ADVERTISEMENT

ഡർബൻ ∙ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധനായ കൂലിപ്പട്ടാളക്കാരൻ എന്ന വിശേഷണം ബാക്കിനിർത്തിയാണ്, ഐറിഷ് ദമ്പതികളുടെ മകനായി കൊൽക്കത്തയിൽ ജനിച്ച ‘മാഡ് മൈക്’ എന്ന മൈക്കൽ ഹോർ (100) ചരിത്രത്തിന്റെ ഭാഗമാകുന്നത്. കോംഗോയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ നടത്തിയ രക്തരൂക്ഷിതമായ ഒളിപ്പോരുകളും സെയ്‌ഷൽസിലെ പരാജയപ്പെട്ട അട്ടിമറിശ്രമവും തുടർന്ന് എയർ ഇന്ത്യ വിമാനം തട്ടിയെടുത്ത് കടന്നതുമുൾപ്പെടെ സാഹസിക ജീവിതമാണ് ‘മാഡ് മൈക്’ എന്ന പേരിനെ ലോകമെങ്ങും എത്തിച്ചത്.

ബ്രിട്ടനിലെ വിദ്യാഭ്യാസത്തിനു ശേഷം ബ്രിട്ടിഷ് സൈന്യത്തിൽ‌ അംഗമായ മൈക്കൽ ഹോർ, രണ്ടാം ലോകയുദ്ധകാലത്ത് ഇന്ത്യയിലും ബർമയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോംഗോയിലെ രാഷ്ട്രീയക്കാരനും ബിസിനസുകാരനുമായ മോസെ ഷോംബെ ആണ് 1960–61ൽ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ദൗത്യം ഏൽപിച്ചത്. 18 മാസത്തെ കോംഗോ കലാപവേളയിൽ സൈന്യത്തിലും വിമതരിലും പെട്ട നൂറുകണക്കിനു പേരെ തന്റെ ‘വൈൽഡ് ഗീസ്’ സംഘം കൊന്നൊടുക്കിയതായി ഹോർ അവകാശപ്പെട്ടിരുന്നു.

ചോരക്കൊതിയനായ ഭ്രാന്തൻ എന്ന വിശേഷണത്തിൽ നിന്നാണ് മാഡ് മൈക് എന്ന പേരു വീണത്. 1981ൽ സെയ്ഷെൽസിലെ സോഷ്യലിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ ശ്രമം പാളിയതോടെയാണ് ഹോറിന്റെ പ്രതാപത്തിനു മങ്ങലേറ്റത്. 46 പേരടങ്ങിയ സംഘവും വൻ ആയുധശേഖരവുമായി സെയ്ഷെൽസിൽ എത്തിയെങ്കിലും വിമാനത്താവളത്തിൽ തിരിച്ചറിയപ്പെട്ടതോടെ എയർ ഇന്ത്യ വിമാനം തട്ടിയെടുത്ത് ദക്ഷിണാഫ്രിക്കയിലേക്കു കടന്നു. 20 വർഷം തടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും 3 വർഷത്തിനു ശേഷം പുറത്തിറങ്ങി.

English summary: Mad Mike passes away 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com