ADVERTISEMENT

മസ്കത്ത്∙ വികസനം എത്തിനോക്കാതിരുന്ന രാജ്യത്തെ കഠിനപ്രയത്നത്തിലൂടെ മുൻനിരയിലേക്ക് ഉയർത്തിയ ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് (79) അന്തരിച്ചു. പ്രധാനമന്ത്രിയും സർവസൈന്യാധിപനും ധന, പ്രതിരോധ,വിദേശകാര്യ മന്ത്രിയുമായിരുന്ന അദ്ദേഹം ദീർഘകാലമായി അർബുദ ബാധിതനായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. കബറടക്കം നടത്തി. 

49 വർഷവും അഞ്ചര മാസവും ഒമാൻ ഭരിച്ച ഖാബൂസ്, മധ്യപൂർവദേശത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന വ്യക്തിയാണ്. ലോകത്തിനുമുന്നിൽനിന്ന് ഒമാനെ അടച്ചുപൂട്ടിയിട്ട പിതാവ് സെയ്ദ് ബിൻ തൈമൂർ അൽ സെയ്ദിനെ 1970 ജൂലൈ 23നു രക്തരഹിത വിപ്ലവത്തിലൂടെ പുറത്താക്കിയാണ് 29–ാം വയസ്സിൽ ഖാബൂസ് അധികാരത്തിലേറിയത്.

അതോടെ ഒമാനിൽ വികസനയുഗം പിറന്നു. വ്യാപാരം, വാണിജ്യം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം രാജ്യത്തിന്റെ കുതിപ്പിനു പിന്നിൽ സുൽത്താൻ ഖാബൂസിന്റെ പദ്ധതികളാണ്. ഇന്ത്യൻ രൂപ അടിസ്ഥാനമാക്കിയിരുന്ന സമ്പദ് വ്യവസ്ഥയിലേക്ക് ഒമാൻ റിയാൽ അവതരിപ്പിച്ചതുൾപ്പെടെ വൻ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കി. 

എല്ലാ രാജ്യങ്ങളുമായും നല്ലബന്ധം പുലർത്തി. രാജ്യാന്തര തലത്തിലെ വിവിധ പ്രശ്നങ്ങളിൽ സമാധാനപരമായ പരിഹാരത്തിനു മധ്യസ്ഥത വഹിച്ചു. 1976ൽ നവാൽ ബിൻത് താരിഖിനെ വിവാഹം ചെയ്തെങ്കിലും ’79ൽ വിവാഹമോചനം നേടി. മക്കളില്ല. ഒമാനിൽ 3 ദിവസം ഔദ്യോഗിക ദുഃഖാചരണം. 40 ദിവസം ദേശീയ പതാക താഴ്ത്തിക്കെട്ടും. എല്ലാ ഗൾഫ് രാജ്യങ്ങളും ദുഃഖാചരണം പ്രഖ്യാപിച്ചു.  പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അനുശോചിച്ചു. 

haitham-bin-sultan
സുൽത്താൻ ഹൈതം ബിൻ താരിഖ്

ഹൈതം ബിൻ താരിഖ് പുതിയ സുൽത്താൻ

ഒമാന്റെ പുതിയ സുൽത്താനായി, അന്തരിച്ച ഖാബൂസിന്റെ പിതൃസഹോദരപുത്രൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദ് (65) അധികാരമേറ്റു. പുതിയ സുൽത്താനെ കൊട്ടാരസമിതി 3 ദിവസത്തിനകം ഏകകണ്ഠമായി തിരഞ്ഞെടുക്കണമെന്നും സാധ്യമാകുന്നില്ലെങ്കിൽ സുൽത്താൻ ഖാബൂസ് അദ്ദേഹത്തിന്റെ താൽപര്യം രഹസ്യമായി രേഖപ്പെടുത്തിയ, സീൽ ചെയ്ത കവർ തുറന്ന് ആ വ്യക്തിയെ  നിയോഗിക്കണമെന്നുമായിരുന്നു ചട്ടം.

കൊട്ടാരസമിതി ആദ്യദിവസം തന്നെ സുൽത്താൻ ഖാബൂസ് സീൽ ചെയ്തുവച്ച കവർ തുറന്ന് പേര് വെളിപ്പെടുത്തുകയായിരുന്നു.  മുൻ സാംസ്കാരിക, പൈതൃക മന്ത്രിയായ ഹൈതം, ഭാവിവികസന പദ്ധതിയായ ഒമാൻ 2040ന്റെ തലവനാണ്. ഓക്‌സ്‌ഫഡ് സർവകലാശാലയിൽനിന്നു ബിരുദവും ബിരുദാനന്തരബിരുദവും നേടി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com