ADVERTISEMENT

സേവകരേ എന്ന വിളി കേട്ടു തഴമ്പിച്ച ഒമാൻ ജനത 1970 ജൂലൈ 23നു പുതിയൊരു സ്വരം കേട്ടു, ‘എന്റെ പ്രിയജനങ്ങളേ, ഇന്നലെ വരെ നാം ഇരുട്ടിലായിരുന്നു. നാളെ പ്രകാശത്തിന്റെ പുതുപുലരി’. സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിനെ അന്ന് നെഞ്ചേറ്റിയതാണവർ. ഖാബൂസ് ഭരണമേൽക്കുമ്പോൾ മസ്കത്തിൽ ആകെയുള്ളത് 10 കിലോമീറ്റർ ടാർ റോഡ് (അതും കൊട്ടാരത്തിലേക്ക്), 12 മോട്ടർ വാഹനങ്ങൾ, 3 സ്കൂൾ, 5 ചെറിയ ആശുപത്രികൾ, 2 ചെറിയ കൊട്ടാരങ്ങൾ... അടിമകളെ വാങ്ങാം, വിൽക്കാം.

കുട ചൂടരുത്, കണ്ണട വയ്ക്കരുത്, പാട്ടു കേൾക്കരുത്, രാജ്യംവിട്ടു പുറത്തുപോയാൽ തിരിച്ചുവരരുത്, അനുവാദമില്ലാതെ സിമന്റ് വാങ്ങരുത് – ഖാബൂസിന്റെ പിതാവ് സുൽത്താൻ സെയ്ദ് ബിൻ തൈമൂറിനു കീഴിൽ വീർപ്പുമുട്ടുകയായിരുന്നു ജനം. പുറം ലോകവുമായി ബന്ധമില്ല. വൈദ്യുതി ഇല്ല. സുൽത്താന്റെ അഭിസംബോധന ഉള്ളപ്പോഴേ റേഡിയോ കേൾക്കാവൂ. പത്രം കാണാൻ പോലുമില്ല. അറുപതുകളുടെ അവസാനം എണ്ണ കണ്ടെത്തിയിട്ടും എണ്ണ വ്യാപാരത്തിലൂടെ കൂടുതൽ വരുമാനം വന്നു തുടങ്ങിയിട്ടും ജനങ്ങൾക്ക് ഒന്നും കിട്ടിയില്ല. അപ്പോഴാണ് 1970 ൽ സുൽത്താന്റെ ഏക മകൻ ഖാബൂസ്, പിതാവിനെ പുറത്താക്കി അധികാരം പിടിച്ചത്.

 ഭരണഘടന

വർഷങ്ങളായി നിലനിന്ന ആഭ്യന്തരകലാപം ഒതുക്കിയ ഖാബൂസ് സമരക്കാർക്ക് മാപ്പു നൽകി പുതിയ സൈനിക വിഭാഗത്തിൽ ചേർത്തു. അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചപ്പോൾ യുവാക്കൾക്കു തൊഴിലവസരമേറി. രാജ്യത്തേക്കു വ്യാപാരവും വരുമാനവും എത്തിയതോടെ അസംതൃപ്തി അടങ്ങി. രാജ്യമാകെ സഞ്ചരിച്ച് നേരിട്ടു പരാതി കേൾക്കാൻ ഖാബൂസ് തുടങ്ങിയ മജ്‌ലിസ് ഏറെ പ്രശസ്തം.

1996 ൽ രാജ്യത്തിന് ഭരണഘടന തയാറാക്കി. വോട്ടവകാശം അനുവദിച്ചു. തൊഴിലാളി സംഘടനയ്ക്കും അനുമതി. 2011ൽ അറബ് വസന്തത്തിന്റെ അലയൊലികൾ ഒമാനിലും ഉയർന്നു. സ്വദേശികൾക്കു വൻ തൊഴിൽ, വരുമാന പദ്ധതികൾ ആവിഷ്കരിച്ച ഖാബൂസ് അതും മറികടന്നു. 1994 ലും 2004 ലും അട്ടിമറിശ്രമങ്ങളെ അതിജീവിച്ചു.

പാട്ടും വിപ്ലവവും

1940 നവംബർ 18നു ജനിച്ച ഖാബൂസ് പഠന ശേഷം ബ്രിട്ടനിലെ മിലിട്ടറി അക്കാദമിയിൽ പരിശീലനം നേടി; ഒരു വർഷം ബ്രിട്ടിഷ് കരസേനയിൽ പ്രവർത്തിച്ചു. 1964 ൽ ഒമാനിൽ തിരിച്ചെത്തിയ ഖാബൂസിനെ പിതാവ് 6 വർഷം കൊട്ടാരത്തിൽ തടങ്കലിലാക്കി. അന്ന്, മകന്റെ ഒരു ആവശ്യമേ അംഗീകരിച്ചുള്ളൂ. ബ്രിട്ടനിൽ നിന്നു സുഹൃത്തുക്കൾ അയയ്ക്കുന്ന സംഗീത കസെറ്റുകൾ നൽകണം. ആ കസെറ്റുകളിലൂടെ പാട്ടിനൊപ്പം രാജ്യഭരണം പിടിക്കാനുള്ള തന്ത്രങ്ങളും ബ്രിട്ടനിൽ നിന്നെത്തിക്കൊണ്ടിരുന്നതു പിതാവ് അറിഞ്ഞില്ല.

