ADVERTISEMENT

ടെഹ്റാൻ ∙ ഇറാനിൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് 6 മാസം തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് അറിഞ്ഞ് കോടതിമുറിക്കു പുറത്ത് കഴിഞ്ഞയാഴ്ച തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച ആരാധിക ആശുപത്രിയിൽ മരിച്ചു.

സഹർ ഖൊഡയാരി (30) എന്ന ഫുട്ബോൾ ആരാധിക പുരുഷന്റെ വേഷത്തിൽ കഴിഞ്ഞ വർഷം സ്റ്റേഡിയത്തിൽ കളി കാണാനെത്തിയപ്പോഴാണ് അറസ്റ്റിലായത്. നീല ജഴ്സിയുള്ള എസ്തെഗ്‌ലൽ എന്ന ടീമിന്റെ ആരാധികയായിരുന്നു സഹർ. അതിനാൽ ‘നീല പെൺകുട്ടി’ എന്നാണറിയപ്പെട്ടിരുന്നത്. ടീമിന്റെ കളികാണാനാണ് വേഷം മാറി എത്തിയത്. അറസ്റ്റിലായതിനെ തുടർന്ന് 3 ദിവസം ജയിലിൽ കഴിയേണ്ടിവന്നു. കേസിൽ വിധി വന്നിട്ടില്ലെങ്കിലും 6 മാസം തടവു കിട്ടുമെന്ന് ആരോ പറഞ്ഞതു കേട്ടായിരുന്നു ആത്മാഹുതി. മൃതദേഹം വീട്ടുകാർക്ക് കൈമാറി.

സഹറിന്റെ മരണം ഇറാനിലും പുറത്തും വലിയ ഒച്ചപ്പാടിന് വഴിവച്ചു. വോളിബോൾ അടക്കമുള്ള കളികൾ കാണാൻ അനുവാദമുണ്ടെങ്കിലും ഫുട്ബോൾ കളി കാണാൻ സ്ത്രീകൾക്ക് ഇറാനിൽ അനുവാദമില്ല. എന്നാൽ ഇറാൻ ദേശീയ ടീം ഒക്ടോബറിൽ കംബോഡിയയുമായി ഏറ്റുമുട്ടുമ്പോൾ വനിതകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

സഹറിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഇറാനിലെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ ബഹിഷ്കരിക്കാൻ പ്രമുഖ ഫുട്ബോൾ താരം അലി കരിമി ആവശ്യപ്പെട്ടു. ഇറാനിലെ ഒരു പ്രധാന ഫുട്ബോൾ സ്റ്റേഡിയത്തിന് സഹറിന്റെ പേരിടണമെന്ന് മുൻ ക്യാപ്റ്റൻ അൻഡ്രാനിക് ആൻഡോ തെയ്മൗറിയൻ ആവശ്യപ്പെട്ടു. ആരാധികയുടെ മരണത്തിൽ എസ്തെഗ്‌ലൽ ടീം അനുശോചിച്ചു.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com