ADVERTISEMENT

സിംഗപ്പൂർ ∙ വ്യപാരം ജീവവായുവായ രാജ്യത്ത്, യുഎസ്– ചൈന വ്യാപാര യുദ്ധത്തെക്കുറിച്ചും സാമ്പത്തിക വളർച്ചാ നിരക്കിലെ ഇടിവിനെക്കുറിച്ചും നടക്കേണ്ട ചർച്ചകളുടെ സ്ഥാനത്ത് ഇപ്പോൾ സജീവമായിരിക്കുന്നത് പ്രധാനമന്ത്രി ഉൾപ്പെട്ട കുടുംബവഴക്ക്. ആധുനിക സിംഗപ്പൂരിന്റെ ശിൽപിയായ പിതാവ് ലീ ക്വാൻ യൂ താമസിച്ചിരുന്ന കുടുംബവീടു സംബന്ധിച്ച് പ്രധാനമന്ത്രി ലീ സിയൻ ലുങ്ങും ഇളയ സഹാദരങ്ങളും തമ്മിലുള്ള വഴക്കുനടക്കുന്നതിനിടെയാണു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള നിരാശാജനകമായ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ഒപ്പം, അടുത്തു തന്നെ തിരഞ്ഞെടുപ്പു നടന്നേക്കുമെന്ന സൂചനകളും. രാജ്യത്തെ രണ്ടാംപാദ സാമ്പത്തികവളർച്ച ഒന്നാ പാദത്തിലേക്കാൾ 3.3% കുറഞ്ഞെന്ന കണക്കുകൾ ഈ വർഷത്തെ ജിഡിപി പൂജ്യത്തിനും 1% നും ഇടയിലൊതുങ്ങുമെന്ന അനുമാനത്തിലേക്കാണു നയിക്കുന്നത്. മുൻപ് ഇത് 1.5% നും 2.5% നും ഇടയിലായിരുന്നു.

നേരത്തേ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ അതിന്റെ ലക്ഷ്യം വളർച്ചാനിരക്കു തീർത്തും മോശമാകും മുൻപ് അധികാരം പിടിച്ചക്കലാണെന്നു വിമർശകർ കരുതുന്നു. 2008–09 ലെ സാമ്പത്തിക മാന്ദ്യം ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്നായിരുന്നു സിംഗപ്പൂർ. അതിനു 4 വർഷം മുൻപുണ്ടായിരുന്നത് 7%– 10% വളർച്ച. മാന്ദ്യകാലത്ത്, 2009 ൽ അക് 1 ശതമാനത്തിൽ താഴെ. വീണ്ടും അതേ സ്ഥിതി തിരിച്ചുവന്നിരിക്കുകയാണ്. 

ലീ ക്വാൻ യൂവിന്റെ നിഴൽ

2015 ൽ അന്തരിച്ച ലീ ക്വാൻ യൂവിന്റെ നിഴൽ സിംഗപ്പൂരിന്റെ ഭാവിക്കുമേൽ മേഘരൂപം പൂണ്ടുനിൽക്കുന്നു. തന്റെ മരണശേഷം 38 ഓക്സ്‌ലി റോഡിലെ വസതി പൊളിച്ചുകളയണമെന്നായിരുന്നു അദ്ദേഹം വിൽപത്രത്തിൽ എഴുതിയിരുന്നത്. എന്നാൽ, മകൻ ലീ സിയൻ ലുങ്ങിന് (67) ആ വീട് ദേശീയ സ്മാരകമാക്കി മാറ്റണമെന്നു മോഹം. ഇത് പൈതൃകസ്വത്തും പാരമ്പര്യവും രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദുരുപയോഗപ്പെടുത്തുത്തലാണെന്നു സഹോദരൻ ലീ സിയൻ യാങ്ങും സഹോദരി ലീ വെയ് ലിങ്ങും ആരോപിക്കുന്നു.

ഈ വീട്ടുവഴക്കിനു രാഷ്ട്രീയമാനം കൈവന്നത് ലീ സിയൻ യാങ് പ്രതിപക്ഷമായ പ്രോഗ്രസ് സിംഗപ്പൂർ പാർട്ടിക്കു പിന്തുണയുമായി രംഗത്തെത്തിയതോടെയാണ്. അരനൂറ്റാണ്ടുമുൻപു സ്വാതന്ത്രരാജ്യമായതു മുതൽ പ്രധാനമന്ത്രിയുടെ പീപ്പിൾസ് ആക്‌ഷൻ പാർട്ടിയാണു സിംഗപ്പൂർ ഭരിക്കുന്നത്. 2011 ൽ ലീ സിയൻ ലുങ്ങിന്റെ പിന്തുണയോടെ മൽസരിച്ച പ്രസിഡന്റ് സ്ഥാനാർഥിക്കു ജയിക്കാനായത് തലനാരാഴയ്ക്ക്. അദ്ദേഹത്തെ പരാജയത്തിനു തൊട്ടടുത്തെത്തിച്ചു ഞെട്ടിച്ച ടാൻ ചെങ് ബോക്കാണ് പ്രോഗ്രസ് സിംഗപ്പൂർ പാർട്ടിയുടെ അമരത്ത്. ടാനിന് പ്രധാനമന്ത്രിയുടെ സഹോദരന്റെ പിന്തുണയുണ്ടെന്നു വരുമ്പോൾ അത് ഒന്നാന്തരമൊരു അട്ടിമറിക്കു തുല്യമായി. ഭരണകൂടവും 56 ലക്ഷം ജനങ്ങളും തമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ടാൻ പറയുന്നു. 

തിരഞ്ഞെടുപ്പിന് തിരനോട്ടം

അടുത്ത തിരഞ്ഞെടുപ്പിന് 2021 ഏപ്രിൽ വരെ സമയമുണ്ടെങ്കിലും അതുവരെ കാത്തിരിക്കാതെ ലീ സിയൻ ലുങ് സെപ്റ്റംബറിൽ പുതിയ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്നുള്ള വാർത്തകൾ സജീവമാണ്. അതു വ്യാജവാർത്തകളെന്നു പറഞ്ഞ് തിരഞ്ഞെടുപ്പ് അധികൃതരും രംഗത്തുണ്ട്. സെപ്റ്റംബർ 21 മുതൽ തിരഞ്ഞെടുപ്പു നടക്കുമെന്ന സന്ദേശം പക്ഷേ സമൂഹമാധ്യമങ്ങളിലുൾപ്പെടെ പരക്കുകയാണ്. 31നു പാർമെന്റ് പിരിച്ചുവിടുമെന്നും. സിംഗപ്പൂർ ഭരണഘടന അനുസരിച്ച് പാർലമെന്റ് കാലാവധി തിരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യസമ്മേളനം മുതൽ പരമാവധി 5 വർഷമാണ്. അതിനുശേഷം നിയമപ്രകാരം പിരിച്ചുവിടും. കാലാവധി തികയുംമുൻപു പാർലമെന്റ് പിരിച്ചുവിടാൻ പ്രധാനമന്ത്രിക്കു പ്രസിഡന്റിനോടു നിർദേശിക്കാനാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com