ബെയ്റൂട്ട് (ലബനൻ) ∙ സിറിയൻ ആഭ്യന്തര യുദ്ധത്തിൽ 2 ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 96 ആയി. സൈനികരും വിമത പോരാളികളും ഇവരിൽ ഉൾപ്പെടുന്നു. അൽ ഖായിദ ബന്ധമുണ്ടായിരുന്ന വിമത സംഘടനയ്ക്ക് മേധാവിത്വമുള്ള ഇദ്ലിബ് മേഖലയിലാണ് രൂക്ഷമായ പോരാട്ടം. എന്നാൽ വിമതരുടെ അവസാന കേന്ദ്രമാണിതെന്ന് സൈന്യം അവകാശപ്പെടുന്നു. ബ്രിട്ടൻ ആസ്ഥാനമായ യുദ്ധ നിരീക്ഷകരുടെ സംഘടനയാണ് മരണവിവരം പുറത്തുവിട്ടത്.
റഷ്യയുടെ മധ്യസ്ഥതയിൽ കഴിഞ്ഞ ഓഗസ്റ്റിൽ വെടിനിർത്തലുണ്ടായെങ്കിലും താമസിയാതെ ലംഘിക്കപ്പെട്ടു. റഷ്യൻ പിന്തുണയുള്ള പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സൈന്യവും വിമതരും തമ്മിൽ 2011 മുതൽ നടക്കുന്ന ആഭ്യന്തര യുദ്ധത്തിൽ ഇതിനകം 3,70000 പേർ കൊല്ലപ്പെട്ടെന്നാണു കണക്ക്.