ശ്രദ്ധ നേടുന്നു, തനിമയാർന്ന ഭാഷാശൈലിയും. ഒരു നോവലിൽ തന്നെ പല ഭാഷാരീതികൾ അവർ പരീക്ഷിക്കാറുണ്ട്.

ഇന്നലെ മൂകമായത് ഏറ്റവും ശക്തമായ പ്രതിഷേധ സ്ത്രീ സ്വരമാണ്. പക്ഷേ, അതിന്റെ അലയൊലികൾ എന്നും സാഹിത്യത്തിൽ മുഴങ്ങിക്കൊണ്ടിരിക്കും.

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com