കലകളെ ആട്ടിപ്പായിച്ച, സംഗീതോപകരണങ്ങൾ കട ലിൽ തള്ളിയ പിതാവിന്റെ മകൻ കലയെ ഏറെ സ്നേഹിച്ചു, സംഗീതത്തിനു മുന്നിൽ തോറ്റുകൊടുത്തു. പൈപ്പ് ഓർഗൻ മനോഹരമായി വായിച്ചു. സുൽത്താൻ ഖാബൂസ് സ്ഥാപിച്ച 120 അംഗ റോയൽ സിംഫണി ഓർക്കസ്ട്രയും റോയൽ ഓപ്പറ ഹൗസും ഏറെ പ്രശസ്തം.

വേറിട്ട തലപ്പാവ്

വിദേശ, ഭരണ നയങ്ങളിൽ മാത്രമല്ല, വേഷത്തിലും സുൽത്താൻ ഖാബൂസ് വേറിട്ടുനിന്നു. പരമ്പരാഗത തലപ്പാവിലെ നിറപ്പകിട്ട് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനു നിറച്ചാർത്തായി. അറബ് ലോകവും യുഎസും എതിർത്തിട്ടും എഴുപതുകളിൽ സോവിയറ്റ് യൂണിയനുമായും ചൈനയുമായും നയതന്ത്രബന്ധത്തിനു തുടക്കമിട്ടു.

ഇസ്രയേൽ സഹകരണത്തിന്റെ പേരിൽ ഈജിപ്തിനെ അറബ് രാജ്യങ്ങൾ ബഹിഷ്കരിച്ചപ്പോൾ ഒമാൻ ഈജിപ്തിനൊപ്പം നിന്നു. ഖത്തറിനെതിരെ ഗൾഫ് രാജ്യങ്ങളുടെ ഉപരോധത്തിലും ഒമാൻ വിട്ടുനിന്നു.ഖാബൂസിന്റെ ജന്മദിനമായ നവംബർ 18 ഒമാൻ ദേശീയ ദിനമാണ്; ഭരണമേറ്റ ജൂലൈ 23 പുനരുത്ഥാന ദിനവും.

രാഷ്ട്രപതിയുടെ ‘സാരഥി’

1996 ൽ രാഷ്ട്രപതി ഡോ. ശങ്കർ ദയാൽ ശർമ ഒമാൻ സന്ദർശിച്ചപ്പോൾ, സുൽത്താൻ ഖാബൂസ് സ്വയം വാഹനമോടിച്ച് അതിഥിയെ തന്റെ രാജ്യം കാണിച്ചു. മറ്റൊരു രാഷ്ട്രത്തലവന് സുൽത്താനൊപ്പം ഒരു അത്താഴവിരുന്നാണ് പതിവെങ്കിൽ ശർമയ്ക്ക് 3 വിരുന്ന്. ഇത്ര പ്രിയമെന്തെന്ന ചോദ്യത്തിനു മുന്നിൽ ഖാബൂസ് അതു വെളിപ്പെടുത്തി: ‘ഇത് എന്റെ ഗുരുവിനോടുള്ള കടപ്പാടാണ്.’ പുണെയിലെ സ്വകാര്യ സ്ഥാപനത്തിൽ ഖാബൂസ് പഠിക്കുമ്പോൾ അവിടെ പ്രഫസറായിരുന്നു ശർമ. പിതാവ് സുൽത്താൻ സെയ്ദും ഇന്ത്യയിൽ പഠിച്ചിട്ടുണ്ട്– അജ്മേറിലെ മയോ കോളജിൽ.ഒമാന്റെ സകലമേഖലകളിലും ഇന്ത്യ പിന്തുണയും പരിശീലനവും സഹകരണവും നൽകുന്നുണ്ട്. നെഹ്റു പുരസ്കാരം 2007 ൽ ലഭിച്ചു.

ഉഴുന്നാലിലിന്റെ മോചനം

യെമനിൽ ഭീകരരുടെ തടങ്കലിലായിരുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഏറെ സഹായിച്ചത് ഒമാനാണ്. മോചിതനായി ഒമാനിൽ വിമാനമിറങ്ങിയ അദ്ദേഹം സുൽത്താൻ ഖാബൂസിനു പ്രത്യേക നന്ദി അറിയിച്ചിരുന്നു.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com