ADVERTISEMENT

 മോസ്കോ ∙ രാജിവച്ച പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവിനു പകരം നികുതി വിഭാഗം മേധാവിയായ മിഖായിൽ മിഷുസ്തിനെ (53) പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നാമനിർദേശം ചെയ്തു.

മിഷുസ്തിൻ സമ്മതം അറിയിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ പേര് പാർലമെന്റിന്റെ അംഗീകാരത്തിനായി പുടിൻ സമർപ്പിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കകം പാർലമെന്റ് നിയമനം അംഗീകരിക്കണം. അധികം അറിയപ്പെടാത്ത മിഷുസ്തിന്റെ നിയമനം അപ്രതീക്ഷിതമായിരുന്നു

സുപ്രധാന ഭരണഘടനാ മാറ്റങ്ങൾക്കു പുടിൻ ശുപാർശ ചെയ്തതിനു പിന്നാലെയാണ് താനും മന്ത്രിസഭയും രാജിവയ്ക്കുന്നതായി പ്രധാനമന്ത്രി മെദ്‌വെദേവ് പ്രഖ്യാപിച്ചത്. പ്രസിഡന്റിൽ നിന്നു പാർലമെന്റിലേക്ക് അധികാരം മാറുന്ന സമഗ്ര ഭരണഘടനാ മാറ്റങ്ങൾക്കു ദേശീയ ഹിതപരിശോധന നടത്തുമെന്നു പുടിൻ പ്രഖ്യാപിച്ചിരുന്നു.

പുടിന്റെ നടപടികൾ എളുപ്പമാക്കാൻ താൻ രാജിവയ്ക്കുകയാണെന്ന് ടിവി പരിപാടിക്കിടെ അദ്ദേഹത്തെ അടുത്തിരുത്തിയായിരുന്നു ദിമിത്രിയുടെ പ്രഖ്യാപനം. ദിമിത്രിയുടെ സേവനങ്ങളെ പ്രകീർത്തിച്ച പുടിൻ, അദ്ദേഹത്തെ സുരക്ഷാ കൗൺസിൽ ഉപമേധാവിയായി നിയമിച്ചു.

20 വർഷത്തിലേറെയായി റഷ്യയുടെ അധികാരകേന്ദ്രമായി തുടരുന്ന പുടിന്റെ നിലവിലെ ഭരണകാലാവധി 2024ൽ അവസാനിക്കും.

2024 നു ശേഷവും അധികാരകേന്ദ്രമായി തുടരാനുള്ള പുടിന്റെ പദ്ധതിയുടെ ഭാഗമാണു ഭരണഘടനാമാറ്റ നീക്കമെന്നു നിരീക്ഷകർ വിലയിരുത്തുന്നു. 2 വട്ടം തുടർച്ചയായി പ്രസിഡന്റ് ആയതിനാൽ ഇനി പുടിന് ആ സ്ഥാനത്തേക്കു മത്സരിക്കാനാവില്ല. ജോസഫ് സ്റ്റാലിൻ കഴിഞ്ഞാൽ റഷ്യ ഏറ്റവും കാലം ഭരിച്ച നേതാവാണു പുടിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com