ADVERTISEMENT

ചെറുപ്പവും വ്യക്തിപ്രഭാവവും ആയുധങ്ങളാക്കി ആഫ്രിക്കയിൽ സമാധാനത്തിനും സ്ഥിരതയ്ക്കുമായി പോരാടുന്നു, നൊബേൽ ജേതാവ് അബി അഹ്മദ് അലി

2018 ഏപ്രിലിലാണ് ഡോ. അബി അഹ്മദ് അലി ഇത്യോപ്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്. ദീർഘകാലം രാജ്യം ഭരിച്ച ഹെയ്‍ലി മറിയം ദെസാലെ, 3 വർഷം നീണ്ട രാഷ്ട്രീയ, ആഭ്യന്തര സംഘർഷങ്ങൾക്കൊടുവിൽ രാജിവച്ചതിനെത്തുടർന്നായിരുന്നു ഇത്.

ചെറുപ്പക്കാരനായ പുതിയ പ്രധാനമന്ത്രി ഇത്യോപ്യയ്ക്ക് പുതിയ പ്രതീക്ഷ നൽകി. മുറിവുകളുണക്കുക എന്നതായിരുന്നു ആദ്യദൗത്യം. ഭരണത്തിലും നയങ്ങളിലുമുള്ള പൂർവകാല ‘പാപങ്ങൾ’ ഏറ്റുപറഞ്ഞ് അദ്ദേഹം കയ്യടി നേടി. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരികളിലൊരാൾ എന്ന നിലയിൽ തന്റെ വ്യക്തിപ്രഭാവം പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് അബിയുടെ രീതി. 

എറിട്രിയ സമാധാനകരാർ

ഭരണത്തിലെത്തിയ ശേഷം അബി അഹ്മദിന്റെ ആദ്യ പ്രധാന തീരുമാനം എറിട്രിയയുമായി സമാധാന ഉടമ്പടിക്കു തയാറാണെന്ന പ്രഖ്യാപനമായിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ദീർഘമായ സംഘർഷങ്ങളിലൊന്നിന് അത് അന്ത്യം കുറിച്ചു. ആഴ്ചകൾക്കകം എറിട്രിയയുടെ പ്രസിഡന്റ് സയ്യാസ് അഫ്ക് വീറി ഇത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലെത്തി, രണ്ടു പതിറ്റാണ്ട് മുടങ്ങിക്കിടന്ന വാർത്താവിനിമയ, ഗതാഗത പാതകൾ തുറന്നു, എംബസികൾ പ്രവർത്തനം പുനരാരംഭിച്ചു, കുടുംബങ്ങൾ ഒന്നു ചേർന്നു. യുഎൻ ഉപരോധങ്ങളും വിലക്കുകളും പിൻവലിക്കപ്പെട്ടു.

ജനാധിപത്യ മാർഗം

അബി അഹ്മദ് പിന്നെയും ഇത്യോപ്യയിൽ അമ്പരപ്പിക്കുന്ന തീരുമാനങ്ങളെടുത്തു. പ്രതിപക്ഷ ഗ്രൂപ്പുകൾക്കു മേലുണ്ടായിരുന്ന വിലക്കു നീക്കി. ആയിരക്കണക്കിനു രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചു.

ഭരണകൂടത്തിനെതിരെ നിന്നതിന്റെ പേരിൽ രാജ്യം വിടേണ്ടി വന്നവരെ തിരികെ കൊണ്ടുവന്നു. യുഎസിൽ പ്രവാസിയായി കഴിഞ്ഞ പാത്രിയർക്കീസ് ആബൂനാ മെർക്കോറിയോസ് അടക്കമുള്ളവർ മടങ്ങിയെത്തി. കമ്യൂണിസ്റ്റ് ഭരണത്തിൽ 1988 ൽ പാത്രിയർക്കീസായി വാഴിക്കപ്പെടുകയും ആ സർക്കാരിന്റെ തകർച്ചയെ തുടർന്ന് 1991 ൽ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും യുഎസിൽ രാഷ്ട്രീയ അഭയം തേടുകയും ചെയ്യുകയുമായിരുന്നു മെർക്കോറിയോസ്. കേരളത്തിലെ മലങ്കരസഭയുമായി അടുത്ത ബന്ധമുള്ള ഓറിയന്റൽ ഓർത്തഡോക്സ് സഭയാണ് ഇത്യോപ്യയിലേത്.

