ADVERTISEMENT

വടക്കൻ സിറിയ മുതൽ ഇറാഖിലെ മൊസൂൾ വരെ നീളുന്ന ടൈഗ്രിസ്, യൂഫ്രട്ടിസ് നദീതടത്തിലാണ് ഐഎസിന്റെ ഭീകരത പടർന്നു പന്തലിച്ചത്. ഈ പ്രദേശത്തെ ലക്ഷക്കണക്കിനു ജനങ്ങളെ ഐഎസിന്റെ തടവിലാക്കിയാണ് 2014ൽ അബൂബക്കർ അൽ ബഗ്ദാദി തന്റെ ഭരണകൂടം പ്രഖ്യാപിച്ചത്.

ഏറ്റവും ശക്തിയാർജിച്ച സമയം ഐഎസിന്റെ നിയന്ത്രണം ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനു സമീപം വരെയെത്തി. 34,000 ചതുരശ്ര മൈൽ വിസ്തീർണമുള്ള പ്രദേശത്ത് പൂർണ നിയന്ത്രണം. ഇതിനൊപ്പം അനുഭാവികളും സ്ലീപ്പർ സെല്ലുകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഐഎസ് വല നീണ്ടു.

ലോകത്ത് ഒട്ടേറെ സ്ഥലങ്ങളിൽനടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം പിന്നീട് സംഘടന ഏറ്റു. പാരിസ്, നീസ്, ഓർലൻ‍ോ, സൗദി അറേബ്യ, ഈജിപ്ത്, മാലി എന്നിവിടങ്ങൾ കൂടാതെ ശ്രീലങ്കയിൽ കഴിഞ്ഞ വർഷം ഈസ്റ്റർ ദിനത്തിൽ 260 പേർ കൊല്ലപ്പെട്ട സ്ഫോടനത്തിലും സംഘടന ഉത്തരവാദിത്തമേറ്റു. 

ഉത്തര ആഫ്രിക്കൻ രാജ്യങ്ങൾ, ഈജിപ്ത്, സൗദി അറേബ്യ, യെമൻ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്  തുടങ്ങി വിവിധ രാജ്യങ്ങളിൽ ഐഎസ് അനുഭാവമുള്ള ഭീകരസംഘടനകൾ സജീവമാണ്. ഐഎസുമായി നേരിട്ടു ബന്ധമില്ലെങ്കിലും ഭീകരതയിൽ പ്രചോദനം ഉൾക്കൊണ്ടു ചാവേറുകളായി മാറിയവരെയും ലോകം കണ്ടു.

ഇറാഖ്

ഇറാഖിലെ ഐഎസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായിരുന്ന മൊസൂൾ 2017ൽ യുഎസ് പിന്തുണയോടെ ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു.  മൊസൂൾ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ബഗ്ദാദി ഇതോടെ പുതിയ കേന്ദ്രത്തിലേക്കു മാറി. ഇപ്പോഴും 2000ലേറെ ഐഎസ് ഭീകരർ ഇറാഖിൽ സജീവമാണെന്നാണ് യുഎസ് നിഗമനം.

സിറിയ

2017ൽ റഖ മോചിപ്പിച്ചതോടെ സിറിയയിലെ പ്രധാനശക്തി കേന്ദ്രം ഐഎസിനു നഷ്ടമായി. യുഎസ് പിന്തുണയോടെ സിറിയൻ കുർദുകളുടെ നേതൃത്വത്തിലുള്ള 

സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസ് നടത്തിയ ശക്തമായ ആക്രമണങ്ങളാണു ഐഎസിന്റെ പിടി അയച്ചത്. ഒട്ടേറെ ഐഎസ് പ്രവർത്തകരെ ഇവർ തടവിലാക്കി. കുർദുകൾക്കെതിരെ തുർക്കിയുടെ ആക്രമണത്തെത്തുടർന്ന് ഐഎസ് തടവുകാർ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇപ്പോഴും സിറിയയുടെ ചില മേഖലകളിൽ ഗണ്യമായ സ്വാധീനം ഐഎസിനുണ്ട്.

21 രാജ്യങ്ങൾ, 90 ആക്രമണങ്ങൾ, കൊല്ലപ്പെട്ടത് 1400 പേർ

2015ൽ ഐഎസ് ആധിപത്യകാലത്ത് സിറിയയിലും ഇറാഖിലുമായി 3500 ലേറെപ്പേരെ അടിമകളാക്കിയെന്നാണ് യുഎൻ റിപ്പോർട്ട്. ഇതിലേറെയും യസീദി വിഭാഗത്തിലെ സ്ത്രീകളും കുട്ടികളുമായിരുന്നു. ഇവരെ ലൈംഗിക അടിമകളാക്കി പീഡിപ്പിച്ചതിന്റെ കഥകൾ പിന്നീടു ലോകം ഞെട്ടലോടെ കേട്ടു.

ഇറാഖിൽ പിടിച്ചെടുത്ത എണ്ണപ്പാടങ്ങളിൽ നിന്നുള്ള എണ്ണവിൽപനയാണു സംഘടനയുടെ പ്രധാന വരുമാനം. ഇതിനൊപ്പം തട്ടിക്കൊണ്ടുപോയവരിൽനിന്നു ലഭിച്ച മോചനദ്രവ്യം, നികുതികൾ, കൊള്ളയടിച്ച അമൂല്യ കലാവസ്തുക്കൾ വിറ്റുകിട്ടുന്ന പണം തുടങ്ങിയവയും സാമ്പത്തികസ്രോതസ്സായി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com