ADVERTISEMENT

വാഷിങ്ടൻ ∙ ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെ ഈ മാസം 8 ന് ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 11 പേർക്കു പരുക്കേറ്റതായി യുഎസ് സെൻട്രൽ കമാൻഡ് വെളിപ്പെടുത്തി. ചില്ലറ നാശനഷ്ടങ്ങൾ പറ്റിയതല്ലാതെ സൈനികർക്കു പരുക്കില്ലെന്നായിരുന്നു ഇതുവരെ അവരുടെ അവകാശവാദം. 

ഇറാന്റെ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ ഈ മാസം 3 നു വ്യോമാക്രമണത്തിൽ വധിച്ചതിനു പ്രതികാരമായാണ് 2 യുഎസ്  താവളങ്ങൾക്കു നേരെ ഇറാന്റെ ആക്രമണമുണ്ടായത്. ആർക്കും പരുക്കില്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും വിശദീകരണം.

അൽ അസദ് താവളത്തിലെ 11 സൈനികർക്കാണ് ആക്രമണത്തിന്റെ ആഘാതം മൂലം തലച്ചോറിനു ക്ഷതമേറ്റത്. ഇവരിൽ 8 പേരെ വിദഗ്ധ ചികിത്സയ്ക്ക് ജർമനിയിലേക്കും 3 പേരെ കുവൈത്തിലെക്കും കൊണ്ടുപോയി. ആക്രമണം നടക്കുമ്പോൾ താവളത്തിലെ 1,500 സൈനികരും ബങ്കറുകളിലായിരുന്നു. ഇതിനിടെ,  യുഎസ് സേനയുമായി ചേർന്നുള്ള പ്രവർത്തനം പുനരാരംഭിച്ചെന്ന റിപ്പോർട്ട് ഇറാഖ് നിഷേധിച്ചു.

∙ ‘വിഷം പുരട്ടിയ കത്തി പിന്നിൽ ഒളിപ്പിച്ചുവച്ച കോമാളിയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിനു നേരെ ഇറാൻ നടത്തിയ ആക്രമണം അമേരിക്കയുടെ പ്രതിച്ഛായക്കു തിരിച്ചടിയായി. മധ്യപൂർവദേശത്തു നിന്ന് യുഎസിനെ പിന്മാറാൻ നിർബന്ധിക്കുന്നതാണ് അവർക്കു നൽകാനുള്ള യഥാർഥ ശിക്ഷ.’ – ആയത്തുല്ല ഖമനയി, ഇറാൻ പരമോന്നത നേതാവ്

English Summary: US army men injured in iran attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com