ADVERTISEMENT

ടെഹ്റാൻ ∙ യുക്രെയ്ൻ വിമാനദുരന്തം അന്വേഷിക്കാൻ അവിടെനിന്നുള്ള വിദഗ്ധർക്കൊപ്പം ബോയിങ് വിമാനക്കമ്പനിയുടെ പ്രതിനിധികളെയും ഇറാൻ‌ ക്ഷണിച്ചു. ഇറാൻ അബദ്ധത്തിൽ മിസൈൽ അയച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്ന വാദം തുടരുന്നതിനിടെയാണ് ഈ നടപടി. ഇതേസമയം, മിസൈലേറ്റാണു വിമാനം തകർന്നതെന്നു കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ആരോപിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 176 പേരിൽ 63 കാനഡ പൗരന്മാരാണ്.

വിവിധ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഈ നിഗമനത്തിലെത്തിയതെന്ന് ട്രൂഡോ പറഞ്ഞു. യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ഓസ്ട്രേലിയ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ എന്നിവരും സമാനമായ പ്രസ്താവനകളാണു നടത്തിയത്. മിസൈലേറ്റതായുള്ള അനുമാനം തളളിക്കളയാനാവില്ലെങ്കിലും ഇനിയും സ്ഥിരീകരിച്ചിട്ടില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.

വിമാനത്തിൽ മിസൈൽ പതിക്കുന്ന വിഡിയോ ലഭിച്ചതായി ന്യൂയോർക്ക് ടൈംസ് ദിനപത്രം അവകാശപ്പെട്ടു. തിളങ്ങുന്ന ഒരു വസ്തു ടെഹ്റാൻ വിമാനത്താവളത്തിനു സമീപം ആകാശത്തേക്ക് ഉയരുന്നതും തുടർന്നു ശക്തമായ സ്ഫോടനം ഉണ്ടാകുന്നതുമാണ് വിഡിയോയിലുള്ളത്. എന്നാൽ, മിസൈലേറ്റല്ല വിമാനം വീണതെന്ന കാര്യം ഉറപ്പാണെന്ന് ഇറാൻ ആവർത്തിച്ചു. വ്യോമസേന യാത്രാവിമാനം വീഴ്ത്തുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നു വ്യോമയാന വകുപ്പ് മേധാവി അലി അബിദ്‌സാദെഹ് അറിയിച്ചു.

തകർന്ന വിമാനത്തിന്റെ ബ്ലാക് ബോക്സുകളിലെ വിവരങ്ങൾ തങ്ങൾ തന്നെ പരിശോധിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ഒന്നോ രണ്ടോ മാസം ഇതിനെടുക്കും. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുക്കാനായി യുഎസ്, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ടെഹ്റാനിലെത്തി. കഴിഞ്ഞ ബുധനാഴ്ച രാവിലെ ടെഹ്റാൻ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന യുക്രെയ്‌ൻ യാത്രാവിമാനമാണു മിനിറ്റുകൾക്കകം തകർന്നുവീണത്. ഇറാഖിലെ യുഎസ് സേനാ താവളത്തിൽ ഇറാൻ മിസൈലാക്രമണം നടത്തി മണിക്കൂറുകൾക്കകമായിരുന്നു ദുരന്തം.

അതിനിടെ, ലുഫ്താൻസ (ജർമനി), ഓസ്ട്രിയൻ എയർലൈൻസ് എന്നീ വിമാനക്കമ്പനികൾ 20 വരെ ടെഹ്റാനിലേക്കു സർവീസ് നിർത്തിവച്ചു. ചൈന, ഫ്രാൻസ്, മലേഷ്യ, വിയറ്റ്നാം, ഓസ്ട്രേലിയ, കാന‍ഡ തുടങ്ങി വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികൾ ഇറാഖ്, ഇറാൻ വ്യോമമേഖലയിലൂടെയുള്ള സഞ്ചാരം ഒഴിവാക്കി.

തീഗോള ദൃശ്യങ്ങളുമായി വിഡിയോ

ഇറാൻ തലസ്ഥാനമായ ടെഹ്റാൻ. പുലർച്ചയ്ക്കു മുൻപേയുള്ള ഇരുണ്ട ആകാശത്തേക്കു വേഗത്തിൽ ഉയരുന്ന വെളിച്ചം മരങ്ങൾക്കിടയിലൂടെ കാണാം. പൊടുന്നനെ അത് ആകാശത്തിൽ എന്തോ ആയി കൂട്ടിയിടിച്ചതിനെത്തുടർന്നുള്ള ശക്തമായ പ്രകാശം– യുക്രെയ്ൻ വിമാനം തകരുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യമാണിതെന്നു ബോധ്യപ്പെട്ടതായി വിവിധ വിഡിയോകൾ പരിശോധിച്ച യുഎസ് വാർത്താ ഏജൻസി ‘ദി അസോഷ്യേറ്റഡ് പ്രസ്’ അവകാശപ്പെട്ടു.

ഒരു വിഡിയോയിൽ വിമാനം പറന്നുയരുന്ന രംഗം. അപ്പോൾ അന്തരീക്ഷം നിശ്ശബ്ദമാണ്. 10 സെക്കൻഡിനുശേഷം ഇടിമുഴക്കം പോലെ ഭയങ്കരമായ ശബ്ദം കേൾക്കാം. മറ്റൊരു വിഡിയോയിൽ, തീ പിടിച്ച നിലയിൽ വിമാനം തകർന്നുവീഴുന്നു. ഇരുണ്ട ആകാശത്തുനിന്നു കുത്തനെ ഒരു തീനാളമായി താഴേക്ക്. അത് ഭൂമിയിലിടിച്ചു വീഴുന്നതോടെ വൻതീഗോളം ആകാശത്തേക്കു ഉയരുന്നു. ‘വിമാനത്തിനു തീപിടിച്ചു, വേഗം അഗ്നിശമന സേനയെ വിളിക്കൂ’ എന്ന് ആരോ നിലവിളിക്കുന്നതും കേൾക്കാം.

മറ്റൊരു വിഡിയോ ഓടുന്ന കാറിൽനിന്ന് ചിത്രീകരിച്ചതാണ്. അതിൽ ശക്തമായ ഒരു പ്രകാശം അതിവേഗം ആകാശത്തു നീങ്ങുന്നതു കാണാം. ഈ ദൃശ്യത്തിൽ അൽപം കഴിഞ്ഞു ദൂരെ ഇരുണ്ട ചക്രവാളത്തിൽ പൊടുന്നനെ ജ്വലിക്കുന്ന തീഗോളം കാണാം.

നിർണായക തെളിവ് യുഎസ് കൈമാറി

കീവ് ∙ വിമാനദുരന്തം സംബന്ധിച്ച നിർണായകമായ തെളിവ് യുഎസ്, യുക്രെയ്ൻ സർക്കാരിനു കൈമാറി. യുക്രെയ്ൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും നേരിട്ടെത്തിയാണു യുഎസ് പ്രതിനിധികളിൽ നിന്നു ഡേറ്റ ഏറ്റുവാങ്ങിയത്. വിദഗ്ധർ ഇതിലെ വിവരങ്ങൾ പരിശോധിക്കും. എന്നാൽ എന്തുതരം ഡേറ്റയാണു കൈമാറിയെന്നു വ്യക്തമല്ല.

English summary: Ukraine plane crash in Tehran

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com