ADVERTISEMENT

ഇസ്തംബുൾ ∙ തുർക്കി വടക്കുകിഴക്കൻ സിറിയയിലെ കുർദ് സേനയ്ക്കെതിരായ ആക്രമണം രൂക്ഷമാക്കി. കുർദുകൾ തിരിച്ചടി ശക്തമാക്കിയതോടെ തുർക്കി – സിറിയ അതിർത്തി കത്തുന്നു. അതിർത്തിയിലെ തുർക്കി പട്ടണമായ സുറുക്കിൽ സിറിയയിലെ കുർദ് വൈപിജി സേന നടത്തിയ പീരങ്കി ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 342 ഭീകരരെ വധിച്ചതായി തുർക്കി അവകാശപ്പെട്ടു. ആയിരക്കണക്കിനാളുകൾ സുരക്ഷിത ഇടം തേടി പലായനം തുടങ്ങി. 8 വർഷമായി ആഭ്യന്തര യുദ്ധത്തിൽ വലയുന്ന സിറിയയ്ക്ക് പുതിയ വെല്ലുവിളിയാണിത്.

തുർക്കിയുടെ ആക്രമണത്തെ യൂറോപ്യൻ യൂണിയൻ അപലപിച്ചു. തന്നെ പിന്തുണച്ചില്ലെങ്കിൽ 36 ലക്ഷം അഭയാർഥികളെ യൂറോപ്പിലേക്കു തുറന്നുവിടുമെന്ന തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗന്റെ ഭീഷണി പ്രകോപനപരമെന്ന് വിലയിരുത്തിയ യൂറോപ്യൻ യൂണിയൻ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് തിരിച്ചടിച്ചു. തുർക്കിയുമായുള്ള ആയുധ ഇടപാട് പൂർണമായി നിർത്തുമെന്നും സ്വീഡൻ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ അറിയിച്ചു. ഉപരോധ തീരുമാനം എടുക്കുന്നതിന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗം അടുത്തയാഴ്ച ചേരും.

സിറിയയിൽ കുർദ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്ഡിഎഫ്) നിയന്ത്രണത്തിലുള്ള പ്രദേശത്ത് 2000 ഐഎസ് ഭീകരർ തടവിലുണ്ടെന്ന് തുർക്കി പറയുന്നു. യൂറോപ്പിൽ നിന്നുൾപ്പെടെയുള്ള വിദേശികളാണിവർ. ഇവരെ പിടികൂടാനാണ് ആക്രമണമെന്നും തുർക്കി അവകാശപ്പെടുന്നു. ഐഎസ് ഭീകരർക്കെതിരായ സിറിയയിലെ പോരാട്ടത്തിൽ നിർണായക പങ്കു വഹിച്ച കുർദ് സേനയ്ക്കെതിരായ ആക്രമണത്തെ യൂറോപ്പും യുഎസും ആശങ്കയോടെയാണ് കാണുന്നത്. ഒട്ടേറെ ഭീകരർ രക്ഷപ്പെടാൻ ഇതിടയാക്കുമെന്ന് അവർ കരുതുന്നു. ഖമിഷിലി നഗരത്തിലെ ജയിലിനു നേരെ നടന്ന ബോംബാക്രമണം ഭീകരർക്കു രക്ഷപ്പെടാൻ വഴിയൊരുക്കാനാണ് എന്ന് ആരോപണമുണ്ട്.

ഇപ്പോഴത്തെ സംഘർഷത്തിൽ മധ്യസ്ഥതയ്ക്ക് തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നുണ്ടെങ്കിലും ഭീകരവിരുദ്ധ പോരാട്ടത്തിൽ വിശ്വസ്ത പങ്കാളി ആയിരുന്ന കുർദ് സേനയെ അദ്ദേഹം കൈവിട്ടെന്ന് ആരോപണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com