sections
MORE

സംഘർഷത്തിനില്ല; സമാധാനത്തിനു ശ്രമിക്കാൻ യാക്കോബായ സഭാ സിനഡ് ആഹ്വാനം

bava
മസ്കത്തിലെ ഗാല സെന്റ് മൊർത്തശ്മൂനി യാക്കോബായ പള്ളിയിൽ നടന്ന സിനഡിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായും യാക്കോബായ സഭാ മെത്രാപ്പൊലീറ്റൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസും
SHARE

മസ്കത്ത് ∙ സംഘർഷത്തിന്റെ പാത പൂർണമായും വെടിഞ്ഞ് മലങ്കര സഭയിൽ സമാധാന ചർച്ചകൾക്കു വേണ്ടി അവസാന നിമിഷംവരെ കാത്തിരിക്കാൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ വിളിച്ചുചേർത്ത യാക്കോബായ സഭാ സിനഡ് ആഹ്വാനം ചെയ്തു.

സഭ അതീവ ഗുരുതര പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ സമാധാന ചർച്ചകൾ മാത്രമാണ് മുന്നിലുള്ള പ്രതീക്ഷ. ഓർത്തഡോക്സ് സഭ ചർച്ചകൾക്കു വാതിൽ തുറന്നിട്ടില്ലെങ്കിലും അതിനുള്ള സാധ്യത പ്രസ്താവനയിലൂടെയോ നടപടിയിലൂടെയോ ഇല്ലാതാക്കരുതെന്ന് സിനഡ് നിർദേശം നൽകി.

മാർപാപ്പയെ പരമാധ്യക്ഷനായി അംഗീകരിച്ച് സ്വതന്ത്ര സഭകളായി നിലകൊള്ളുന്ന കേരളത്തിലെ കത്തോലിക്കാ വിഭാഗങ്ങളെപ്പോലെ സ്വതന്ത്ര സഭകളായി നിലകൊണ്ട് പരിശുദ്ധ പാത്രിയർക്കാ സിംഹാസനത്തെ അംഗീകരിച്ചു മുന്നോട്ടുപോകാൻ കഴിയും. അല്ലെങ്കിൽ പൗരസ്ത്യ സഭകളെപ്പോലെ രണ്ടു പരമാധ്യക്ഷൻമാരുടെ കീഴിൽ കൂദാശകൾ പങ്കുവയ്ക്കുന്ന സഹോദര സഭകളായി തുടരാനാവും. സഭാ സമാധാനത്തിനായി ഓർത്തഡോക്സ് സഭയുടെ മാർത്തോമ്മാ സിംഹാസനത്തെ അംഗീകരിക്കാൻ തയാറാണെന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവാ ഓർമിപ്പിച്ചു.

മാർത്തോമ്മായുടെ സിംഹാസനത്തിനു കീഴിൽ ഇന്ത്യൻ സഭയായി ഓർത്തഡോക്സ് സഭയ്ക്കു നിലനിൽക്കാം. അന്ത്യോക്യ സിംഹാസനത്തെ അംഗീകരിക്കുന്ന യാക്കോബായ സഭ മറ്റൊരു സഭയായി തുടരും. സഹോദര സഭകളായി അംഗീകരിക്കുമ്പോൾ ഇരുകൂട്ടർക്കും കൂദാശകളും പള്ളികളും സെമിത്തേരികളും പങ്കുവയ്ക്കാൻ കഴിയും. അന്ത്യോക്യ വിശ്വാസം കലർപ്പില്ലാതെ സൂക്ഷിക്കാനുള്ള യാക്കോബായ സഭാംഗങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണം. വിശ്വാസപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ല.

സഭാ ഐക്യത്തിനുള്ള സാധ്യതകൾ ഇനി വിരളമാണ്. സമാധാനപരമായ സഹവർത്തിത്വമാണ് മുന്നിലുള്ള വഴി. ചർച്ചകളിലൂടെ മാത്രമേ സൗഹൃദാന്തരീക്ഷം ഉണ്ടാവൂ. സിനഡ് അംഗങ്ങൾക്കിടയിൽ കൂടുതൽ ഐക്യത്തോടെയുള്ള പ്രവർത്തനം വേണമെന്നും കൂടിയാലോചനകൾ വേണമെന്നും പരിശുദ്ധ പാത്രിയർക്കീസ് ബാവാ നിർദേശിച്ചു. മസ്കത്തിലെ ഗാല സെന്റ് മൊർത്തശ്മൂനി യാക്കോബായ പള്ളിയിലായിരുന്നു സിനഡ്. ആദ്യമായാണ് ഒരു ഗൾഫ് രാജ്യം ക്രൈസ്തവ സഭാ സിനഡിനു വേദിയായത്.

സഭ സമരപാതയിൽ തന്നെ

തിരുവനന്തപുരം∙ യാക്കോബായ സഭയുടെ  സെക്രട്ടേറിയറ്റിനു മുന്നിലെ  സഹനസമരം ഇരുപതാം ദിവസത്തിലേക്ക്. ഇത്ര ദിവസമായിട്ടും കട്ടച്ചിറയിൽ സംസ്കാരം നടത്താൻ പറ്റാതെ താൽക്കാലിക പേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ കാര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കാത്തതു ദൗർഭാഗ്യകരമാണെന്നു സമരസമിതി കുറ്റപ്പെടുത്തി.

ഇക്കാര്യത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടോയെന്നു സംശയിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി. 19–ാം ദിവസത്തെ സഹനസമരത്തിന്റെ ഉദ്ഘാടനം ഡോ സി.എ.നൈനാൻ നിർവഹിച്ചു. സഭയുടേതു നീതിക്കു വേണ്ടിയുള്ള സമരം ആണെന്നു അതു വേഗം തീർപ്പാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA