ADVERTISEMENT

മെൽബൺ ∙ മൂന്നിടത്തെ കാട്ടുതീ കാറ്റിൽ ഒന്നിച്ചതോടെ ഓസ്ട്രേലിയയിൽ വീണ്ടും പരിഭ്രാന്തി പടരുന്നു. ഗ്രീൻ വാലി, ഈസ്റ്റ് ഊർനി ക്രീക്, ഡൺസ് റോഡ് എന്നിവിടങ്ങളി‍ൽ ആളിപ്പടർന്നുകൊണ്ടിരുന്ന തീയാണ് ഉഗ്രമായ കാറ്റിൽ ഒന്നായത്. ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ സംസ്ഥാനങ്ങളെ കൂടുതൽ അപകടത്തിലാക്കുന്നതാണ് കാട്ടുതീയുടെ ഗതിവേഗ മാറ്റം. ഇവിടെ നിന്ന് രണ്ടര ലക്ഷത്തോളം പേരെ അടിയന്തരമായി ഒഴിപ്പിക്കുന്നതിനുള്ള ഊർജിതശ്രമം ആരംഭിച്ചു. 

ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനങ്ങളാണിവ. ഈ സംസ്ഥാനങ്ങളുടെ അതിർത്തികൾ സംഗമിക്കുന്ന സ്നോവി മൗണ്ടൻസ് മേഖല ഭീഷണിയിലാണ്. ന്യൂ സൗത്ത് വെയിൽസിൽ 135 ഇടങ്ങളിൽ തീ പടർന്നിരിക്കുന്നു. വിക്ടോറിയയിൽ 23 ഇടങ്ങൾ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു. കോംബിയൻബാറിൽ വീട്ടുപരിസരങ്ങളിലേക്കു തീ പടരുന്ന സാഹചര്യത്തിൽ സേനയുടെ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനം നടത്തുന്നു. 1000 പേരുള്ള മലാകൂറ്റ പട്ടണത്തിലെ കാലിയായ പബ്ബിൽ ബീർ എത്തിച്ചുവരെയാണ് നാവികസേനയുടെ രക്ഷാപ്രവർത്തനങ്ങൾ.  

മൂന്നിടങ്ങളിലെ തീ ഒന്നായി വളരെ പെട്ടെന്നു പടരുന്നതായാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാണു കാറ്റു വീശുന്നത്. മാസങ്ങളായി തുടരുന്ന തീ മൂലം അന്തരീക്ഷം വരണ്ടു ചുട്ടുപൊള്ളിയിരിക്കുന്നതു പുതിയ മേഖലകളിലേക്കു തീപടരുന്നത് എളുപ്പമാക്കുന്നു. ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള മാറ്റം ഉൾപ്പെടെ സർക്കാർ അടിയന്തരനടപടികൾ ആവശ്യപ്പെട്ട്  മെൽബൺ, സിഡ്നി, കാൻബെറ നഗരങ്ങളിൽ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങളും നടന്നു. ‌ഒക്ടോബർ മുതലുള്ള കാട്ടുതീയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 27 പേർ മരിച്ചു. 10 ലക്ഷത്തിലേറെ മൃഗങ്ങൾ വെന്തൊടുങ്ങിയിട്ടുണ്ടെന്നാണു കരുതുന്നത്. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com