ADVERTISEMENT

ടെഹ്റാൻ ∙ യുക്രെയ്ന്റെ യാത്രാവിമാനം വീഴ്ത്തിയതിന്റെ ഉത്തരവാദിത്തം ഇറാന്റെ റവല്യൂഷനറി ഗാർഡ് ഏറ്റതിനെ തുടർന്ന് രാജ്യമെങ്ങും പ്രതിഷേധം പടരുന്നു. ‘മാപ്പു പറയുക, രാജിവയ്ക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ ടെഹ്റാനിലെ അമീർ അക്ബർ സർവകലാശാലയിൽ പ്രകടനം നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

ബുധനാഴ്ച നടന്ന വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട 176 പേരുടെ പേരുകൾ എഴുതിയ കൂറ്റൻ ബാനർ പ്രതിഷേധക്കാർ വാലി അസർ ചത്വരത്തിൽ ഉയർത്തി. പ്രതിഷേധക്കാരെ നേരിടുന്നതിന് കലാപനിയന്ത്രണസേനയെ നിയോഗിച്ചു. രാജ്യത്തിന്റെ ശത്രുക്കൾ ഉള്ളിൽ തന്നെയാണെന്നും യാത്രാവിമാനം വീഴ്ത്തിയതിന് ഉത്തരവാദികളെ ശിക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നു. ടെഹ്റാനു പുറമേ ഷിറാസ്, ഇസ്ഫഹാൻ, ഹമദാൻ, ഒറുമിയേ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

വിമാനം അബദ്ധത്തിൽ വീഴ്ത്തിയതാണെന്ന് ഇറാൻ ഭരണനേതൃത്വം ശനിയാഴ്‍ചയാണ് തുറന്നു പറഞ്ഞത്. അന്നു വൈകിട്ട് ആരംഭിച്ച പ്രതിഷേധം ഇന്നലെയും തുടർന്നു. ശനിയാഴ്ച അമീർ കബീർ സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഇറാനിലെ ബ്രിട്ടിഷ് അംബാസഡർ റോബ് മക്കെയറിനെ പൊലീസ് അറസ്റ്റ് ചെയ്തത് രാജ്യാന്തരതലത്തിൽ നയതന്ത്രരംഗത്തു വലിയ ഒച്ചപ്പാടിനിടയാക്കി. മക്കെയറിനെ പിന്നീട് വിട്ടയച്ചു. പ്രതിഷേധത്തിനല്ല, വിമാനദുരന്തത്തിൽ മരിച്ച ബ്രിട്ടിഷുകാർ ഉൾപ്പെടെയുള്ളവർക്ക് ആദരം അർപ്പിക്കുന്ന ചടങ്ങിലാണ് താൻ പങ്കെടുത്തതെന്ന് മക്കെയർ അറിയിച്ചു.

വിമാനം വീഴ്ത്താനിടയായ സാഹചര്യം റവല്യൂഷനറി ഗാർഡ്സിന്റെ മേജർ ജനറൽ ഹുസൈൻ സലാമി പാർലമെന്റിലെത്തി വിശദീകരിച്ചു. ഗാർഡ്സിന്റെ തലവൻ ഖാസിം സുലൈമാനിയെ യുഎസ് ഡ്രോൺ ആക്രമണത്തിൽ വധിച്ചതിനെ തുടർന്നുള്ള സംഘർഷസ്ഥിതിയും അദ്ദേഹം പാർലമെന്റിനെ അറിയിച്ചു. ജനുവരി മൂന്നിന് സുലൈമാനിയെ വധിച്ചതാണു സംഘർഷം മൂർഛിക്കാനിടയാക്കിയത്.

യാത്രാവിമാനം വീഴ്ത്തിയതിലുള്ള പ്രതിഷേധം സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു. ലോകം എല്ലാം കണ്ടുകൊണ്ടിരിക്കയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. സമാധാനശ്രമങ്ങളുടെ ഭാഗമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി ടെഹ്റാൻ സന്ദർശിക്കും. ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പാക്കിസ്ഥാന്റെ ധനമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും സമാധാനശ്രമങ്ങളുമായി സൗദി അറേബ്യയും ഇറാനും സന്ദർശിക്കുന്നുണ്ട്.

‘അരുത്, പറക്കരുത് ’

ഇറാൻ–യുഎസ് സംഘർഷം ശക്തമാകുന്നതിനിടെ ഇറാനിലേക്കു വിമാനം പറത്തരുതെന്ന് ഇറാന്റെ റവല്യൂഷനറി ഗാർഡിന്റെ മിസൈലേറ്റ് തകർന്ന യുക്രെയ്ന്റെ യാത്രാവിമാനത്തിന്റെ പൈലറ്റ് വൊളോഡിമിറിന് ഭാര്യ കാതറിന മുന്നറിയിപ്പു നൽകിയെന്ന് റിപ്പോർട്ട്. ‍കെ

യ്‍വിൽ നിന്ന് ടെഹ്റാനിലേക്കു പോയ വിമാനം തിരിച്ചു പറത്തുന്നത് ഖാസിം സുലൈമാനി വധത്തെ തുടർന്നുള്ള സാഹചര്യത്തിൽ ഒഴിവാക്കാൻ പൈലറ്റ് ശ്രമിച്ചതുമാണ്. എന്നാൽ, നിശ്ചിത സമയത്തുതന്നെ വിമാനം തിരിച്ചുപോരണമെന്ന് യുക്രെയ്ൻ ഇന്റർനാഷനൽ എയർലൈൻസ് ശഠിച്ചതോടെ വൊളോഡിമിറിന് അനുസരിക്കേണ്ടിവരികയായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com