ADVERTISEMENT

ഹോങ്കോങ് ∙ ജനാധിപത്യ പ്രക്ഷോഭത്തിന് പുതിയ മുഖം നൽകി ആയിരക്കണക്കിന് അധ്യാപകർ ഹോങ്കോങ്ങിന്റെ തെരുവുകളിലിറങ്ങി. കനത്ത മഴയിലും കാറ്റിലും ഭരണകൂടത്തിന്റെ ഭീഷണി വകവയ്ക്കാതെ അധ്യാപകർ തെരുവിലിറങ്ങിയത് 10 ആഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിന് ഊർജമേകുകയാണ്. ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങളിലെ ജീവനക്കാരും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇതേസമയം, പ്രക്ഷോഭത്തിന് ഭീകരതയുടെ മുഖം നൽകി കടുത്ത നടപടികൾക്കൊരുങ്ങുകയാണ് ചൈന അനുകൂല ഭരണകൂടം. അതിർത്തിയിലെ ഷെൻസെനിൽ ചൈനയുടെ അർധസൈനിക വിഭാഗം വൻതോതിൽ കേന്ദ്രീകരിച്ച് പരിശീലനം നടത്തുന്നത് ആശങ്ക ഉയർത്തുന്നു. നിരോധനം ലംഘിച്ച് ഹൂങ് ടോങ് ജില്ലയിൽ റാലി നടത്തിയ 750 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതിനിടെ, ചൈന അനുകൂല മുദ്രാവാക്യങ്ങളുമായി ഒരു വിഭാഗം സർക്കാർ ജീവനക്കാർ പ്രക്ഷോഭത്തിനെതിരെ തെരുവിലിറങ്ങിയത് സ്ഥിതി കൂടുതൽ സംഘർഷാത്മകമാക്കി. പ്രക്ഷോഭാനുകൂലികൾ ഇന്നു നഗരത്തിൽ 10 ലക്ഷം പേരുടെ റാലി നടത്തുമെന്ന് അറിയിച്ചിട്ടണ്ട്. പ്രക്ഷോഭാനുകൂല നിലപാടെടുത്ത ജീവനക്കാരെ പിരിച്ചുവിടണമെന്ന് ചൈന ആവശ്യപ്പെട്ടതിനെ തുടർന്ന് കാത്തേ പസിഫിക് വിമാനക്കമ്പനി തലവൻ റുപെർട്ട് ഹോഗ് രാജിവച്ചു. പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ ചൈനയുടെ നിർബന്ധത്തെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു.

വമ്പൻ അക്കൗണ്ടൻസി സ്ഥാപനങ്ങളായ ഡെലോയിറ്റ്, പ്രൈസ് വാട്ടർ കൂപ്പർ, കെപിഎംജി, ഇവൈ എന്നിവ തങ്ങളുടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് മുഖംരക്ഷിക്കാൻ ശ്രമം തുടങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com