ജക്കാർത്ത ∙ ടിയനൻമെൻ സ്‌ക്വയർ വിദ്യാർഥി പ്രക്ഷോഭകാലത്തിന്റെ അനശ്വരചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർമാരിൽ ഒരാളായ ചാർലി കോൾ (64) വിടപറയുമ്പോൾ ലോകം വീണ്ടും ഓർക്കുന്നത് ആ ‘ടാങ്ക് മാൻ’ ചിത്രങ്ങളെ. ബാലിയിൽ താമസിച്ചിരുന്ന അമേരിക്കൻ ഫോട്ടോജേണലിസ്റ്റ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
രണ്ടു കയ്യിലും ബാഗുകൾ തൂക്കിപ്പിടിച്ചു കൂറ്റൻ പട്ടാളടാങ്കിനു മുന്നിൽ കൂസലില്ലാതെ നിൽക്കുന്ന വെളുത്ത ഷർട്ടുധരിച്ചയാളുടെ ചിത്രം കോളിന് 1990 ലെ വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരം നേടിക്കൊടുത്തിരുന്നു.
തെരുവിലെ ഒരു ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് ടെലിഫോട്ടോ ലെൻസ് ഉപയോഗിച്ചാണു ചിത്രമെടുത്തത്. പൊലീസ് പരിശോധന മുൻകൂട്ടിയറിഞ്ഞതിനാൽ ഫിലിം റോൾ കുളിമുറിയിൽ ഒളിപ്പിച്ചുവയ്ക്കാൻ തോന്നിയതു ഭാഗ്യമായെന്ന് അദ്ദേഹം പിൽക്കാലത്തു പറഞ്ഞിരുന്നു.
