ADVERTISEMENT

ടോക്കിയോ ∙ ഓട്ടമൊബീൽ കമ്പനി നിസാന്റെ മുൻ തലവൻ കാർലോസ് ഘോൻ ലബനനിലേക്കു മുങ്ങിയതു നാണക്കേടായതോടെ, ജപ്പാനിൽ സ്വകാര്യ വിമാനങ്ങളിലും ലഗേജ് പരിശോധന നിർബന്ധമാക്കി. സംഗീതോപകരണങ്ങൾ കൊണ്ടുപോകുന്ന തരത്തിലുള്ള വലിയ പെട്ടിയിലാക്കിയാണു ഘോനെ വിമാനത്തിൽ കയറ്റിയതെന്ന റിപ്പോർട്ടുകൾ ശരിയായിരുന്നുവെന്നും ഇതോടെ സ്ഥിരീകരണമായി.

സ്വകാര്യ വിമാനങ്ങളിലെ ലഗേജ് മുൻപു പരിശോധിച്ചിരുന്നില്ല. പെട്ടിയുടെ വലുപ്പക്കൂടുതലും എക്സ്റേ പരിശോധന ഒഴിവാക്കാൻ കാരണമായി. എന്നാൽ, തിങ്കളാഴ്ച മുതൽ ടോക്കിയോയിലെ 2 വിമാനത്താവളങ്ങളിലും ക‍ൻസായ്, നഗോയ വിമാനത്താവളങ്ങളിലും പരിശോധന ആരംഭിച്ചതായി നിയമമന്ത്രി മസാകോ മോറി അറിയിച്ചു.

അതിനിടെ, ഘോന്റെ ഭാര്യ കാരളിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഘോനെതിരായ ക്രമക്കേടു കേസിൽ ഏപ്രിലിൽ ഇവർ നൽകിയ മൊഴികൾ വ്യാജമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. ലബനനിലേക്കു മുങ്ങിയ ഘോൻ ജാമ്യവ്യവസ്ഥകളുടെ കടുത്ത ലംഘനമാണു നടത്തിയതെന്നും നിയമനടപടികൾ തുടരുമെന്നു നിസാൻ വ്യക്തമാക്കി.

എന്നാൽ ഫ്രഞ്ച് കമ്പനി റെനോയുമായി സഹകരിക്കാനുള്ള തന്റെ തീരുമാനത്തിൽ എതിർപ്പുള്ള കമ്പനിയിലെ ഒരു വിഭാഗവും ചില സർക്കാർ ഉദ്യോഗസ്ഥരും ചേർന്നു കേസിൽ കുടുക്കുകയായിരുന്നുവെന്നാണു ഘോന്റെ വാദം. ഇന്നു ബെയ്റൂട്ടിൽ വാർത്താസമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ പണം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതുൾപ്പെടെയുള്ള കേസുകളാണു ഘോനെതിരെയുള്ളത്.

ഡിസംബർ 29നു ടോക്കിയോയിലെ വീട്ടിൽ നിന്നിറങ്ങിയ ഘോൻ ഓസക വരെ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്ത ശേഷമാണ് കൻസായ് വിമാനത്താവളത്തിൽ നിന്നു സ്വകാര്യ ജെറ്റ് വിമാനത്തിൽ ലബനനിലേക്കു കടന്നത്.

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com