ADVERTISEMENT

വാഷിങ്ടൻ ∙ഇറാനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധത്തിനു ചാടിപ്പുറപ്പെടുന്നതു തടഞ്ഞ് യുഎസ് ജനപ്രതിനിധിസഭ. പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ ഇതു സംബന്ധിച്ച പ്രമേയം 194 നെതിരെ 224 വോട്ടുകൾക്കു പാസായി. ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ 3 അംഗങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു.

യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധത്തിൽനിന്നു ട്രംപിനെ വിലക്കുന്നതാണു പ്രമേയം. എന്നാൽ, അടിയന്തര സാഹചര്യങ്ങളിൽ സൈനികനടപടിക്ക് പ്രസിഡന്റിന് അധികാരമുള്ളതിനാൽ  പ്രതീകാത്മകമായ രാഷ്ട്രീയ നടപടിയാണിത്. റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രമേയം വിജയിക്കാനിടയില്ല. പ്രധാന സൈനിക നടപടികൾ യുഎസ് കോൺഗ്രസിനെ മുൻകൂട്ടി അറിയിക്കണമെന്ന നിയമം ലംഘിച്ചാണ് ട്രംപ് ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതെന്നാണ് ഡെമോക്രാറ്റുകളുടെ ആക്ഷേപം. 

ഇറാൻ വിഷയത്തിൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കഴിഞ്ഞദിവസം യുഎസ് കോൺഗ്രസ് അംഗങ്ങൾക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും മുൻപാകെ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും പറഞ്ഞു. യുഎസ്– ഇറാൻ സംഘർഷം യുദ്ധത്തിലേക്കു പോകുന്നതു തടയാനുള്ള നടപടികൾ ചർച്ച ചെയ്യാനായി യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗം ബ്രസൽസിൽ ചേർന്നു. നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗും പങ്കെടുത്തു.

ഇറാഖിൽ നിന്ന് സേനാപിന്മാറ്റം ഇല്ല: യുഎസ്

ബഗ്ദാദ് ∙  ഇറാഖിൽ നിന്ന് യുഎസ് സൈനികരെ പിൻവലിക്കാനുള്ള നടപടികൾക്കായി പ്രതിനിധിസംഘത്തെ അയയ്ക്കാൻ ഇറാഖ് പ്രധാനമന്ത്രി അദിൽ അബ്ദൽ മഹ്ദി യുഎസിനോട് ആവശ്യപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുമായുള്ള ഫോൺ സംഭാഷത്തിലാണ് ആവശ്യമുന്നയിച്ചത്. എന്നാൽ, സേനാപിന്മാറ്റം ഇപ്പോൾ ചർച്ച ചെയ്യാനാവില്ലെന്ന് യുഎസ് പ്രതികരിച്ചു. ഇറാഖിൽ നിലവിൽ 5200 യുഎസ് സൈനികരാണുള്ളത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇറാഖ് പാർലമെന്റ് വിദേശസൈനികരെ തിരിച്ചയയ്ക്കാനുളള പ്രമേയം പാസാക്കിയത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com