ADVERTISEMENT

മോസ്കോ ∙ 233 യാത്രക്കാരുമായി ക്രൈമിയയിലേക്കു പുറപ്പെട്ട റഷ്യൻ വിമാനം പക്ഷിയിടിച്ച് രണ്ട് എൻജിനുകളും തകരാറിലായതിനെ തുടർന്ന ചോളപ്പാടത്ത് അടിയന്തരമായി ഇറക്കി. എൻജിനുകൾ നിലച്ച് ചക്രങ്ങൾ താഴ്ത്താൻ കഴിയാത്ത നിലയിലും ആളപായമില്ലാതെ സുരക്ഷിതമായി വിമാനം ഇറക്കിയ പൈലറ്റ് ദാമിർ യുസുപോവ് റഷ്യയുടെ നായകനായി. 

വിമാനത്താവളത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ലാൻഡ് ചെയ്തത്. 23 യാത്രക്കാർക്കു നിസ്സാര പരുക്കേറ്റു. 

ഉറാൽ എയർലൈൻസിന്റെ എയർബസ് 321 യാത്രാവിമാനമാണു വൻദുരന്തത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഷുക്കോവ്‌സ്കി വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ടു നിമിഷങ്ങൾക്കുള്ളിൽ പക്ഷികളിടിച്ച് ഒരു എൻജിൻ ഉടൻ തകരാറിലായി. വിമാനത്താവളത്തിൽ തിരിച്ചിറക്കാമെന്നു കരുതിയെങ്കിലും രണ്ടാമത്തെ എൻജിനും പണിമുടക്കിയതോടെ ചോളപ്പാടത്ത് ഇടിച്ചിറക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നുവെന്ന് ദാമിർ യുസുപോവ് (41) പറഞ്ഞു.

ഹെലികോപ്റ്റർ പൈലറ്റിന്റെ മകനായ യുസുപോവ് അഭിഭാഷക വൃത്തി വേണ്ടെന്നുവച്ചാണ് 32–ാം വയസ്സിലാണു പൈലറ്റായത്.

ആവർത്തിച്ചത് ഹഡ്സനിലെ അദ്ഭുതം

2009 ൽ യുഎസിലും സമാന സംഭവമുണ്ടായി. 155 യാത്രക്കാരുമായി ന്യൂയോർക്കിലെ ലാഗാർഡിയ വിമാനത്താവളത്തിൽ നിന്നു പറന്നുപൊങ്ങിയ യുഎസ് എയർവേയ്‌സിന്റെ എയർബസ് എ 320 വിമാനത്തിൽ പക്ഷിയിടിച്ചു. എൻജിനുകൾ തകരാറിലായതിനാൽ മൻഹാറ്റനു സമീപം ഹഡ്സൻ നദിയിലേക്കാണു പൈലറ്റ് ചെസ്‌ലി സള്ളൻബെർഗർ വിമാനം ഇറക്കിയത്. വെള്ളത്തിലാണു വീണതെങ്കിലും മുഴുവൻ യാത്രക്കാരും രക്ഷപ്പെട്ടു. ഈ സംഭവം പിന്നീട് ഹോളിവുഡ് സിനിമയ്ക്കു പ്രമേയമായി. ടോം ഹാങ്ക്സായിരുന്നു നായകൻ.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com