sections
MORE

ഗാസയിലേക്ക് പോർവിമാനങ്ങൾ സജ്ജം; ഇറാന് എതിരെയും യുദ്ധ അനുമതി തേടി ഇസ്രയേൽ

PALESTINIAN-ISRAEL-CONFLICT-UNREST
വെസ്റ്റ് ബാങ്കിൽ പ്രതിഷേധ പ്രകടനത്തിനിടെ ഇസ്രയേലി സൈന്യം ടിയർ ഗ്യാസുകൾ പ്രയോഗിച്ചപ്പോൾ മാധ്യമപ്രവർത്തകർ ഓടിമാറുന്നു (ഫയൽ ചിത്രം)
SHARE

ജറുസലം ∙ വീണ്ടും അധികാരത്തിലെത്തിയാൽ, അധിനിവേശ വെസ്റ്റ് ബാങ്കിലെ ജോർദാൻ താഴ്‌വര ഇസ്രയേലിനോടു കൂട്ടിച്ചേർക്കുമെന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. പലസ്തീൻ സമൂഹത്തിനൊപ്പം യുഎന്നും അറബ് രാജ്യങ്ങളും യൂറോപ്യൻ യൂണിയനും വിവാദ പ്രഖ്യാപനത്തെ അപലപിച്ചു. ഇസ്രയേലിൽ 17 നാണ് പൊതുതിരഞ്ഞെടുപ്പ്. തീവ്രദേശീയവാദികളുടെ വോട്ട് നേടാനുള്ള തന്ത്രമാണിതെന്ന് നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളികൾ വിമർശിച്ചു.

അതിനിടെ, ഇറാനെതിരെ സ്വതന്ത്രമായി പോരാടാനുള്ള അനുവാദം ഇസ്രയേലിനു നൽകണമെന്ന് റഷ്യയോട് നെതന്യാഹു ആവശ്യപ്പെട്ടു. സോചിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ഇക്കാര്യം ഉന്നയിച്ചത്. സിറിയയിലെ സുരക്ഷാസഹകരണം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു നെതന്യാഹു റഷ്യയിലെത്തിയത്.

ഇറാനും ഇറാന്റെ പിന്തുണയോടെ സായുധ സംഘടന ഹിസ്ബുല്ലയും സിറിയയിലെ ബഷാർ അൽ അസദ് ഭരണകൂടത്തെ സഹായിക്കുന്നുണ്ട്. റഷ്യയുടെ പിന്തുണയും അസദിനുണ്ട്. എന്നാൽ സിറിയയിൽ ഇറാൻ ഇടപെടുന്നതിനെ ഇസ്രയേൽ എതിർക്കുകയാണ്. ഇടയ്ക്കിടെ സിറിയയിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും റഷ്യ അതിനു നേരെ കണ്ണടയ്ക്കുന്നതാണു പതിവ്. ഈ സാഹചര്യത്തിലാണ് സൈനിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യത്തലവന്മാരും കൂടിക്കാഴ്ച നടത്തിയത്.

ചൊവ്വാഴ്ച ടിവി പ്രസംഗത്തിലാണു വീണ്ടും അധികാരത്തിലെത്തിയാൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജോർദാൻ താഴ്‌വര അടക്കം എല്ലാ ജൂതകുടിയേറ്റ സ്ഥലങ്ങളും ഇസ്രയേലിനോടു സംയോജിപ്പിക്കുമെന്നു നെതന്യാഹു പറഞ്ഞത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിയാലോചിച്ചായിരിക്കും ഇതു നടപ്പിലാക്കുകയെന്ന് താഴ്‌വരയുടെ ഭൂപട ചിത്രം ടിവി സ്ക്രീനിൽ പ്രദർശിപ്പിച്ച് നെതന്യാഹു വിശദീകരിച്ചു.

