ADVERTISEMENT

ബെയ്ജിങ് ∙ ചൈനയുടെ മേധാവിത്വത്തിനെതിരെ ശക്തമായ നിലപാടെടുത്ത സായ് ഇങ് വെൻ വൻഭൂരിപക്ഷത്തോടെ വീണ്ടും തയ്‌വാൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, സായിയുടെ വിജയം തള്ളിയ ചൈന, വിഘടനവാദികളെ അടിച്ചമർത്തുമെന്ന് മുന്നറിയിപ്പു നൽകി.

ചൈനയുടെ അവിഭാജ്യഘടകമാണു തയ്‌വാൻ എന്നതാണു ചൈനയുടെ നയം. കഴിഞ്ഞ 4 വർഷമായി സ്വതന്ത്ര രാജ്യമെന്ന നിലയിലുള്ള തയ്‌വാന്റെ പ്രവർത്തനങ്ങൾ തടയാൻ ചൈന കടുത്ത സാമ്പത്തിക, സൈനിക സമ്മർദങ്ങളാണു ചെലുത്തുന്നത്. മറ്റു രാജ്യങ്ങൾ തയ്‌വാനുമായി നേരിട്ടു വ്യാപാരബന്ധം പാടില്ലെന്നും ചൈന വ്യവസ്ഥ വച്ചിട്ടുണ്ട്. 2018 മുതൽ രാജ്യാന്തര കമ്പനികളോടും തയ്‌വാനെ പ്രത്യേക രാജ്യമായി പരിഗണിക്കരുതെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ, സായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതു ചൈനയ്ക്കു കനത്ത തിരിച്ചടിയായിട്ടുണ്ട്. സായിയുടെ വിജയത്തെ യുഎസ്, ബ്രിട്ടൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങൾ പ്രശംസിച്ചതിലും ചൈന അതൃപ്തി രേഖപ്പെടുത്തി.

അതിനിടെ, തയ്‌വാൻ തലസ്ഥാനമായ തായ്പേ യിയുമായി കരാറുണ്ടാക്കിയ ചെക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഷാങ്ഹായ് നഗരം പ്രാഗുമായുള്ള ഔദ്യോഗിക ബന്ധം അവസാനിപ്പിച്ചു. ഏപ്രിലിൽ ചൈനയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നു ചെക് പ്രസിഡന്റ് മിലോഷ് സീമാനും വ്യക്തമാക്കി.

2016 ൽ ചൈനാപക്ഷ കൊമിന്താങ് പാർട്ടിയെ പരാജയപ്പെടുത്തിയാണു സ്വതന്ത്ര തയ്‌വാനുവേണ്ടി വാദിക്കുന്ന സായ് ഇങ് വെന്നിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി അധികാരത്തിലേറിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com