ADVERTISEMENT

വാഷിങ്ടൻ ∙ ഇറാൻ നടത്തിയ മിസൈലാക്രമണത്തിനു സൈനിക തിരിച്ചടി ഇല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയതോടെ മധ്യപൂർവദേശത്തെ യുദ്ധഭീതിക്ക് അയവു വന്നു. ഇറാൻ ആക്രമണം അമേരിക്കക്കാരെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നുവെങ്കിലും ആളപായമില്ലെന്നും യുഎസ് വ്യക്തമാക്കി. മേഖലയിൽ യുഎസ് സൈന്യം അതീവജാഗ്രതയിൽ തുടരും.

പശ്ചിമ ഇറാഖിലെ യുഎസ് വ്യോമസേനാത്താവളത്തിലേക്ക് 11 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ അയച്ചത്. സൈനിക തിരിച്ചടിക്കു പകരം ഇറാനെതിരെ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നാണു ട്രംപ് പറഞ്ഞത്. യുഎസിനു കരുത്തുള്ള മിസൈലുകൾ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. എന്നാൽ, അമേരിക്കയ്ക്ക് ആദ്യ പ്രഹരം ലഭിച്ചെന്നും അവരുടെ മധ്യപൂർവദേശത്തെ സാന്നിധ്യം അവസാനിക്കാൻ പോകുകയാണെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പറഞ്ഞു. അതേസമയം, യുഎസ് വ്യോമതാവളം ആക്രമിച്ച ഇറാനെ അപലപിച്ച സൗദി അറേബ്യ, മിസൈലാക്രമണം ഇറാഖിന്റെ പരമാധികാര ലംഘനം ആണെന്നും ആരോപിച്ചു.

ഇറാഖിലെ അൽ അസദ് വ്യോമസേനാ താവളത്തിൽ 11 ബാലിസ്റ്റിക് മിസൈലുകളാണു പതിച്ചത്. ഒരു ഹെലികോപ്റ്ററിനും കൂടാരങ്ങൾക്കും കേടുപാടുകൾ പറ്റിയതല്ലാതെ കാര്യമായ നാശം ഉണ്ടായിട്ടില്ലെന്ന് യുഎസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക് മില്ലി പറഞ്ഞു.

അതേസമയം, ഇറാനുമായി ആണവ കരാറിൽ നിന്ന് പിന്മാറണമെന്ന ട്രംപിന്റെ ആഹ്വാനം ചൈന തള്ളി. ഐക്യരാഷ്ട്ര സംഘടന മുൻ‌കയ്യെടുത്തുണ്ടാക്കിയ കരാർ പാലിക്കാൻ എല്ലാ കക്ഷികളും ബാധ്യസ്ഥരാണെന്നും ചൈന വ്യക്തമാക്കി. യുഎൻ രക്ഷാസമിതി സ്ഥിരാംഗങ്ങളായ യുഎസ്, റഷ്യ, യുകെ, ഫ്രാൻസ്, ചൈന എന്നിവരും ജർമനി, യൂറോപ്യൻ യൂണിയനും ചേർന്നാണു ഇറാനുമായി ആണവ കരാർ ഒപ്പുവച്ചത്. ഇതിൽനിന്ന് യുഎസ് ഏകപക്ഷീയമായി പിൻമാറുകയായിരുന്നു.

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com