ലോകത്തിന്റെ കണ്ണിലുണ്ണി

ലോകത്ത് സ്ത്രീപുരുഷ തുല്യതയുള്ള സർക്കാർ ഭരിക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇത്യോപ്യ ഇന്ന്. രാജ്യത്തിന്റെ പ്രസിഡന്റാകട്ടെ ആദ്യമായി ഒരു വനിതയാണ്. ഇത്യോപ്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മാധ്യമപ്രവർത്തകനും ജയിലില്ലാത്ത കാലമാണിതെന്ന് കഴിഞ്ഞവർഷം മാധ്യമഗ്രൂപ്പുകൾ ചൂണ്ടിക്കാട്ടിയിരുന്നു. നവമാധ്യമങ്ങളിലും നിയന്ത്രണങ്ങളില്ല. സമൂഹമാധ്യമങ്ങളിൽ ജനങ്ങൾ സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയുന്നു.

ഇതിനിടെ, ഇത്യോപ്യൻ സമ്പദ്‍വ്യവസ്ഥയെ തുറന്നു കൊടുത്തു കൊണ്ട്, സ്വകാര്യനിക്ഷേപങ്ങൾക്കു വഴി തുറന്നു. സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളിൽ വ്യക്തിപരമായി ഇടപെട്ടതടക്കം വിദേശരാജ്യങ്ങളുമായുള്ള ഇത്യോപ്യയുടെ ബന്ധങ്ങളിൽ വലിയ മാറ്റം കൊണ്ടുവന്നു.

പ്രതിസന്ധി ഒട്ടേറെ

മാറ്റങ്ങൾക്കു ചുക്കാൻ പിടിക്കുകയും രാജ്യാന്തരശ്രദ്ധ നേടുകയും ചെയ്യുമ്പോഴും ഒട്ടേറെ പ്രതിസന്ധികൾ അബി അഹ്മദിനെ കാത്തിരിപ്പുണ്ട്. പരിഷ്കരണങ്ങളെ എതിർക്കുന്ന വലിയൊരു വിഭാഗമുണ്ട് രാജ്യത്ത്. കഴിഞ്ഞ ഒക്ടോബറിൽ ശമ്പള വർധന ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിലെത്തിയ വലിയ കൂട്ടം സൈനികരെ അബി കൈകാര്യം ചെയ്ത രീതി ഏറെ ശ്രദ്ധനേടി.

ആയുധമേന്തിയെത്തിയ സൈനികരെ അനുനയിപ്പിച്ച പ്രധാനമന്ത്രി അവരോടൊപ്പം നിലത്തു കിടന്ന് പുഷ് അപ് എടുക്കുന്ന ദൃശ്യങ്ങൾ തരംഗമായി. കൗമാരകാലത്ത് ആദ്യം സായുധവിപ്ലവ സംഘത്തിലും വിപ്ലവം ജയിച്ചതോടെ പതിനഞ്ചാം വയസ്സിൽ സൈന്യത്തിലുമെത്തിയ ആൾക്ക് ആ കസർത്തൊക്കെ നിസ്സാരമായിരുന്നു. അടുത്ത വർഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ കൂടുതൽ സംഘർഷങ്ങളും ആക്രമണങ്ങളുമുണ്ടാകുമെന്നു കരുതുന്നവരുണ്ട്.

∙  ‘എല്ലാ ഇത്യോപ്യക്കാരുടെയും കൂട്ടായ വിജയമാണിത്. ഇത്യോപ്യയെ സമൃദ്ധമായ രാജ്യമാക്കി മാറ്റാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഇതു കരുത്തു പകരും. രാജ്യമെന്ന നിലയിൽ ഞങ്ങൾ ഇന്ന് അഭിമാനിതരായിരിക്കുന്നു.’ - അബി അഹ്മദ് അലി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com