ADVERTISEMENT

ജറുസലം ∙ ടെൽ അവീവിലെ വേദിയിൽ സംഗീതമഴയ്ക്കു പിന്നാലെ പൂക്കളുടെ മഴയായിരുന്നു. ആ മഴയിൽ ഹൃദയം നിറഞ്ഞു സുബിൻ മേത്ത നിന്നു. ഇസ്രയേൽ ഫിൽഹാർമോണിക് ഓർക്കസ്ട്ര(ഐപിഒ)യെ അരനൂറ്റാണ്ടുകാലം നയിച്ച മേത്തയുടെ ‘മാന്ത്രികവടി’ ഓർക്കസ്ട്രകളോടു വിട പറയുകയാണ്.

83 വയസ്സുള്ള ലോകപ്രശസ്ത ക്ലാസിക്കൽ സംഗീതജ്ഞന്റെ വികാരസാന്ദ്രമാം ഹംസഗാനം. 3000 ലേറെ സംഗീതമേളകൾ നടത്തിയിട്ടുള്ള മേത്ത വിടവാങ്ങൽ പരിപാടിയിൽ ലിസ്റ്റിന്റെ പിയാനോ കൺസെർടോയും ഗുസ്താവ് മാലറുടെ റിസറക്‌ഷൻ സിംഫണിയും പതിവു പ്രൗഢിയോടെ നയിച്ചു.

നാത്‌സി ക്രൂരതകളുടെ പഴയ ബുകൻവാൾഡ് ജൂതക്യാംപിരുന്ന സ്ഥലത്ത് ‘റിസറക്‌ഷൻ സിംഫണി’ നടത്തി 20 വർഷം മുൻപു വാ‍ർത്ത സൃഷ്ടിച്ചിട്ടുള്ളയാളാണു മേത്ത. വയലിനിസ്റ്റ് മെഹ്‌ലി മേത്തയുടെ മകനായി മുംബൈയിൽ ജനനം. യുഎസിൽ സ്ഥിരതാമസം. ഐപിഒയുടെ ആജീവനാന്ത മ്യൂസിക് ഡയറക്ടറായി ഇസ്രയേലിലുൾപ്പെടെ, ഭൂഖണ്ഡാന്തര സംഗീതയാത്രകൾ. അമേരിക്കൻ നടി നാൻസി കൊവാക്കാണു ഭാര്യ.

50 വർഷം ഇസ്രയേൽ ഓർക്കസ്ട്രയെ നയിച്ചിട്ടും ഹീബ്രു ഭാഷ സംസാരിക്കാൻ പഠിച്ചില്ല എന്ന സങ്കടം മാത്രമേ ബാക്കിയുള്ളൂ എന്നാണു ടെൽ അവീവ് പരിപാടിയിലെ വിടവാങ്ങൽ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത്. ശുദ്ധസംഗീതത്തിനു ഭാഷയില്ലാത്തതിനാൽ അതൊരു കുറവായി ഇസ്രയേലുകാർ കണ്ടില്ലെന്നതു സത്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com