ADVERTISEMENT

ഹെൽസിങ്കി ∙ സന മരിൻ ഫിൻലൻഡ് പ്രധാനമന്ത്രിയായി ഇന്നു ചുമതലയേൽക്കുമ്പോൾ ചരിത്രം വഴിമാറും – 34 വയസ്സുകാരിയായ സന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകും. അവിടെയും തീരുന്നില്ല, ഫിൻലൻഡ് സൃഷ്ടിക്കുന്ന ലോകമാതൃക – ഭരണമുന്നണിയിലെ 5 കക്ഷികളിൽ നാലിന്റെയും നേതൃസ്ഥാനത്ത് വനിതകൾ; അവരിൽ 3 പേരും 35 വയസ്സിനു താഴെയുള്ളവർ!

മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സെന്റർ പാർട്ടിയുടെ നേതാവ് കത്രി കൽമുനിയാകും പുതിയ ധനമന്ത്രി (പ്രായം – 32). ഗ്രീൻ പാർട്ടി നേതാവ് മരിയ ഒഹിസാലോ (34) ആഭ്യന്തര മന്ത്രിയായും ഇടതു മുന്നണി അധ്യക്ഷ ലി ആൻഡേഴ്സൻ (32) വിദ്യാഭ്യാസ മന്ത്രിയായും തുടരും. സ്വീഡിഷ് പീപ്പിൾസ് പാർട്ടിയുടെ അന്ന മജ ഹെൻറിക്സൻ (55) നീതിന്യായ വകുപ്പിലും തുടരും.

സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി നേതാവ് ആന്റി റിന്നേ രാജിവച്ചതിനെത്തുടർന്നാണ് സന മരിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. പാർട്ടി യോഗത്തിൽ 29 നെതിരെ 32 വോട്ടു നേടിയാണ് സന സ്ഥാനമുറപ്പിച്ചത്.

700 തപാൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും തുടർന്നുണ്ടായ സമരവുമാണ് റിന്നേയുടെ പുറത്താകലിനു കാരണം. ‌ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സെന്റർ പാർട്ടി, റിന്നേയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയതാണ് നേതൃമാറ്റങ്ങൾക്കു വഴിതെളിച്ചത്. റിന്നേ മന്ത്രിസഭയിൽ ഗതാഗത, വാർത്താ വിനിമയ മന്ത്രിയായിരുന്നു സന. ഫിൻലൻഡിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്.

sanna-marin-finland-pm
സന മരിൻ

നിലവിൽ ലോകത്തെ പ്രായം  കുറഞ്ഞ ഭരണത്തലവന്മാർ

യുക്രെയ്ൻ – ഒലക്സി ഹോഞ്ചരുക് – 35

ഉത്തരകൊറിയ – കിം ജോങ് ഉൻ – 36

എൽസാൽവദോർ –നയീബ് ബുകേലെ – 38

ന്യൂസീലൻഡ് –ജസിൻഡ ആർഡേൻ – 39

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിമാർ

(സ്ഥാനമേൽക്കുമ്പോഴത്തെ പ്രായം)

1. രാജീവ് ഗാന്ധി – 40

2. ഇന്ദിര ഗാന്ധി– 48

3. വി.പി.സിങ്– 58

4. ജവാഹർലാൽ നെഹ്‍റു, ലാൽ ബഹദൂർ ശാസ്ത്രി – 59

5. ചന്ദ്രശേഖർ, എച്ച്.ഡി. ദേവെഗൗഡ, നരേന്ദ്ര മോദി– 63

English summary: Sanna Marin new Finland Prime Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com