ADVERTISEMENT

ജനകീയ പ്രക്ഷോഭത്തിന്റെ തീച്ചൂടിൽ പൊള്ളുകയാണ് ലബനൻ, ചിലെ എന്നീ രാജ്യങ്ങളും ചൈനയുടെ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങും. സാമൂഹിക – സാമ്പത്തിക മേഖലകളിലെ പ്രശ്നങ്ങളാണു ചിലെയിലെ പ്രക്ഷോഭങ്ങൾക്ക് ഇന്ധനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ജനങ്ങളുടെ കീശയിൽ കയ്യിടാനുള്ള നീക്കമാണു ലബനനെ സമരഭൂമിയാക്കിയത്. പൗരാവകാശവും സ്വയംഭരണാവകാശവും സംരക്ഷിക്കാനുള്ള സമരം 4 മാസമായി ഹോങ്കോങ് തെരുവുകളെ കലാപഭൂമിയാക്കുന്നു.

ചിലെയിൽ മരണക്കളി

തലസ്ഥാനമായ സാന്തിയാഗോയിൽ 2 ദിവസമായി തുടരുന്ന പ്രക്ഷോഭം ഒടുവിൽ മരണക്കളിയായി. സമരക്കാർ കൊള്ളയടിച്ച ശേഷം തീയിട്ട വാൾമാർട്ട് സൂപ്പർമാർക്കറ്റിൽ 3 പേർ പൊള്ളലേറ്റു മരിച്ചു. കർഫ്യൂ അവഗണിച്ചു പൊലീസുമായി ഏറ്റുമുട്ടിയ സമരക്കാർ മെട്രോ സ്റ്റേഷനുകൾക്കും ബസുകൾക്കും തീയിട്ടു. അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കു തിരിച്ചെത്തിയ 1990 നു ശേഷം ആദ്യമായി തെരുവുകളിൽ സൈന്യത്തെ വിന്യസിച്ചു.

മെട്രോ ട്രെയിൻ നിരക്കു വർധിപ്പിച്ചതാണു സമരത്തിനു തുടക്കമിട്ടത്. പിന്നാലെ, നിരക്കുവർധന താൽക്കാലികമായി മാറ്റിവച്ചതായി പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര പ്രഖ്യാപിച്ചിരുന്നു. സാമൂഹിക അസമത്വം, ഉയർന്ന ചികിത്സച്ചെലവ്, കുറഞ്ഞ പെൻഷൻ എന്നിവയുടെ പേരിൽ പുകഞ്ഞുകൊണ്ടിരുന്ന അമർഷമാണ് പ്രക്ഷോഭത്തിലൂടെ ആളിക്കത്തുന്നത്.

സമരവിളിയി‍ൽ ലബനൻ

നികുതി വർധനയ്ക്കും ഭരണാധികാരികളുടെ അഴിമതിക്കുമെതിരായ പ്രക്ഷോഭത്തിന്റെ മൂന്നാം ദിനം തലസ്ഥാനമായ ബെയ്റൂട്ടിലെ തെരുവിലെത്തിയത് പതിനായിരങ്ങൾ. ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്മാറാത്ത സമരക്കാർ പാർലമെന്റ് മന്ദിരമുൾപ്പെടെ വളഞ്ഞു. കൊള്ളയടി, തീവയ്പ് എന്നിവയ്ക്ക് 70 പേർ അറസ്റ്റിലായതായി സുരക്ഷാ ഏജൻസികൾ അറിയിച്ചു.

രാജ്യത്തെ ഭരണസംവിധാനത്തിൽ സമഗ്ര അഴിച്ചുപണിയാണു പ്രക്ഷോഭകരുടെ ആവശ്യം. സഖ്യസർക്കാരിനെ അട്ടിമറിക്കുമെന്ന ഭീഷണിയും ഇവർ മുഴക്കുന്നു. അതിനിടെ, ലബനീസ് ഫോഴ്സസ് പാർട്ടി ഭരണസഖ്യത്തിൽ നിന്നു പിൻമാറി. വാട്സാപ്, ഫെയ്സ്ബുക്, ഫെയ്സ്ടൈം കോളുകൾക്കു നികുതി ഏർപ്പെടുത്തിയ തീരുമാനമാണു പ്രക്ഷോഭത്തിനു തിരികൊളുത്തിയത്. പിന്നാലെ തീരുമാനം പിൻവലിച്ചിരുന്നു.

ശാന്തമാകാതെ ഹോങ്കോങ്

ജനാധിപത്യാവകാശങ്ങൾക്കായി പോരാടുന്ന പ്രക്ഷോഭകരും പൊലീസ് തമ്മിലുള്ള ഏറ്റുമുട്ടലിൽ ഹോങ്കോങ് കലാപഭൂമിയായി. ചൈനീസ് ബാങ്കുകളും മെട്രോ സ്റ്റേഷനുകളും സമരക്കാർ ആക്രമിച്ചു. നൂറുകണക്കിനു കടകൾ തകർത്തു. കേസുകളിൽ പ്രതിചേർക്കപ്പെടുന്ന ഹോങ്കോങ് പൗരൻമാരെ വിചാരണ ചെയ്യാൻ ചൈനയിലേക്കു കൊണ്ടുപോകാനുള്ള കുറ്റവാളി കൈമാറ്റ ബിൽ ആണ് കഴിഞ്ഞ ജൂണിൽ ആരംഭിച്ച പ്രക്ഷോഭത്തിനു കാരണം. ഇതുവരെ വെടിവയ്പിൽ 2 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേർക്കു പരുക്കേൽക്കുകയും ചെയ്തു. 2300 പേർ അറസ്റ്റിലായി.

English Summary: Chile Lebanon HongKong protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com