Benjamin Netanyahu
ബെന്യമിൻ നെതന്യാഹു

എന്നാൽ, മേഖലയിലെ ജെറീക്കോ അടക്കമുള്ള പലസ്തീൻ നഗരങ്ങൾ കൂട്ടിച്ചേർക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഇവയെ വലയം ചെയ്യുന്നത് ഇസ്രയേൽ പ്രദേശങ്ങളാകും.1967 ൽ 6 ദിവസത്തെ യുദ്ധത്തിൽ വെസ്റ്റ് ബാങ്ക് ഇസ്രയേൽ പിടിച്ചെടുത്തെങ്കിലും രാജ്യത്തോടു കൂട്ടിച്ചേർത്തിട്ടില്ല. അധിനിവേശത്തിനു രാജ്യാന്തര അംഗീകാരവുമില്ല. ഒട്ടേറെ അഴിമതിക്കേസുകളിൽ ഒക്ടോബർ ആദ്യം വിചാരണ നടക്കാനിരിക്കെയാണു 17നു നെതന്യാഹു വീണ്ടും ജനവിധി തേടുന്നത്.

സമാധാന പ്രതീക്ഷകളെ നശിപ്പിക്കുകയാണു നെതന്യാഹു എന്ന് പലസ്തീൻ പ്രധാനമന്ത്രി മഹ്മൂദ് അബ്ബാസ് പ്രസ്താവിച്ചു. നീക്കം രാജ്യാന്തര നിയമ ലംഘനമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. യൂറോപ്യൻ യൂണിയനു പുറമേ സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, യുഎഇ, ജോർദാൻ, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളും പ്രതിഷേധിച്ചു. 51 അംഗ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷൻ (ഒഐസി) ഞായറാഴ്ച വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ഹമാസിനെതിരെ യുദ്ധം അനിവാര്യം: നെതന്യാഹു

ജറുസലം ∙ ഗാസയിൽ നിന്നുള്ള തുടർച്ചയായ റോക്കറ്റ് ആക്രമണങ്ങൾ ഹമാസിനെതിരെ മറ്റൊരു യുദ്ധം അനിവാര്യമാക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഗാസയെ ആക്രമിക്കാൻ പോർവിമാനങ്ങൾ സജ്ജമാണെന്നും ഉചിതമായ ആക്രമണസമയം താൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ഗാസ മുനമ്പിലെ ഹമാസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ബുധനാഴ്ചത്തെ റോക്കറ്റ് ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നും വ്യക്തമാക്കി.

ബുധനാഴ്ച ഇസ്രയേൽ നഗരമായ അഷ്‌ദോദിൽ റോക്കറ്റാക്രമണ സൂചന നൽകുന്ന സൈറൺ മുഴങ്ങിയതോടെ അവിടെ തിരഞ്ഞെടുപ്പുപ്രചാരണ വേദിയിലായിരുന്ന നെതന്യാഹുവിനെ അംഗരക്ഷകർക്കു സുരക്ഷിതസ്ഥാനത്തേക്കു മാറ്റേണ്ടി വന്നിരുന്നു. മിനിറ്റുകൾക്കുശേഷം അദ്ദേഹം പ്രസംഗം തുടരുന്നതു ലികുഡ് പാർട്ടി തൽസമയം സമൂഹമാധ്യമത്തിൽ സംപ്രേഷണം ചെയ്തു.

നെതന്യാഹുവിന്റെ ചാറ്റ്ബോക്സിന് എഫ്‌ബി വിലക്ക്

ജറുസലം ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക പേജിലെ ചാറ്റ്‌ബോക്‌സ് ഫെയ്‌സ്ബുക് അധികൃതർ ഒരു ദിവസത്തേക്കു സസ്പെൻഡ് ചെയ്തു. സമൂഹമാധ്യമത്തിലെ ‘വിദ്വേഷ സന്ദേശ നയങ്ങൾ’ ലംഘിച്ചതുകൊണ്ടാണു നടപടി. ഇസ്രയേലിലെ അറബ് രാഷ്ട്രീയ കക്ഷിക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിന്റെ പേരിലാണിത്.

English Summary: Israeli PM: Rocket attacks make new war in Gaza inevitable

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA