സാധ്യമായിടത്തെല്ലാം പ്രതിഷേധം; ഹോങ്കോങ് പ്രക്ഷോഭം കടുക്കുന്നു

hong-kong-protest
മരണപ്പോരാട്ടത്തിനിടെ: ഹോങ്കോങ് സർ‌ക്കാരിനെതിരായ പ്രക്ഷോഭത്തിനിടെ വീണു മരിച്ച അലക്സ് ചൗ എന്ന വിദ്യാർഥിക്ക് ആദരാഞ്ജലി അർപ്പിക്കുന്ന യുവതി. ചിത്രം: എഎഫ്പി
SHARE

ഹോങ്കോങ് ∙ ജനാധിപത്യ പ്രക്ഷോഭം 5 മാസം പിന്നിട്ടതോടെ കൂടുതൽ ശക്തിപ്പെടുന്നു. ഹോങ്കോങ് നഗര ഭരണസമിതിയിൽ അംഗങ്ങളായ 3 ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും പ്രക്ഷോഭകരെ പൊലീസ് വിരട്ടിയോടിക്കുന്നതിനിടെ ഒരു വിദ്യാർഥി കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിക്കുകയും ചെയ്തതോടെയാണ് പ്രക്ഷോഭം ശക്തിപ്പെടുത്താനുള്ള തീരുമാനം. ഇന്ന് ഷോപ്പിങ് മാളുകൾ അടക്കം സാധ്യമായിടത്തെല്ലാം പ്രതിഷേധ റാലികൾ, നാളെ പൊതു പണിമുടക്ക്, പൊതുഗതാഗതം തടയൽ തുടങ്ങിയവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

5 മാസമായി എല്ലാ ശനിയാഴ്ചകളിലും പ്രതിഷേധ റാലികൾ നടത്തിവരുകയാണ്. ബർലിൻ മതിൽ തകർത്തതിന്റെ 30ാം വാർഷികം ഇന്നലെ ആഘോഷിക്കാനിരുന്നതാണെങ്കിലും പിന്നീട് മാറ്റിവച്ചു. പകരം ‘രക്തസാക്ഷികൾക്കു അഭിവാദ്യം’ എന്ന പേരിലായിരുന്നു പ്രതിഷേധം. പതിവിനു വിപരീതമായി ഇതിന് പൊലീസ് അനുമതി ലഭിച്ചു. തിങ്കളാഴ്ച പ്രക്ഷോഭകരെ വിരട്ടിയോടിക്കുന്നതിനിടെയാണ് അലക്സ് ചൗ (22) എന്ന വിദ്യാർഥി 4–ാം നിലയിൽ നിന്ന് വീണത്. വെള്ളിയാഴ്ച വിദ്യാർഥി ആശുപത്രിയിൽ മരിച്ചതോടെ സമരക്കാർ നടത്തിയ പ്രകടനം പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്.

ഹോങ്കോങ്ങിൽ നിന്നുള്ള കുറ്റാരോപിതരെ ചൈനയ്ക്കു കൈമാറാനുള്ള ബിൽ കഴിഞ്ഞ മേയിൽ അവതരിപ്പിച്ചപ്പോൾ തടസ്സപ്പെടുത്തിയെന്ന കുറ്റം ചാർത്തിയാണ് ജനപ്രതിനിധികളെ അറസ്റ്റ് ചെയ്തത്. ഒരു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ഇതേ കുറ്റത്തിന് വേറെ 4 ജനപ്രതിനിധികളോടും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA