ADVERTISEMENT

ലണ്ടൻ ∙ രാജകീയ ചുമതലകൾ ഒഴിയാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും തീരുമാനത്തിനു മനസ്സില്ലാമനസ്സോടെ എലിസബത്ത് രാജ്ഞിയുടെ അനുമതി. ഭാര്യയും കുഞ്ഞുമായി കാനഡയിൽ കഴിയാൻ പദ്ധതിയിടുന്ന കൊച്ചുമകൻ ഹാരിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ചേർന്ന അടിയന്തര യോഗത്തിനു ശേഷമാണു രാജ്ഞി പച്ചക്കൊടി കാട്ടിയത്. ചർച്ച ക്രിയാത്മകമായിരുന്നെന്നും ഹാരിയും മേഗനും പരിവർത്തനത്തിന്റെ കാലത്തിനു തുടക്കമിടുകയാണെന്നും രാജ്ഞി പറഞ്ഞു. ഹാരി, പിതാവ് ചാൾസ് രാജകുമാരൻ, സഹോദരൻ വില്യം രാജകുമാരൻ എന്നിവരുമായാണു രാജ്ഞി ചർച്ച നടത്തിയത്. 

അതേസമയം, ഹാരിയും കുടുംബവും കാനഡയി‍ലേക്കു വരുന്നതിനെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്വാഗതം ചെയ്തു. എന്നാൽ, സുരക്ഷാ ചെലവ് ഉൾപ്പെടെയുള്ള കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ സുരക്ഷയ്ക്കായി വർഷം 9.2 കോടി രൂപയോളം ചെലവു വരുമെന്നാണു റിപ്പോർട്ട്. കാനഡയിലുള്ള മേഗനും ആർച്ചിക്കുമൊപ്പം ഈയാഴ്ചതന്നെ ഹാരി ചേരുമെന്നാണു സൂചന.

ഹാരി പോയാലും ഒന്നുമില്ല!

ഹാരി രാജകീയ ചുമതലകൾ ഒഴിയുന്നതു ബ്രിട്ടനിലെ രാജപരമ്പരയിൽ കാര്യമായ മാറ്റമുണ്ടാക്കില്ല. കിരീടാവകാശികളുടെ പട്ടികയിൽ ഹാരി ഇപ്പോൾത്തന്നെ ആറാമതാണ്. കിരീടം ചൂടാൻ തീരെ സാധ്യതയില്ല. ചാൾസ് (71), മൂത്ത മകൻ വില്യം (37), വില്യമിന്റെ മകൻ ജോർജ് (6), മകൾ ഷാർലറ്റ് (4), മകൻ ലൂയി (2) എന്നിവരാണ് ആദ്യ 5 പേർ. തുടർന്നാണ് ഹാരിയും (35) മകൻ ആർച്ചിയും (8 മാസം).

English Summary: Queen Elizabeth gave permission to Prince Harry and Meghan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com