sections
MORE

തിരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള നീക്കം ബ്രിട്ടിഷ് പാർലമെന്റ് തള്ളി

boris-johnsons-move-for-brexit-leads-to-crisis
ബോറിസ് ജോൺസൻ
SHARE

ലണ്ടൻ ∙ പാർലമെന്റിൽ തുടർച്ചയായി തിരിച്ചടി നേരിട്ടിട്ടും ബ്രെക്സിറ്റ് നിലപാടിൽ മാറ്റം വരുത്താതെ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിലനിൽപിനായി പാടുപെടുന്നു. തിരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള ജോൺസന്റെ നീക്കം പാർലമെന്റ് വോട്ടിനിട്ട് തള്ളി. പാർലമെന്റ് പിരിച്ചുവിടാനുള്ള ജോൺസന്റെ വിവാദ തീരുമാനം ദീർഘനേരം ചർച്ച ചെയ്തശേഷമാണ് തള്ളിയത്. പ്രതിപക്ഷ നിലപാടിനെ രൂക്ഷമായി വിമർശിച്ച ജോൺസൻ ഒക്ടോബർ 31 നുള്ളിൽ തന്നെ യൂറോപ്യൻ യൂണിയനുമായി പുതിയ കരാറുണ്ടാക്കി ബ്രെക്സിറ്റ് നടപ്പാക്കുമെന്ന് അറിയിച്ചു. 

കരാറില്ലാ ബ്രെക്സിറ്റ് ബ്രിട്ടന്റെ സമ്പദ് രംഗത്തിന് കനത്ത ആഘാതമാകുമെന്നതിൽ എംപിമാർ ഏകസ്വരത്തിലായിരുന്നു. നേരത്തെ തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ പാർലമെന്റിൽ മൂന്നിൽ രണ്ട് എംപിമാരുടെ പിന്തുണ വേണം. പാർലമെന്റിനെ അപമാനിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ചു രാജിവയ്ക്കുകയാണെന്ന് പൊതുസഭയുടെ സ്പീക്കർ ജോൺ ബെർകൗ അറിയിച്ചു. പുതിയ കരാറുണ്ടാക്കുകയോ, സമയപരിധി നീട്ടിവാങ്ങുകയോ ചെയ്യാതെ നേരത്തെ തിരഞ്ഞെടുപ്പ് എന്ന ജോൺസന്റെ നീക്കത്തെ പിന്തുണയ്ക്കാനാവില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അടുത്ത മാസം 17ന് ആരംഭിക്കുന്ന ദ്വിദിന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ കരാറുണ്ടാക്കാനായില്ലെങ്കിൽ പ്രധാനമന്ത്രി പദത്തിൽ ജോൺസന്റെ ഭാവി ഇരുളടയും. 

ഇതേസമയം, സുരക്ഷിതമായ ബ്രെക്സിറ്റ് കരാറിനായി ഒരുമിച്ചു നീങ്ങാൻ കൺസർവേറ്റീവ്, ലേബർ, ലിബറൽ ഡെമോക്രാറ്റ് എംപിമാർ പ്രത്യേക ഗ്രൂപ്പുണ്ടാക്കി. കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ബ്രെക്സിറ്റ് കാലാവധി 3 മാസം നീട്ടാൻ ആവശ്യപ്പെടുന്ന നിയമം അവർ പാസ്സാക്കുകയും ചെയ്തു. മുൻ പ്രധാനമന്ത്രി തെരേസ മേയാണ് ഇതിനു നേതൃത്വം നൽകുന്നത്. 

rami-rangar
രമി രംഗർ

എൻആർഐ വ്യവസായി പ്രഭുസഭയിൽ

ലണ്ടൻ ∙ എൻആർഐ വ്യവസായി രമി രംഗറിനെ ബ്രിട്ടിഷ് പാർലമെന്റിന്റെ ഉപരിസഭയായ പ്രഭുസഭയിലേക്ക് നാമനിർദേശം ചെയ്തു. തെരേസ മേ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്ന കത്തിൽ രംഗറിന്റെ നാമനിർദേശം ശുപാർശ ചെയ്തിരുന്നു. വിഭജന കാലത്ത് പാക്കിസ്ഥാനിൽ നിന്ന് പഞ്ചാബിലെ പട്യാലയിൽ എത്തി താമസമുറപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ കുടുംബം. പിതാവ് ഗുജ്​റൻവാല വർഗീയ കലാപത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് അമ്മയ്ക്കൊപ്പം രംഗറും 7 സഹോദരങ്ങളും ഇന്ത്യയിലെത്തുകയായിരുന്നു. ബ്രിട്ടിഷ് സിഖ് അസോസിയേഷൻ അധ്യക്ഷനാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA